ചുളിവുവീണ ചര്‍മ്മവും തിളക്കമറ്റ കണ്ണുകളും നരപടര്‍ന്ന മുടിയിഴകളും തെല്ലൊന്നുമല്ല ചെറുപ്പക്കാരെ ആശങ്കപ്പെടുത്തുന്നത്. അകാലവാര്‍ധക്യം ദുഃഖകരമാണ്. അകാലാവാര്‍ധക്യത്തിന് കാരണം പലതാണ്. എന്നാല്‍ ചിട്ടയായ ജീവിത ശൈലിയിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും വാര്‍ധക്യത്തിന്റെ കടന്നുകയറ്റം ഒരുപരിധി വരെ തടയാനാകും. വാര്‍ധക്യത്തെ ദൂരെ നിര്‍ത്തി യുവത്വം നിലനിര്‍ത്താന്‍ ആയുര്‍വേദം നിര്‍ദേശിക്കുന്ന ചികിത്സകളാണ് രസായനവും, വാജീകരണവും.

ആരോഗ്യമുള്ള ശരീരത്തിനും രോഗമുള്ള ശരീരത്തിനും രണ്ട് തരം ചികിത്സാ രീതികളാണ് വേണ്ടത്. ഇന്ന് പലരും രോഗം മാറ്റാതെ, മരുന്ന് കഴിച്ചുകൊണ്ട് നിത്യരോഗികളായി കഴിയുകയാണ് ചെയ്യുന്നത്. ദിനചര്യയിലും ആഹാരത്തിലും അല്‍പം ശ്രദ്ധചെലുത്താനായാല്‍ എന്നും യുവത്വം കാത്തു സൂക്ഷിക്കാനാകും.

1. ജീവിതത്തില്‍ അടുക്കും ചിട്ടയും
അകാലവാര്‍ധക്യം അകറ്റിനിര്‍ത്താന്‍ ചിട്ടയായ ജീവിതം തന്നെയാണ് വേണ്ടത്. ദിനചര്യകളില്‍ കൃത്യത വേണം. ദിനചര്യയുടെ തുടക്കം തന്നെ ബ്രഹ്മമുഹൂര്‍ത്തത്തിലായിരിക്കണം. സൂര്യന്‍ ഉദിക്കുന്നതിനു മൂന്ന് മണിക്കൂര്‍ മുമ്പേ ഉണരണം. ഈ സമയത്ത് ഉണരുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. പ്രകൃതിയില്‍ ഊര്‍ജം അറിയാതെ ഉള്ളില്‍ നിറയും. ഉണര്‍ന്നാല്‍ അടുത്ത ഘട്ടം ശരീര ശുദ്ധിവരുത്തുക എന്നതാണ്. തലേ ദിവസം കഴിച്ച ആഹാരം ദഹിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണരാന്‍ കഴിയൂ. അല്ലെങ്കില്‍ കടുത്ത ക്ഷീണത്താന്‍ ഉണരാന്‍ കഴിയില്ല. അതായത് തലേദിവസം വൈകിട്ടത്തെ ആഹാരം ലഘുവായിരിക്കണം എന്നര്‍ഥം.

2. ദേഹശുദ്ധിവരുത്തുക
ശരീരശുദ്ധി അതിപ്രധാനമാണ്. ദന്തസംരക്ഷണം നീട്ടിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യരുത്. ദിവസവും രണ്ടു നേരം പല്ലുതേയ്ക്കുന്നത് വായില്‍ രുചി വര്‍ധിക്കുന്നതിനും ദുര്‍ഗന്ധം ഒഴിവാക്കുന്നതിനും സഹായിക്കും. കരിങ്ങാലി, വേപ്പ്, നീര്‍മരുത് എന്നിങ്ങനെ ചവര്‍പ്പും എരിവും രസങ്ങളുള്ള വൃക്ഷങ്ങളുടെ ചെറിയ കമ്പുകള്‍ ഉപയോഗിച്ച് പല്ലു തേയ്ക്കുന്നതാണ് ശരിയായ രീതി. കമ്പെടുത്ത് അഗ്രം ചതച്ച് ബ്രഷ് പോലെയാക്കി വേണം ഉപയോഗിക്കാന്‍. അങ്ങാടിക്കടകളില്‍ ഇവ ലഭ്യമാണ്. പല്ലിന്റെ ഇനാമിലിനു കേടു സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കട്ടി കൂടിയ ബ്രഷ്്, ഉപ്പ്, കരി എന്നിവ ഉപയോഗിച്ച് പല്ല് തേക്കരുത്. പല്ല് തേച്ച ശേഷം നാവ് വൃത്തിയാക്കണം. മലമൂത്ര വിസര്‍ജനത്തിന് ശേഷം എണ്ണ തേച്ച് ചെറു ചൂടുവെള്ളത്തില്‍ കുളിക്കണം. നല്ലെണ്ണയാണ് തേച്ചു കുളിക്ക് ഉത്തമം. ശിരസ്, ഉള്ളം കാല്‍, ചെവി എന്നിവിടങ്ങളിലും എണ്ണ പുരട്ടണം. തലയില്‍ ഒഴിക്കാന്‍ ചൂടാക്കാത്ത വെള്ളം മതി. ദിനചര്യയില്‍ യൗവനത്തിന് മൂന്ന് തൂണുകള്‍ ആയുര്‍വേദം പറയുന്നുണ്ട്. ആഹാരം, നിദ്ര, ബ്രഹ്മചര്യം എന്നിവയാണവ.

