സ്വീഡനിലെ ഉമിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ‌ അടുത്തയിടെ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തി. പങ്കാളികളിൽ ഒരാളെങ്കിലും 45 മിനിട്ടിലേറെ ദിവസവും യാത്ര ചെയ്യുന്നയാളാണെങ്കിൽ അവരിൽ വിവാഹമോചനം നടക്കാൻ 40 ശതമാനത്തിലേറെ സാധ്യതയുണ്ടത്രെ.

എന്താണ് ഈ വിചിത്രമായ സംഭവത്തിന്റെ കൃത്യമായ കാരണമെന്നു ചൂണ്ടിക്കാണിക്കാൻ ഗവേഷകർക്കു സാധിച്ചിട്ടില്ല. എങ്കിലും ജോലിഭാരത്തോടൊപ്പം ദീർഘയാത്രയുടെ ദുരിതങ്ങളും ചേർന്ന് ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകളെ വഷളാക്കുന്നതോ പങ്കാളിയുമായി ആനന്ദകരമായി പങ്കിടാകാൻ സമയം ലഭിക്കാത്തതോ ആകാമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

വിവാഹമോചനത്തിന് സാധ്യത കൂട്ടിയാലും ഇല്ലെങ്കിലും ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള പതിവുയാത്രകൾ മിക്കവർക്കും ഒരു ബുദ്ധിമുട്ടു തന്നെയാണ്. അതിരാവിലെ എഴുന്നേറ്റ് പണികൾ ഒതുക്കി ബസ്സിലോ ട്രെയിനിലോ കയറി പൊടിയും വെയിലും കൊണ്ട് ട്രാഫിക് ബ്ലോക്കിന്റെ മടുപ്പുമേറ്റ് ഒാടിക്കിതച്ച് ജോലിക്കു കയറുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം ഒാഫിസ് ജോലിക്കാരും.

യാത്ര കാരണം വ്യായാമം കുറയുന്നു, മിക്കവർക്കും രാവിലെ വ്യായാമം ചെയ്യാൻ കൂടി സമയം തികയില്ല. വൈകിട്ട് ക്ഷീണം. സമയക്കുറവു കൊണ്ട് പലപ്പോഴും ഫാസ്റ്റ് ഫൂഡിനെ ആശ്രയിക്കേണ്ടതായും വരും. തിരക്കുമൂലമുള്ള മാനികസംഘർഷം വേറെ. ചുരുക്കി പറഞ്ഞാൽ ദിനം പ്രതിയുള്ള യാത്രകൾ ഒരാളെ അനാരോഗ്യകരമായ ജീവിതശൈലിയിലേക്കും അതിനനുബന്ധമായ രോഗങ്ങളിലേക്കും തള്ളിവിടുന്നു.

അമിതവണ്ണവും കഴുത്തു വേദനയും

യാത്രകളും ആരോഗ്യവുമായി ബന്ധപ്പെട്ടു നടത്തിയ ഗവേഷണങ്ങളെല്ലാം തന്നെ സ്ഥി‌രം ദീർഘദൂരയാത്രകൾ ആരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിലാണ് എത്തിയിട്ടുള്ളത്. അവ തൊഴിൽ-കടുംബന്ധങ്ങളിൽ ധാരാളം വെല്ലുവിളികൾ സൃഷ്ടിക്കുന്നതായും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അമിത മാനസിക സംഘർഷം, ഒന്നിലും ശ്രദ്ധിക്കാനാവാതെ വരിക തുടങ്ങി കഴുത്തുവേദന, അമിതവണ്ണം, ഉറക്കക്കുറവ്, നടുവേദന, ഹൃദയപ്രശ്നങ്ങൾ, ഉയർന്ന ബിപി എന്നിങ്ങനെ പോകുന്നു യാത്ര സൃഷ്ടിക്കുന്ന ശാരീരികപ്രശ്നങ്ങൾ. യാത്ര മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ ഗൗരവമായി എടുക്കുന്നതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിൽ യാത്രയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ പഠിക്കാനായി ട്രാവൽ ഹെൽത് എന്ന പ്രത്യേകവിഭാഗം തന്നെയുണ്ട്.

