ശരീരം സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാതത്തിന് മുന്നോടിയായി വ്യത്യസ്തങ്ങളായ ലക്ഷണങ്ങളാണ് നല്‍കുന്നതെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അഭിപ്രായപ്പെടുന്നത്. പുരുഷന്മാരില്‍ ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന വലിയ രക്തധമനികളിലാണ് പലപ്പോഴും കൊഴുപ്പ് അടിഞ്ഞ് കൂടാറുള്ളത്. സ്ത്രീകളുടെ കാര്യത്തില്‍ ചെറിയ രക്തധമനികളിലാണ് പലപ്പോഴും കൊഴുപ്പ് അടിയുക. ഇതാണ് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത ലക്ഷണങ്ങള്‍ ഹൃദയാഘാതത്തോട് അനുബന്ധിച്ച് ഉണ്ടാകാനുള്ള ഒരു കാരണം.

ഹൃദയാഘാതത്തെ അതിജീവിച്ച 500 സ്ത്രീകളില്‍ നടത്തിയ സര്‍വേ പ്രകാരം അവരില്‍ 95 ശതമാനത്തിനും അസാധാരണമായ ശാരീരിക മാറ്റങ്ങള്‍ ഹൃദയാഘാതത്തിന് ഒരു മാസം മുന്‍പുതന്നെ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഏറ്റവും പൊതുവായ ലക്ഷണങ്ങള്‍ അമിതമായ ക്ഷീണവും തടസ്സപ്പെടുന്ന ഉറക്കവുമാണ്. നെഞ്ചു വേദനയും സമ്മര്‍ദവും രണ്ടു കൂട്ടര്‍ക്കും ഹൃദയാഘാതത്തിന് മുന്‍പ് വരാറുണ്ട്.

മനംമറിച്ചില്‍, വിയര്‍ക്കല്‍, ഛര്‍ദ്ദി, കഴുത്തിനും താടിക്കും തൊണ്ടയ്ക്കും വയറിനും വേദന എന്നിങ്ങനെയുള്ള ഹൃദയാഘാത ലക്ഷണങ്ങളൊക്കെ സ്ത്രീകളിലാണ് കൂടുതലും കണ്ടു വരുന്നത്. സ്ത്രീകള്‍ ഹൃദയാഘാതത്തിന് മുന്‍പ് ബോധരഹിതരാകാനുള്ള സാധ്യതയും അധികമാണ്. പുരുഷന്മാരില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തോള്‍ വേദന, താടിക്ക് വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാം.

നെഞ്ചിന് അസ്വസ്ഥത, ശരീരത്തിന്റെ മേല്‍ ഭാഗത്തിനു വേദനയും അസ്വസ്ഥതയും. കൈകള്‍, പുറം, കഴുത്ത്, താടി, വയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ചൂടില്ലാതെ തന്നെ പെട്ടെന്ന് വിയര്‍ക്കല്‍, മനംമറിച്ചില്‍, തലകറക്കം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യസഹായം തേടണമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here