
ഹിമാലയ ഉൽപ്പന്നങ്ങൾ കരൾ രോമഗുണ്ടാക്കുമെന്നും പല ഉൽപ്പന്നങ്ങളും അശാസ്ത്രീയമായി നിർമ്മിച്ചതാണെന്നും കാട്ടി എക്സിൽ പോസ്റ്റുകൾ പങ്കുവെച്ച ഡോ. സിറിയക് അബി ഫിലിപ്പിന്റെ ഐഡി സസ്‌പെൻഡ് ചെയ്ത് ബംഗളൂരു കോടതി. The Liver Doc എന്ന ഐ ഡിയാണ് കോടതി സസ്‌പെൻഡ് ചെയ്തത്. ഫാർമസ്യൂട്ടിക്കൽ, വെൽനസ് കമ്പനിയായ ഹിമാലയയും കൊച്ചി രാജഗിരി ആശുപത്രിയിലെ കരൾരോഗ വിഭാഗം മേധാവി ഡോ. സിറിയക് എബി ഫിലിപ്പും തമ്മിലെ തർക്കമാണ് കോടതി നടപടികളിലേക്ക് എത്തിയത്.
കരൾ രോഗ വിദഗ്ധനും ക്ലിനിക്കൽ ശാസ്ത്രജ്ഞനുമായ ഡോ സിറിയക് ആയുർവേദത്തെയും ഹോമിയെയും കുറിച്ച് സോഷ്യൽ മീഡിയയിൽ അതിരൂക്ഷ ഭാഷയിലുള്ള വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. ഹിമാലയ പ്രോഡക്ട് ഉപയോഗിക്കുന്നവർക്ക് കരൾ രോഗം വരുമെന്ന് കാട്ടി തുടർച്ചയായി അദ്ദേഹം എക്സിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ശരിയായ പഠനമില്ലാതെ ഹിമാലയയുടെ ഉത്പന്നങ്ങൾ തോന്നിയത്പോലെ വിപണനം ചെയ്യാൻ അനുവദിക്കരുതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിനെതിരെ ഹിമാലയ വെൽനസ് നൽകിയ മാനനഷ്ടക്കേസിലാണ് ഡോ. സിറിയക് അബി ഫിലിപ്പിന്റെ എക്സിലെ The Liver Doc എന്ന ഐഡി താൽക്കാലികമായി സസ്‌പെൻഡ് ചെയ്യാൻ ബംഗളൂരു കോടതി നിർദ്ദേശിച്ചത്.
ഹിമാലയ വെൽനസ് കമ്പനിയ്‌ക്കോ ഉൽപ്പന്നങ്ങൾക്കോ എതിരായ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഡോ. എബിയെ തടഞ്ഞുകൊണ്ടാണ് കോടതി താൽക്കാലികമായി എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. ഡോ. സിറിയക് തന്റെ അക്കൗണ്ട് പുനസ്ഥാപിക്കാനായി നിയമ പോരാട്ടം നടത്തുകയാണ്. തന്റെ വാദങ്ങൾ കേൾക്കാതെയാണ് ബംഗളൂരു കോടതി അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്നും ഈ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് അദ്ദേഹത്തിന്റെ അക്കൗണ്ട് ഇപ്പോഴും ആക്സസ് ചെയ്യാനാവും. കേസ് 2024 ജനുവരി 5 ന് വാദം കേൾക്കാനായി മാറ്റിയിരിക്കുകയാണ്.
ഡോക്ടറുടെ അപകീർത്തികരമായ പോസ്റ്റുകൾ മൂലം ഹിമാലയയുടെ ബിസിനസ് ഗണ്യമായി കുറഞ്ഞുവെന്ന് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഉദയ ഹോള കോടതിയെ അറിയിച്ചിരുന്നു. ഇത്തരം പോസ്റ്റുകൾ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനികളായ സിപ്ലയുടെയും ആൽക്കെമിന്റെയും ഉൽപ്പന്നങ്ങളെ പ്രൊമോട്ട് ചെയ്യാനാണെന്നായിരുന്നു അദ്ദേഹംത്തിന്റെ വാദം.