3. മിതമായ ഭക്ഷണം
ആഹാരം അരവയര്‍ മതി. വയര്‍ നിറയെ കഴിക്കരുത്. വിരുദ്ധാഹാരങ്ങളും ഒഴിവാക്കേണ്ടതുണ്ട്. മത്സ്യവും തൈരും, പാലും പുളിയുള്ള ആഹാരവും ഇവയെല്ലാം വിരുദ്ധാഹാരത്തില്‍ പെടും. വിരുദ്ധാഹാരത്തിന്റെ ദോഷഫലം ഉടനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ പോലും കാലക്രമേണ അത് പലവിധ രോഗങ്ങളിലേയ്ക്കും നയിക്കും. രാവിലത്തെ ഭക്ഷണം ഒന്‍പത് മണിക്കെങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കണം. അതിനു മുന്‍പ് കഴിച്ചാല്‍ അത്രയും നല്ലത്. വൈകിട്ടത്തെ ആഹാരം എട്ട് മണിക്കെങ്കിലും കഴിക്കണം. ആഹാരം കഴിച്ച് രണ്ടു മണിക്കൂര്‍ എങ്കിലും ഇടവേളയ്ക്ക് ശേഷമെ കിടക്കാവൂ.

4. നന്നായി ഉറങ്ങുക
നല്ല ഉറക്കം ശരീരത്തെ ഊര്‍ജസ്വലമാക്കുന്നു. സുഖ നിദ്ര സൗന്ദര്യത്തിനും ആരോഗ്യത്തിനും പരമപ്രധാനമാണ്. രാത്രിയില്‍ ഏറെ വൈകി ഉറങ്ങുന്നത് നല്ലതല്ല. നേരത്തെ ഉറങ്ങി നേരത്തെ തന്നെ ഉണരണം. പത്ത് മണിയോടെയെങ്കിലും ഉറങ്ങാന്‍ കിടക്കണം. രാവിലെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരുന്നത് ശീലമാക്കണം. പ്രസാദം, ലാഘവം, ബുദ്ധിക്ക് തെളിച്ചം, ശരീരപുഷ്ടി എന്നിവ നല്ല ഉറക്കത്തിലൂടെ സ്വന്തമാക്കാം. പകലുറക്കം ഒഴിവാക്കണം. രോഗികള്‍ക്കും പ്രായമായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പകലുറക്കം ആകാം. പകല്‍ ഉറക്കം കഫവര്‍ധനയ്ക്ക് കാരണമാകും.

5. ലൈംഗികത അമിതമാകരുത്
ഇരുപത് വയസു വരെ ബ്രഹ്മചര്യം എന്നാണ് ആയുര്‍വേദം അനുശാസിക്കുന്നത്. എന്നാല്‍ യൗവനത്തില്‍ ലൈംഗികത വേണമെന്നും ആയുര്‍വേദം പറയുന്നു. പക്ഷേ, ആരോഗ്യകരമായിരിക്കണം ലൈംഗികത. അമിത ലൈംഗികവേഴ്ച അനാരോഗ്യകരമാണ്. ഇത് ഓജക്ഷയത്തിനും അപാനവായൂവര്‍ധനവിനും കാരണമാകും. പതിവായുള്ള ലൈംഗികവേഴ്ച ഒഴിവാക്കണം. ലൈംഗിക വേഴ്ചയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

6. വ്യായാമം നിര്‍ബന്ധം
വ്യായാമത്തെയും മിതഭക്ഷണത്തെയും ഏറ്റവും വലിയ വൈദ്യന്മാരായി ആയുര്‍വേദം കണക്കാക്കുന്നു. ചിട്ടയായ വ്യായാമവും മിതഭക്ഷണവും ശീലിച്ചാല്‍ ജീവിതത്തില്‍ വേറെ വൈദ്യന്മാരുടെ ആവശ്യം വരില്ലെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. ശരിയായ വ്യായാമത്തിലൂടെ ശരിരത്തിന് ഉണര്‍വും ഉന്മേഷവും ലഭിക്കുന്നു. കര്‍മസാമര്‍ഥ്യം കുട്ടുന്നു. ദഹനശേഷി വര്‍ധിപ്പിക്കുന്നു. അനാവശ്യമായ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടഞ്ഞ് ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നു. വ്യായാമം ആവശ്യത്തിലധികം ആകാതെയും ശ്രദ്ധിക്കണം. വ്യായാമം കൂടുതലായാല്‍ തളര്‍ച്ച, ക്ഷയം, ശരീരം ശോഷിക്കുക, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകും.

