ദിവസം കൂടുംതോറും വേനല്‍ ചൂട് കടുത്തു കൊണ്ടിരിയ്ക്കുകയാണ്. പൊതുജനങ്ങള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ ചൂട് കൂടുതലായതിനാല്‍ സൂര്യതാപം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മുന്‍കരുതല്‍ അനിവാര്യമാണെന്നും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ചൂട് മൂലമുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങള്‍ക്ക് നിര്‍ബന്ധമായും ഡോക്ടറെ സമീപിച്ച് പരിഹാരം തേടേണ്ടതുമാണ്.

 

ഭക്ഷണകാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് ഇപ്പോള്‍. അതോടൊപ്പം വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. വേനല്‍ക്കാലത്ത് ശരീരം ക്രമാതീതമായി വിയര്‍ക്കുന്നതിനാല്‍ ശരീരത്തിലെ ജലാംശം കുറയുകയും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യും. അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ ശരീരം വിയര്‍പ്പ് ഉത്പാദിപ്പിക്കും. ഇത് കൂടുതല്‍ ജലവും ലവണങ്ങളും ശരീരത്തില്‍ നിന്ന് നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍ ധാരാളം വെള്ളം കുടിക്കണം. ദിവസേന രണ്ടരലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. വേനല്‍ക്കാലത്ത് ആഹാരത്തിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. കാരണം ഈ സമയത്ത് ദഹനരസങ്ങളുടെ ഉത്പാദനം കുറയുന്നതിനാല്‍ കുറച്ച് വിശപ്പേ അനുഭവപ്പെടുകയുള്ളൂ. വേനല്‍ക്കാല ഭക്ഷണം ജലാംശം കൂടുതലുള്ളതും എളുപ്പത്തില്‍ ദഹിക്കുന്നതുമാകണം.

 

ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക :

* വെള്ളം നന്നായി കുടിക്കുക. ദിവസം 15 ഗ്ലാസ് വെള്ളം കുടിക്കുക. രാവിലെ ഉണര്‍ന്നാല്‍ 2 ഗ്ലാസ് വെള്ളം കുടിക്കുന്നത്, ഉറക്കസമയത്തുണ്ടാകുന്ന ജലനഷ്ടം വഴിയുള്ള ക്ഷീണം കുറയ്ക്കും. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്. യാത്രാവേളയില്‍ ഒരുകുപ്പി ശുദ്ധജലം കരുതുന്നത് നല്ലത്.

* നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളംനിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക..

* ദിവസം 2 നേരം നിര്‍ബന്ധമായും കുളിക്കുക.

* ചൂട് പുറത്തേക്ക് പോകത്തക്കരീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.

* കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് പാര്‍ക്കുചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

* ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം. ഫാന്‍, എ.സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.

* ഇലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക. മാംസാഹാരം പരമാവധി ഒഴിവാക്കുക.

* സോഫ്റ്റ്ഡ്രിങ്ക്സ്, ചായ, കാപ്പി എന്നിവ പരമാവധി ഒഴിവാക്കുക.

* ധാതുലവണങ്ങളടങ്ങിയ കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം, സംഭാരം, നാരങ്ങാവെള്ളം, ജീരകവെള്ളം എന്നിവ ഇടയ്ക്കിടെ കുടിക്കാം.

* തൈര്, മോര് എന്നിവ ശീലമാക്കുക.

* തവിടുകളയാത്ത അരി, ഗോതമ്പ് എന്നിവ കഴിക്കാം.

* അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ചൂടുകാലത്ത് ഒഴിവാക്കണം. ഇറച്ചി, മുട്ട, വറുത്തത്, പൊരിച്ചത് എന്നിവ കുറച്ചു മാത്രം ഉപയോഗിക്കുക.

* ശരീരത്തില്‍ ചൂടു വര്‍ദ്ധിക്കുന്നതിനാല്‍ എരിവ്, പുളി, ഉപ്പ് എന്നിവ കഴിവതും കുറയ്ക്കുക.

* ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here