ടൊറന്റോ: ഭാരതീയ ആരോഗ്യപ്രവര്‍ത്തകരില്‍ മികവു കാട്ടിയവരെ ആദരിക്കുന്നതിന് ഏഷ്യാനെറ്റ് ന്യൂസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ കാനഡയിലും സമ്മാനിക്കുന്നു. ഇതിനായി പ്രമുഖ സാമൂഹിക സംഘടനയായ ഒന്റാരിയോ ഹീറോസ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സര്‍വീസസുമായി ചേര്‍ന്ന് 2023 ഏപ്രില്‍ 22 ശനിയാഴ്ച ഏഷ്യാനെറ്റ് ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്‌സ് 2023 പരിപാടി ഒരുക്കും. ആരോഗ്യരംഗത്തെ മികച്ച സംഭാവനകളും കോവിഡ് കാലത്തെ സേവനങ്ങളും കണക്കിലെടുത്ത് ഏഴ് പുരസ്‌കാരങ്ങളാണ് നല്‍കുക. ബ്രാപ്ടണിലുള്ള ഗ്രാന്‍ഡ് എംപയര്‍ ബാങ്ക്വറ്റ് ഹാളില്‍ വൈകിട്ട് അഞ്ചരയ്ക്കാണ് അവാര്‍ഡ് നിശ.
മിസ്സിസാഗയില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രവിശ്യാ പാര്‍ലമെന്റംഗം ദീപക് ആനന്ദ് ആണ് അവാര്‍ഡ് നിശയുടെ പ്രഖ്യാപനം നടത്തിയത്. ഏഷ്യാനെറ്റ് സീനിയര്‍ അസോഷ്യേറ്റ് എഡിറ്റര്‍ അനില്‍ അടൂര്‍, നോര്‍ത്ത് അമേരിക്കന്‍ ഓപ്പറേഷന്‍സ് മേധാവി ഡോ. കൃഷ്ണ കിഷോര്‍ എന്നിവര്‍ ഓണ്‍ലൈനിലും പങ്കുചേര്‍ന്നു. പുരസ്‌കാരം സംബന്ധിച്ച വിശദവിവരങ്ങളും പരിഗണിക്കുന്നതിനായുള്ള മാനദണ്ഡങ്ങളും ടിക്കറ്റും ഒന്റാറിയോ ഹീറോസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
യൂത്ത് ഐക്കണ്‍ ഓഫ് ദി ഇയര്‍, കോവിഡ് വാരിയര്‍, നഴ്‌സ് ഓഫ് ദ് ഇയര്‍, ഡോക്ടര്‍ ഓഫ് ദ് ഇയര്‍, ലൈഫ് ടൈം അച്ചീവ്‌മെന്റ്, ലീഡര്‍ഷിപ്, ഹെല്‍ത്ത് കെയര്‍ ഹീറോ എന്നിവയാണ് പുരസ്‌കാരങ്ങള്‍. കാനഡയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരത്തിനായി ഏപ്രില്‍ 12 വരെ നോമിനേഷന്‍ സമര്‍പ്പിക്കാം. യോഗ്യരായവരെ നാമനിര്‍ദേശം ചെയ്യാന്‍ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അവസരമുണ്ടാകുമെന്നും ഒന്റാരിയോ ഹീറോസ് പ്രസിഡന്റും സിഇഒയുമായ പ്രവീണ്‍ വര്‍ക്കി, ഏഷ്യാനെറ്റ് ആഡ് സെയില്‍സ് ആന്‍ഡ് ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ ജിത്തു ദാമോദര്‍ എന്നിവര്‍ അറിയിച്ചു. ഏഷ്യാനെറ്റ് നിയോഗിക്കുന്ന മൂന്നംഗ സ്വതന്ത്രസമിതിയാകും പുരസ്‌കാരജേതാക്കളെ നിശ്ചയിക്കുക. നാമനിര്‍ദേശങ്ങള്‍ അയയ്‌ക്കേണ്ട വിലാസം: hcacanada@asianetnews.in