
നാര് അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് അനിവാര്യമാണ്. സസ്യാഹാരത്തിൽ മാത്രം അടങ്ങിയിട്ടുള്ള പ്രത്യേകതരം അന്നജമാണ് നാരുകൾ അഥവാ ഫൈബറുകൾ. എങ്കിലും മറ്റ് തരം അന്നജത്തെപ്പോലെ ഗ്ളൂക്കോസായി മാറ്റപ്പെടുന്നില്ല എന്നതാണ് ഇവയുടെ മെച്ചം.
പച്ചക്കറികളിലും പഴവർഗങ്ങളിലും നാരുകൾ അടങ്ങിയിരിക്കുന്നു. ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനും ദഹനപ്രക്രിയ സുഗമമാക്കുന്നതിനും അത്യാവശ്യമാണിത്. നാരുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നവരുടെ ഹൃദയാരോഗ്യം സുരക്ഷിതമായിരിക്കും. നാരുകൾ ധാരാളമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ ജീവിതശൈലീ രോഗങ്ങളെ വലിയൊരു പരിധിവരെ പ്രതിരോധിക്കാനാകും. രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹമാണ്. കുറഞ്ഞത് ദിവസം 30 ഗ്രാം നാരുകൾ ലഭിക്കത്തക്ക വിധത്തിലാവണം ഭക്ഷണക്രമീകരണം.