സുഖപ്രദമായ ഒരു മെത്തയെന്നപോലെ പാദങ്ങൾക്കു ചേർന്ന ചെരുപ്പ് ഒരാളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാരണം, ഒരു ദിവസത്തിന്റെ ഭൂരിഭാഗവും ചെരുപ്പു ധരിച്ചുകൊണ്ടാണ് അയാൾ കഴിച്ചുകൂട്ടുന്നത്. ക്രിസ്തുവിനു വളരെയേറെ വർഷങ്ങൾക്കു മുമ്പേതന്നെ തണുപ്പിലൂടെയും പാറക്കെട്ടുകളിലൂടെയും നടക്കുമ്പോൾ പാദങ്ങളെ സംരക്ഷിക്കാനായി മൃഗത്തോൽ കൊണ്ടുള്ള പാദരക്ഷകൾ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. 20—ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ റബർ, പ്ലാസ്റ്റിക്, സിന്തറ്റിക്, തുണി എന്നീ വസ്തുക്കൾ പുതിയതരം പാദരക്ഷകൾ ഉണ്ടാക്കാനായി പ്രയോഗത്തിൽ വന്നു.

ആകൃതി, ഭാരം

വിവിധതരം സ്റ്റൈലിലും ഡിസൈനിലുമുള്ള ചെരുപ്പുകളും ഷൂസുകളും ഇന്നു വിപണിയിലുണ്ട്. പാദരക്ഷകൾ വാങ്ങാൻ പോകുന്നവർ നടക്കുമ്പോൾ സൗകര്യപ്രദമാണോ, പാദങ്ങൾക്ക് അലങ്കാരമാണോ, ഏതുതരം പ്രവർത്തികളിലേർപ്പെടുമ്പോഴും വേദനയോ ഇറുക്കമോ തോന്നാത്തവയാണോ എന്നിങ്ങനെ കർശനമായ പരിശോധന നടത്തി വേണം ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാൻ.

എല്ലാവർക്കും ഒരുപോലെ ചേരുന്ന ഒരു ഷൂസ് കണ്ടുകിട്ടില്ല. ഓരോരുത്തർക്കും വ്യത്യസ്തമായ അളവും ആവശ്യവുമായിരിക്കും. കൂടാതെ ഒരാളുടെ ശരീരഭാരം, അയാൾ നടക്കുന്ന പ്രതലങ്ങൾ, അയാളുടെ പാദങ്ങളുടെ ആകൃതി എന്നിവയെല്ലാം കണക്കിലെടുത്തുവേണം പാദരക്ഷകൾ നിർമിക്കാൻ.

പല വസ്തുക്കൾ കൊണ്ടും പാദരക്ഷകൾ നിർമിക്കാം.

1. ലെതർ (മൃഗത്തോൽ), പന്നി, ആട്ടിൻകുട്ടി, ചീങ്കണ്ണി, ഒട്ടകപ്പക്ഷി, തിമിംഗലം, പല്ലി എന്നിവയിൽ നിന്നെടുക്കുന്ന തോൽ. 2. പ്ലാസ്റ്റിക്. 3. റബർ 4. തുണിത്തരങ്ങൾ. 5. മരം. 6. ചണം. 7. ചിലതരം ലോഹങ്ങൾ. 8. പെട്രോ കെമിക്കലിൽ നിന്ന് ഉരുത്തിരിഞ്ഞ വസ്തുക്കൾ— ഇവയെല്ലാം ഉദാഹരണം.

ഇന്ന് വിവിധതരം പാദരക്ഷകൾ വിപണിയിൽ ലഭ്യമാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

ബൂട്ട്സ്: പാദം മുഴുവനും കണങ്കാലും കാൽമുട്ടുവരെയും മറയ്ക്കുന്ന പാദരക്ഷയാണിത്. തോൽ അല്ലെങ്കിൽ റബർ കൊണ്ടു നിർമിക്കുന്നു.