7. തടയരുത് ശരീരവേഗങ്ങളെ
അധോവായൂ, ദാഹം, വിശപ്പ്, ഉറക്കം, ചുമ, കോട്ടുവാ, മലം, മൂത്രം, തുമ്മല്‍, കണ്ണുനീര്‍, ശുക്ലം, ഛര്‍ദി ഇവയൊന്നും തടഞ്ഞു നിര്‍ത്തരുത്. ഇവയുടെ തടഞ്ഞു നിര്‍ത്തല്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ജീവിത സാഹചര്യങ്ങളും ജോലിത്തിരക്കുകളുമാണ് ശരീരത്തിന്റെ ശരിയായ ഒഴുക്കിനെ തടഞ്ഞു നിര്‍ത്താന്‍ പലരെയും നിര്‍ബന്ധിക്കുന്നത്. ദാഹവും വിശപ്പും സഹിച്ച് വളരെ നേരമിരിക്കുന്നതും ശരിയായ ഉറങ്ങാതിരിക്കുന്നതും തെറ്റാണ്.

8. മനസ് ശാന്തമാക്കുക
മനസിനെ സാന്തമാക്കി വയ്ക്കുക. അതിനായി അനാവശ്യ ചിന്തകള്‍ മനസില്‍നിന്നും പിഴുതുകളയുകയാണ് വേണ്ടത്. തെറ്റായ മോഹം, ഈര്‍ഷ്യ, വെറുപ്പ്, നീരസം, ശത്രുത തുടങ്ങിയവ തടഞ്ഞുനിര്‍ത്തിയാല്‍ മനസിനെ ശാന്തമാക്കാം. മനസിന്റെ ആരോഗ്യത്തിന് വിവേകത്തോടെയുള്ള പ്രവൃത്തി, ധൈര്യം, ആത്മവിശ്വാസം എന്നിവ അത്യാവശ്യം വേണ്ടതാണ്. തുറന്നു മനസോടെ മറ്റുള്ളവരോട് ഇടപെടുകയും നേരിന്റെ പാത തെരഞ്ഞെടുക്കുകയും വേണം. സഹജീവികളോട് സ്‌നേഹത്തോടെയും അനുകമ്പയോടെയും പെരുമാറുക.

9. കുടയും പാദരക്ഷയും
സാധാരണയായി എല്ലാവരും കുടയും പാദരഷകളും ഉപയോഗിക്കുന്നു. എന്നാല്‍ വേണ്ട സമയത്ത് വേണ്ടത് പോലെ ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. മഴക്കാലത്ത് മഴയില്‍ നിന്ന് രക്ഷനേടാന്‍ കുട ഉപയോഗിക്കുന്നു. വേനല്‍ കാലത്ത് കുടയുടെ ഉപയോഗം മഴക്കാലത്തെ അപേക്ഷിച്ച് കുറവാണ്. മഴക്കാലത്ത് കുടയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടോ അത്രത്തോളം തന്നെ പ്രാധാന്യം വേനല്‍ കാലത്തും ഉണ്ട്. വെയില്‍, പൊടി, കാറ്റ്, മഞ്ഞ് വീഴ്ച ഇവയില്‍ നിന്നെല്ലാം കുട സംരക്ഷണം നല്‍കുന്നു. കുടയുടെ ഉപയോഗം കണ്ണുകളെ സംരക്ഷിക്കുന്നു. കാലിലെ രോഗങ്ങള്‍ തടയാന്‍ ശരിയായ പാദരക്ഷകള്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കണം. പാദത്തിന് യോജിച്ച പാദരക്ഷകള്‍ വേണം ഉപയോഗിക്കാന്‍.

10. ഇന്ദ്രീയ നിയന്ത്രണം
എന്നും യൗവനം ആഗ്രഹിക്കുന്നവര്‍ക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്ന നിത്യരസായനമാണ് സത്യം പറയുക, ദേഷ്യം ഇല്ലാതിരിക്കുക, ഇന്ദ്രീയ നിയന്ത്രണം, ശാന്ത മനസ്, സദ് വൃത്തങ്ങളോടുള്ള കൂട്ടുകൂടല്‍ എന്നിവ. രോഗ പ്രതിരോധത്തിനാണ് ആയുര്‍വേദം ഊന്നല്‍ നല്‍കുന്നത്. അതിലൂടെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. ആയുര്‍വേദം നിര്‍ദേശിക്കുന്ന ജീവിത രീതികള്‍ പിന്‍തുടര്‍ന്നാല്‍ എന്നും യുവത്വം നിലനിര്‍ത്താനാകും.

LEAVE A REPLY

Please enter your comment!
Please enter your name here