തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുളള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുളള സമയപരിധി നീട്ടി. ഈ മാസം 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഹോട്ടല്‍ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുളള സമയം നീട്ടുന്നത്.

ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വിലയിരുത്തല്‍. ശേഷിക്കുന്ന 40 ശതമാനം പേര്‍ക്ക് കൂടി ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുളള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ സമയം അനുവദിക്കുന്നത്. ഒരു വര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.

 

സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. രജിസ്‌റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുളള സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന് പരിശോധിക്കണം. പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയാന്‍ രക്തപരിശോധന അടക്കം നടത്തണം. വാക്‌സീനുകള്‍ എടുത്തിട്ടുണ്ടോ എന്നും പരിശോധിക്കും. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here