അത്്ലറ്റിക് ഷൂസ്: വിവിധതരം സ്പോർട്സിലെ കളിക്കാർക്കു വേണ്ടി ഡിസൈൻ ചെയ്യുന്നതാണിവ. ഓടുമ്പോൾ തറയുമായുള്ള ഘർഷണം കൂട്ടുന്ന രീതിയിലുള്ള സോളിൽ ലോഹം കൊണ്ടുണ്ടാക്കിയ കുന്തമുനകൾ വഴുതിവീഴാതിരിക്കാൻ സഹായിക്കുന്നു. വ്യായാമത്തിനായി ഓടുമ്പോഴും ജോഗിങ് ചെയ്യുമ്പോഴും ഇത്തരം ഷൂസാണു നല്ലത്.

സ്കൂൾ ഷൂസ്: ശരിയായ രീതിയിൽ പാകമായ ഷൂസ് വേണം സ്കൂളിലേക്കു തിരഞ്ഞെടുക്കാൻ. ഓടാനും വ്യായാമത്തിനുമായി ഷൂസ് ധരിക്കുമ്പോൾ സോക്സ് ഉള്ളിൽ ധരിക്കുന്നത് നല്ലതാണ്. സ്കൂൾ ഷൂസ് പ്ലാസ്റ്റിക്, റബർ, കാൻവാസ് എന്നിവയാൽ നിർമിക്കാം.

സാൻഡൽസ്: ചിലതരം ഡാൻസുകൾക്ക് വേണ്ടി പ്രത്യേക രീതിയിലുള്ള സാൻഡൽസ് നിർമിക്കാറുണ്ട്. ഔപചാരികമായ സന്ദർഭങ്ങളിൽ ധരിക്കാനും സാമൂഹ്യമായി നടത്തുന്ന യാത്രകളിൽ ധരിക്കാനും അഞ്ചു സെന്റീമീറ്ററോ അതിലും കൂടുതലോ ഉള്ള ഹീൽ ഘടിപ്പിച്ചിട്ടുള്ള സാൻഡൽസും ലഭ്യമാണ്.

സ്ലിപ്പേഴ്സ്: വള്ളിച്ചെരുപ്പ് എന്നറിയപ്പെടുന്നു. ചപ്പൽ എന്നും ഇതിനെ വിളിക്കുന്നു. കാഷ്വലായിട്ട് ധരിക്കാം. ഹീലിനു പിറകിൽ വള്ളിയില്ലാത്ത ബാക്ലെസ് ചെരുപ്പുകളാണിവ.

പ്രത്യേക പാദരക്ഷകൾ: പ്രമേഹം പോലുള്ള അസുഖമുള്ളവർ ധരിക്കാൻ ഡോക്ടർമാർ പ്രത്യേകം നിർദേശിക്കുന്ന ഡയബറ്റിക് ഷൂസുകൾ, പാദം, കണങ്കാൽ എന്നിവിടങ്ങളിലെ പ്രശ്നങ്ങൾക്ക് നിർദേശിക്കപ്പെടുന്ന ഓർതോപീഡിക് ഷൂസ് എന്നിവ.