കേരളത്തിലെ 25നും 55നും ഇടയിൽ പ്രായമുള്ള ഏണിങ് പോപ്പുലേഷനിൽ പെട്ടവരിൽ ഭൂരിഭാഗവും യാത്ര ചെയ്തു ജോലിക്കു പോകുന്നവരാണ്. ഇവരെയൊക്കെ വെറുതെ പേടിപ്പിക്കാനല്ല യാത്രയുടെ പ്രശ്നങ്ങളെക്കുറിച്ച് ആദ്യം പരാമർശിച്ചത്. അശ്രദ്ധമായ യാത്രകളുടെ ആരോഗ്യപ്രത്യാഘാതങ്ങളെ കുറിച്ചും യാത്രകളെ കൂടുതൽ ആരോഗ്യകരവും ആയാസരഹിതവുമാക്കി തീർക്കാനുള്ള നിർദേശങ്ങളെ കുറിച്ചും സൂചിപ്പിക്കാനാണ്. യാത്രയുടെ ദോഷഫലങ്ങൾ പതുക്കെ മാത്രമേ ശരീരത്തിൽ കുന്നുകൂടുകയുള്ളു. അവ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചു യാത്ര ചെയ്താൽ ദൈനംദിനയാത്ര ഒരിക്കലും അനാരോഗ്യകരമാകില്ല.

backpain

തോൾ വേദനയും കഴുത്തു വേദനയും കുറയ്ക്കാം

വണ്ടിയിൽ വളഞ്ഞും ഒടിഞ്ഞും തിങ്ങിയിരുന്നും യാത്ര ചെയ്യുന്നത് ശരീരവേദനകൾക്ക് ഇടയാക്കും. പ്രത്യേകിച്ച് തോൾ-കഴുത്ത് വേദനയ്ക്ക്. ഇതു തടയാൻ പതിവായി ചിലലഘു വ്യായാമങ്ങൾ ചെയ്യാണം.

ഏറെനേരം കമ്പിയിൽ തൂങ്ങിനിന്നാൽ കൈക്കും തോളിനും വേദനതുടങ്ങും. ഇടയ്ക്ക് കൈ താഴ്ത്തി തോളുകൾ വട്ടം കറക്കുന്നത് തോളിന്റെ പിൻഭാഗത്തെ പേശികൾക്ക് അയവു നൽകും.

കാർ ഡ്രൈവ് ചെയ്യുന്നവരിലെ കഴുത്തുവേദന ലഘുകരിക്കാൻ ചുമൽ കൂച്ചുന്നതു പോലെ തോൾ ചെവിയിൽ മുട്ടുംവരെ ഉയർത്തുക, താഴ്ത്തുക. ഇതിനു പ്രത്യേക സമയമൊന്നും വേണ്ട, ഗ്രാഫിക് സിഗ്നലൽ കാത്തുകിടക്കുന്ന നേരം മതി.

ഏറെ നേരം ഒരേ ഇരിപ്പിരിക്കുന്നതുമൂലം കാലുകൾക്കുണ്ടാകാവുന്ന കോച്ചിപ്പിടുത്തം കുറയ്ക്കാൻ കാൽവിരലുകൾ തറയിൽ അമർത്തി വച്ച് ഉപ്പൂറ്റി ഉയർത്തുക. അടുത്തതായി ഉപ്പൂറ്റി തറയിൽ പതിപ്പിച്ചു വച്ച് കാൽവിരലുകൾ ഉയർത്താം. ഈ വ്യായാമങ്ങൾ കാലിലേക്കുള്ള രക്തപ്രവാഹത്തെ ഊർജിതമാക്കും.

