കോവിഡ് വ്യാപനത്തിന്‍റെ നാളുകളില്‍ നോട്ടുകള്‍ ഉപയോഗിച്ചുള്ള വിനിമയം പരമാവധി കുറയ്ക്കാന്‍ എല്ലാവരും വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.

 

ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യുന്ന കറന്‍സി നോട്ടുകളിലൂടെ വൈറസ് പകരാമെന്ന ഉത്കണ്ഠയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഈ ഭീതിക്ക് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ബ്രിഗ്ഹാം യങ് സര്‍വകലാശാലയിലെ ഗവേഷകര്‍.

കറന്‍സി നോട്ടുകളില്‍ നിക്ഷേപിക്കപ്പെട്ട് വെറും അര മണിക്കൂര്‍ കഴിഞ്ഞ് പരിശോധിച്ചാല്‍ പോലും വൈറസിന്‍റെ സാന്നിധ്യം ഇതില്‍ കണ്ടെത്താനാകുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു.

ഒരു അമേരിക്കന്‍ ഡോളര്‍ ബില്‍, ക്വാര്‍ട്ടര്‍, പെന്നി, ക്രെഡിറ്റ് കാര്‍ഡ് എന്നിവയില്‍ സാര്‍സ് കോവ്-2 വൈറസ് നിക്ഷേപിച്ച ശേഷമാണ് പഠനം നടത്തിയത്.

ഈ കറന്‍സിയും നാണയത്തുട്ടുകളും കാര്‍ഡുകളും അര മണിക്കൂര്‍, നാലു മണിക്കൂര്‍, 24 മണിക്കൂര്‍, 48 മണിക്കൂര്‍ എന്നിങ്ങനെ വ്യത്യസ്ത കാലയളവിനു ശേഷം വൈറസിനായി സാംപിള്‍ പരിശോധന നടത്തി.

അരമണിക്കൂര്‍ കഴിയുമ്ബോള്‍ കറന്‍സി നോട്ടിലെ വൈറസ് സാന്നിധ്യം 99.9993 ശതമാനം കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി. 24 മണിക്കൂറും 48 മണിക്കൂറും കഴിയുമ്ബോള്‍ സജീവമായ വൈറസിനെ നോട്ടില്‍ കണ്ടെത്താന്‍ തന്നെ സാധിക്കുന്നില്ല.

അതേ സമയം ക്രെഡിറ്റ് കാര്‍ഡിലെ വൈറസ് സാന്നിധ്യം അരമണിക്കൂര്‍ കഴിയുമ്ബോള്‍ 90 ശതമാനം മാത്രമേ കുറഞ്ഞിട്ടുള്ളൂ.

നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഈ കുറവ് 99.6 ശതമാനമായും 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 99.96 ശതമാനമായും ഇത് വര്‍ധിച്ചു. 48 മണിക്കൂര്‍ കഴിയുമ്ബോഴും കാര്‍ഡുകളില്‍ സജീവമായ വൈറസിനെ കണ്ടെത്തി.

നാണയത്തുട്ടുകളിലും കാര്‍ഡുകള്‍ക്ക് സമാനമായ രീതിയിലാണ് വൈറസിന്‍റെ സാന്നിധ്യം കുറ‍ഞ്ഞത്. തുടക്കത്തില്‍ വൈറസ് സാന്നിധ്യം ഗണ്യമായി കുറഞ്ഞെങ്കിലും 24 മണിക്കൂറും 48 മണിക്കൂറുമൊക്കെ കഴിഞ്ഞ് പരിശോധിക്കുമ്ബോഴും വൈറസ് സാന്നിധ്യം കണ്ടെത്താനായി.

അമേരിക്കയിലെ ബാങ്ക് നോട്ടുകളില്‍ 75 ശതമാനം കോട്ടണും 25 ശതമാനം ലിനനുമാണ്. ഈ നോട്ടുകളില്‍ 10 ലക്ഷം സജീവ വൈറസ് കണികകളെ നിക്ഷേപിച്ചിട്ടും 24 മണിക്കൂറിന് ശേഷം അവയെ ഒന്നിനെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.

നോട്ട് മാറ്റി കാര്‍ഡ് ഉപയോഗം വ്യാപകമാക്കുന്നത് പോലെയുള്ള നിരവധി തീരുമാനങ്ങള്‍ കൃത്യമായ ഡേറ്റയുടെ പിന്‍ബലത്തോടെയല്ലാതെ ജനങ്ങള്‍ സ്വീകരിച്ചത് ഈ മഹാമാരിക്കാലത്താണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബ്രിഗ്ഹാം യങ് സര്‍വകലാശാലയിലെ റിച്ചാര്‍ഡ് റോബിന്‍സണ്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here