footwear2

വാങ്ങുമ്പോൾ

നടക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ശരിയായ പാകത്തിലുള്ള ചെരുപ്പല്ലെങ്കിൽ വേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്. വാങ്ങുന്നതിനു മുമ്പ് ഷൂസ്, ചെരുപ്പ് ധരിച്ചു ട്രയൽ (പരീക്ഷണം) ചെയ്യുന്നത് ഉചിതമായിരിക്കും. ഒരു ദിവസത്തിൽ വൈകുന്നേരമാകുമ്പോഴാണു പാദങ്ങൾ പകൽ മുഴുവനുള്ള ഓട്ടപ്പാച്ചിലിനുശേഷം ചെറിയ തോതിൽ കൂടുതൽ വലുപ്പം വയ്ക്കുന്നത്. അതുകൊണ്ട് വൈകുന്നേരം ചെരുപ്പു പരീക്ഷിക്കുന്നതാണു നല്ലത്. എഴുന്നേറ്റു നിന്നു കൊണ്ടു വേണം ഷൂസ് ധരിച്ചു പാകം നോക്കാൻ. പാദത്തിലെ ഏറ്റവും നീളം കൂടിയ വിരലിനു മുമ്പിലും പാദത്തിന്റെ പുറകിലും ഏതാണ്ട് അരയിഞ്ച് അകലം കൂടുതൽ വേണം. വശങ്ങളിൽ ഒരു തള്ളവിരൽ കടത്താനുള്ളത്ര വിടവുണ്ടാകണം. കാൽ വിരലുകൾ അനക്കാൻ സാധിക്കണം. മിക്കവരുടെയും ഇരുപാദങ്ങൾ തമ്മിൽ വലുപ്പവ്യത്യാസം ഉണ്ടാകും എന്നതിനാൽ രണ്ടു കാലിലും ഷൂസിട്ടുവേണം നിന്നും നടന്നും പരീക്ഷിക്കാൻ. വലിയ പാദത്തിന്റെ പാകത്തിനു വേണം ചെരിപ്പു തിരഞ്ഞെടുക്കാൻ. ചിലരുടെ പാദം കൂടുതലായി തറയിൽ അമർന്നിരിക്കും. ചിലർക്ക് ഉള്ളംകാലിലെ വളവ് കൂടുതൽ ഉയർന്നിരിക്കും. ഈ വ്യത്യാസങ്ങൾക്കനുസരിച്ചു ഷൂസിനകത്തെ കുഷന്റെ ഘടനയിലും മാറ്റം വേണം. പ്രായം കൂടുന്തോറും പാദം, കണങ്കാൽ, ഉള്ളം കാലിലെ വളവ് എന്നിവയ്ക്കു നീളം, മുറുക്കം, ഉയരം എന്നിവയിൽ മാറ്റങ്ങൾ വരുന്നതിനനുസരിച്ചു പാദരക്ഷകൾ മാറ്റേണ്ടി വരും. ഓട്ടത്തിന് ഉപയോഗിക്കുന്ന ഷൂസ് 400 മുതൽ 600 മൈൽ ഓടാനേ ഉപയോഗിക്കാവൂ. അത്രയുമായാൽ ഷൂസ് മാറാം. നടപ്പിനായി ഷൂസുപയോഗിക്കുന്നവർ ആറു മാസത്തിലൊരിക്കൽ മാറ്റാം.

ദിവസവും ചെരുപ്പ്, ഷൂസ് മാറി മാറി ഉപയോഗിക്കുന്നത് പാദത്തിന്റെ ആകൃതിയിൽ മാറ്റം വരുത്താനും തന്മൂലം ശരീരഭാരത്തിന്റെ ലോഡ് സന്ധികളിലും പേശികളിലും ശരിയായ രീതിയിൽ ക്രമപ്പെടുത്താനും ഗുണകരമാണ്. ദിവസം മുഴുവൻ ഉപയോഗിച്ച ഷൂസ് ഉണങ്ങിക്കിട്ടാനും അതിനുള്ളിൽ വിയർപ്പും ഈർപ്പവും തങ്ങിനിന്നു ബാക്ടീരിയ വളരാതിരിക്കാനും ചെരുപ്പുകൾ മാറിമാറി ഉപയോഗിക്കണം. പാദരക്ഷകളുടെ നിർമാണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നിർമാതാക്കൾ എഎസ്ഒെ പോലുള്ള നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കണം.

ഹൈ ഹീൽഡ് ഷൂസുകൾ ധരിക്കുന്നത് ഇന്നു ഫാഷനായി മാറിയിരിക്കുന്നു. എന്നാൽ പൊങ്ങിയ ഹീലുള്ള ചെരുപ്പുകൾ ധരിക്കുമ്പോൾ പാദത്തിനു മാത്രമല്ല ശരീരത്തിനു മുഴുവനും ക്ഷയം (മർദം) ഏൽപിക്കുന്നതായി കാണുന്നു. തഴമ്പ്, ആണിരോഗം എന്നിവ ഉണ്ടാകാനും ഇടയുണ്ട്. ഹൈ ഹീൽഡ് ഷൂസ് പാദത്തിനെ ഒരു അസ്വാഭാവികമായ രീതിയിൽ വളച്ചുനിർത്തുന്നതു കൊണ്ടു പാദങ്ങൾ മാത്രമല്ല നമ്മുടെ നിൽപ്തന്നെ തകരാറിലാകാം. നടുവേദനയ്ക്കും സാധ്യതയുണ്ടാകാം.

LEAVE A REPLY

Please enter your comment!
Please enter your name here