കാറിലെ സീറ്റിന്റെ ഏറ്റവും താഴ്ഭാഗത്തുള്ള ചരിവ് ആണ് നമ്മൾ ഇരിക്കുമ്പോൾ കാലുകളും നട്ടെല്ലിനു താഴ്ഭാഗവും തമ്മിലുള്ള കോൺ നിശ്ചയിക്കുന്നത്. ഈ കോൺ 90 ഡിഗ്രിയിൽ കൂടുതലോ കുറവോ ആകുന്നതാണ് ആരോഗ്യകരം. അതിനാൽ സീറ്റ് ഒരുപാട് പിന്നോട്ടുതള്ളിവച്ച് ഇരിക്കുന്നത് ആരോഗ്യകരമല്ല. റോഡു കാണാൻ കഴുത്തുവല്ലതെ നീട്ടി നോക്കേണ്ടിവരും. ഇത് കഴുത്തിലെ പേശികൾക്ക് ആയാസവും വേദനയുമുണ്ടാക്കും. ഇരിക്കുമ്പോൾ എപ്പോഴും ചെവികളും തോളും നേർരേഖയിൽ ആയിരിക്കാൻ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങളൊക്കെ ഒഴിവാക്കാം.

വണ്ടിയിൽ കയറുമ്പോഴും ഒന്നു ശ്രദ്ധിക്കണം. ഒരു കാലു വച്ച്് കുനിഞ്ഞ് കയറുന്ന രീതി നല്ലതല്ല. പകരം ഡ്രൈവറുടെ സീറ്റിനു നേരേ പുറംതിരിയുക. ഇനി ഇരുന്ന് കാൽ രണ്ടും അകത്തേക്കെടുക്കുക. ഇത് നട്ടെല്ലിന് ഒട്ടും ആയാസമില്ലാതിരിക്കാൻ സഹായിക്കും.

പെഡലിന് ഒരുപാട് ചേർ‍ത്ത് കാൽമുട്ടുവയ്ക്കരുത്. ഇങ്ങനെ മുട്ടുതിങ്ങിയിരുന്നാൽ ഇടുപ്പിലേക്കുള്ള പേശികൾക്ക് വേദന വരാം. കുറച്ചു നീങ്ങി ഇരിക്കുന്നതാണ് നല്ലത്.

ഒരുപാട് നേരം ഇരുന്നു യാത്ര ചെയ്തിട്ട് നേരേ സീറ്റിലിരുന്ന് ജോലി തുടങ്ങുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യും. കാർ യാത്രികർക്ക് വണ്ടി ദൂരെ പാർക്ക് ചെയ്ത് നടന്ന് ഒാഫിസിലെത്താം. ഇല്ലെങ്കിൽ ഒരു സ്റ്റോപ്പ് മുന്നേയിറങ്ങി നടക്കാം.

driving

വണ്ടി ഒാടിക്കുമ്പോൾ പാൻറ്സിന്റെ പോക്കറ്റിൽ പഴ്സ് സൂക്ഷിക്കരുത്. ഇടുപ്പിന്റെ ഒരു ഭാഗം മാത്രം ഉയർന്നിരിക്കുന്നത് നട്ടെല്ലിന് ആയാസമുണ്ടാകും.

നട്ടെല്ലിന്റെ സ്വാഭാവിക വളവ് നിലനിർത്തായി സീറ്റിന്റെ ചാരുന്ന ഭാഗത്ത് കുഷ്യൻ വയ്ക്കുക.

വണ്ടിയിലിരിക്കുമ്പോൾ ജനൽ ഒന്നുകിൽ പൂർണമായി തുറന്നുവയ്ക്കുക, അല്ലെങ്കിൽ അടയ്ക്കുക. നേരിയ വിടവിലൂടെ ശക്തിയായി വരുന്ന കാറ്റ് ഏൽക്കുന്നത് കഴുത്തിനു വേദനയും പിടുത്തവും ഉണ്ടാക്കും.

