ന്യൂഡൽഹി: സ്‌ത്രീകളിലുണ്ടാകുന്ന സെർവിക്കൽ കാൻസറിനെ (ഗർഭാശയ കാൻസർ) പ്രതിരോധിക്കാൻ തദ്ദേശീയമായി വികസിപ്പിച്ച ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ ഇക്കൊല്ലം അവസാനം പുറത്തിറങ്ങും. 200-400 രൂപയ്‌ക്ക് വാക്‌സിൻ ലഭ്യമാകുമെന്ന് നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ആദ്യ ഘട്ടത്തിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് 20 കോടി ഡോസ് നിർമ്മിക്കും. പിന്നീട് കയറ്റുമതി ചെയ്യും.

 

9-14 പ്രായത്തിലുള്ള പെൺകുട്ടികളിൽ ദേശീയ വാക്‌സിനേഷൻ പരിപാടിയുടെ ഭാഗമായി വാക്‌സിൻ കുത്തിവയ്‌ക്കും. രാജ്യത്ത് 15-44 പ്രായമുള്ള സ്ത്രീകളിലാണ് ഗഭാശയ കാൻസർ കൂടുതലായി കാണുന്നത്.

 

ഗർഭാശയ കാൻസറുണ്ടാക്കുന്ന വൈറസിനെ 85-90 ശതമാനവും തടയാൻ വാക്‌സിന് കഴിയുമെന്നും 30 വർഷത്തിനുള്ളിൽ രോഗം പൂർണമായി ഇല്ലാതാക്കാമെന്നും കൊവിഡ് വർക്കിംഗ് ഗ്രൂപ്പ് അദ്ധ്യക്ഷൻ ഡോ. എൻ.കെ. അറോറ പറഞ്ഞു.ഗർഭാശയ കാൻസർ വാക്‌സിന് ആഗോള വിപണിയിൽ ക്ഷാമം നേരിട്ടിരുന്നു. തദ്ദേശീയ വാക്സിൻ വന്നതോടെ ഇന്ത്യയിലെ പെൺകുട്ടികൾക്ക് പ്രതിരോധം ഉറപ്പായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


വാക്സിൻ ഗവേഷണ-വികസന പ്രവർത്തനങ്ങൾ പൂർത്തിയായെന്നും ജനങ്ങൾക്ക് ലഭ്യമാക്കലാണ് അടുത്തഘട്ടമെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

വാക്‌സിൻ ട്രയലിൽ 2000ത്തിലേറെ സന്നദ്ധപ്രവർത്തകർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here