ന്യു ജേഴ്‌സി: കോവിഡിന് എതിരെ  യുദ്ധം ചെയ്തത് ആരോഗ്യ പ്രവർത്തകർ മാത്രമെന്നാണ്   ഇതുവരെ പൊതുവെ കരുതപ്പെട്ടത്. എന്നാൽ അങ്ങനെയല്ലെന്ന് ഡി.ജി.പി ടോമിൻ തച്ചങ്കരി. എഡിസണിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ദ്വി വർഷ കോൺഫറൻസിൽ  ഏഷ്യാനെറ്റിന്റെ ഹെൽത്കെയർ  എക്സലൻസ്  അവാർഡ് നൽകവെയാണ് പോലീസിന്റെയും ഫയർ ഫോഴ്‌സിന്റെയും പങ്ക് അദ്ദേഹം എടുത്തു പറഞ്ഞത്.

ഏതു ദുരന്തമുണ്ടായാലും മുന്നണിപ്പോരാളികൾ പോലീസും ഫയർ ഫോഴ്‌സുമാണ്. അവരെ ഏഷ്യാനെറ്റ് മറന്നുവെന്ന് അദ്ദേഹം പറഞ്ഞപ്പോൾ സദസിൽ നിന്ന് കയ്യടി ഉയർന്നു. വീടുകളിൽ ഭക്ഷണമെത്തിക്കുക, മരുന്ന് എത്തിക്കുക തുടങ്ങിവയൊക്കെ പോലീസിന്റെയും ഫയർ ഫോഴ്‌സിന്റെയും ചുമതലയായി മാറി. എന്തിന് പ്രായമുള്ളവരെ  കുളിപ്പിച്ച് കൊടുക്കുന്ന ജോലി വരെ പോലീസ് ചെയ്യേണ്ടി വന്നു. അത് പോലെ ഫയർ ഫോഴ്‌സും. അതിനാൽ ഒരു സുരക്ഷാ അവാർഡ് കൂടി  ഏഷ്യാനെറ്റ് പരിഗണിക്കുന്നത് നല്ലതാണ്-ഡി.ജി.പി തച്ചങ്കരി പറഞ്ഞു.

പോലീസിനെയും ഫയര്ഫോഴ്സിനെയും മാത്രമല്ല പാവപ്പെട്ട ജനപ്രതിനിധികളെയും ഓർക്കണമെന്ന് മോൻസ് ജോസഫ് പറഞ്ഞു. പോലീസും ഫയർ ഫോഴ്‌സുമൊക്കെ അവരുടെ ഓഫീസിൽ നിന്നാണ് കാര്യങ്ങൾ നേരിട്ടത്.  അതിനു സംവിധാനമുണ്ട്. ജനപ്രതിനിധികൾക്ക് അതൊന്നുമില്ല.   കോവിഡ് പടർന്നപ്പോൾ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ എം.എൽ.എമാർ ഹെൽപ്പ് ഡെസ്ക് തുടങ്ങി. ആളുകളെ ശുശ്രുഷിക്കാൻ ഇറങ്ങിയ തന്റെ മണ്ഡലത്തിലെ ഒരു പഞ്ചായത്ത് പ്രസിഡന്റ് കോവിഡ്  ബാധിച്ചു മരിച്ചു.

പ്രവാസികൾ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ അവരെ തിരസ്കരിക്കാൻ  ചിലരുടെ ശ്രമം  ഉണ്ടായി. എന്നാൽ പ്രവാസികൾക്ക് കരുത്ത് കൊടുത്ത് ഹോസ്പിറ്റലിലെത്തിച്ച ജനപ്രതിനിധികളെ ഏഷ്യാനെറ്റ് മറന്നു-എം.എൽ.എ യും പരിഭവം പറഞ്ഞു. എന്തായാലും രണ്ട് കൂട്ടരുടെ അവകാശവാദത്തെയും കയ്യടികളോടെയാണ് സദസ്യർ എതിരേറ്റത്.

താനും ഏഷ്യാനെറ്റും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും തച്ചങ്കരി പറഞ്ഞു. തന്നെപ്പറ്റി എന്തങ്കിലും വിവാദ വാർത്ത വന്നാൽ അത് ബ്രേക്ക് ചെയ്യുന്നത് ഏഷ്യാനെറ്റായിരിക്കും. ഞാൻ ഫോണെടുത്ത് സീനിയർ റിപ്പോർട്ടറെ വിളിച്ചു ഒരു കാര്യം പറയും. എന്റെ നല്ല ഫോട്ടോ കൊടുക്കണം. ക്ഷീണിച്ച, ഓഞ്ഞ ഫോട്ടോ ഒന്നും പാടില്ല. പിന്നെ എന്ത് വേണമെങ്കിലും കൊടുക്കാം.

ഏഷ്യാനെറ്റ് ഒന്നാമതായി നിൽക്കുന്നത്  വസ്തുതയാണ്. ഒന്നാമതായി നിൽക്കാൻ എളുപ്പമല്ല. താൻ സംഗീതം ചെയ്യുമ്പോൾ ഒന്ന് ഹിറ്റായാൽ  അടുത്തതെങ്ങനെ ഹിറ്റാക്കും  എന്നായിരിക്കും ചിന്ത. ഒന്നാമതായി എന്നും  തുടർന്ന് നിൽക്കുന്നതാണ് വിഷമം-അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് അവാർഡ്   അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യൂണിയൻ അംഗങ്ങൾക്ക് അദ്ദേഹം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here