ലണ്ടന്‍: അല്‍സ്‌ഹൈമേഴ്‌സനുള്ള മരുന്നായ ലെക്കാനെമാബിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയം. രോഗവികാസം 27 ശതമാനമായി കുറയുമെന്നാണ്‌ കണ്ടെത്തിയത്‌. രണ്ടാഴ്‌ചയില്‍ ഒന്ന്‌ വീതം 18 മാസമാണു രോഗികള്‍ക്കു കുത്തിവയ്‌പ്‌ നല്‍കിയത്‌. തലച്ചോറില്‍ അടിഞ്ഞുകൂടി ഓര്‍മനഷ്‌ടത്തിനു കാരണമാകുന്ന അമിലോയ്‌ഡിനെ നീക്കുന്നതില്‍ ലെക്കാനെമാബ്‌ വിജയമാണെന്നാണു ശാസ്‌ത്രജ്‌ഞരുടെ കണ്ടെത്തല്‍.

ജപ്പാന്‍ കമ്പനിയായ ഈസേയ്‌, യു.എസ്‌. കമ്പനിയായ ബയോജന്‍ എന്നിവയാണു ലെക്കാനെമാബിന്റെ ഉത്‌പാദകര്‍. അല്‍സ്‌ഹൈമേഴ്‌സ്‌ ആദ്യഘട്ടത്തിലുള്ള 1,795 രോഗികളിലായിരുന്നു ക്ലിനിക്കല്‍ പരീക്ഷണം. ഗവേഷണഫലം ന്യൂ ഇംഗ്ലണ്ട്‌ ജേണല്‍ ഓഫ്‌ മെഡിസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
അല്‍സ്‌ഹൈമേഴ്‌സിനു കാരണമാകുന്നത്‌ അമിലോയ്‌ഡാണെന്ന സിദ്ധാന്തത്തിനു 30 വര്‍ഷത്തിലേറെ പ്രായമുണ്ട്‌.

 

ലെക്കാനെമാബിന്റെ വിജയം ഈ നിഗമനം ശരിവയ്‌ക്കുന്നതാണ്‌. ഗവേഷണം ശരിയായ ദിശയിലാണെന്നു വ്യക്‌തമായതായി ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ്‌ ഡിമന്‍ഷ്യ റിസേര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ പ്രഫ. ജോണ്‍ ഹാര്‍ഡി പറഞ്ഞു. അസ്‌ഹൈമേഴ്‌സ്‌ രോഗത്തിനു പ്രതിവിധിയിലേക്ക്‌ അധികം ദൂരമില്ലെന്നാണു അനുകൂല ഫലങ്ങള്‍ വ്യക്‌തമാകുന്നതെന്നു ഗവേഷകനായ പ്രഫ. ബാര്‍ട്ട്‌ ഡി സ്‌ട്രൂപെറും പറഞ്ഞു. 20 വര്‍ഷം നീണ്ട പഠനമാണു വിജയത്തിലെത്തുന്നത്‌.

മരുന്നു സ്വീകരിച്ച 10 പേര്‍ക്കു തലച്ചോറില്‍ രക്‌തസ്രാവമുണ്ടായി. പാര്‍ശ്വഫലങ്ങള്‍ക്കൂടി പഠിച്ചശേഷമാകാം അന്തിമ തീരുമാനമെന്നാണ്‌ മറ്റൊരു വിഭാഗം ഗവേഷകരുടെ നിലപാട്‌.

LEAVE A REPLY

Please enter your comment!
Please enter your name here