സൂരക്ഷയ്ക്ക് ഹെൽമെറ്റും സീറ്റ് ബെൽറ്റും

പതിവു യാത്രകളിൽ അപകടങ്ങൾ പുത്തരിയല്ല. വണ്ടിയിടിക്കുമ്പോൾ പുറത്തേക്കു തെറിച്ചുവീഴുന്നതും തലയിടിക്കുന്നതുമൊക്കെയാണ് പരിക്കുകൾക്ക് പ്രധാനകാരണം. കാർ-ബൈക്ക് പോലുള്ള ചെറുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴാണ് ഇത്തരം ആഘാതങ്ങൾക്ക് കൂടുതൽ സാധ്യത. കാറിൽ സീറ്റ് ബെൽറ്റും എയർബാഗും ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റും നിർദേശിച്ചിരിക്കുന്നത് യാത്രികരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ്. ചെറിയ ദൂരത്തേക്കുള്ള യാത്രയാണെങ്കിൽ പോലും ഇവ നിർബന്ധമായും ധരിക്കണം. കാർ ഇടിച്ചുണ്ടാകുന്ന അപകടങ്ങളിൽ സീറ്റിൽ നിന്നും തെറിച്ചു പോകാതിരിക്കാനും മുഖവും തലയും അതിശക്തമായി മുന്നോട്ടാഞ്ഞ് ഇടിക്കാതെയും (വിപ്ലാഷ് ഇൻജുറി) സീറ്റിൽ തന്നെ ആയിരിക്കാൻ സീറ്റ് ബെൽറ്റ് സഹായിക്കും. സീറ്റ് ബെൽറ്റിനൊപ്പം എയർബാഗും കൂടി ഉപയോഗിച്ചാൽ സൂരക്ഷിതത്വം ഇരട്ടിയായി. തോളെല്ലിനും വാരിയെല്ലിനും ഇടയിലായി വേണം സീറ്റ് ബെൽറ്റിന്റെ തോൾ സ്ട്രാപ് വരേണ്ടത്. ഇടുപ്പിനു കുറുകെ തന്നെ ലാപ് ബെൽറ്റ് കിടക്കണം. വയറിനു മേലായി പോകരുത്.

ഇരുചക്രവാഹങ്ങൾക്കുണ്ടാകുന്ന അപകടങ്ങളിൽ ശരീരത്തിലെ മർമപ്രധാന ഭാഗമായ തലയ്ക്കു പരിക്കേൽക്കാതെ സംരക്ഷിക്കാനാണ് ഹെൽമെറ്റ്. മുടി പോകും വിയർപ്പു കെട്ടിക്കിടന്ന് താരനും പനിയും വരും എന്നൊക്കെ കുറ്റം പറയുമെങ്കിലും തല പോകാതിരിക്കണമെങ്കിൽ ഇതു ധരിക്കുക തന്നെ വേണം. തലയിൽ സ്കാർഫ് ചുറ്റി അതിനുമേലേ ഹെൽമെറ്റു വച്ചും ശരിയായി ഹെൽമെറ്റ് ഉണക്കി സൂക്ഷിച്ചുമൊക്കെ താരതമ്യേന ചെറുതായ പ്രശ്നങ്ങളെയൊക്കെ ശരിയാക്കാവുന്നതേയുള്ളു.

ഛർദി (മോഷൻ സിക്നെസ്സ്)

omitting

ഛർദി പേടിച്ചാണ് പലരും യാത്രകൾ ഒഴിവാക്കുന്നത്. ചിലർക്ക് യാത്രതുടങ്ങി കുറച്ചു കഴിഞ്ഞാണ് ഛർദി തുടങ്ങുന്നത്. വണ്ടിയിൽ കാലുകുത്തുമ്പോഴേ ഛർദിച്ചു തുടങ്ങുന്നവരുമുണ്ട്. ആവർത്തിച്ചുള്ള ചലനങ്ങൾ മൂലം ആന്തരകർണത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഛർദിക്കു കാരണമാകുന്നത്. ആന്തരകർണത്തിലെ ശരീര സന്തുലനാവസ്ഥയുമായി ബന്ധപ്പെട്ട വെസ്റ്റിബ്യുലർ സിസ്റ്റം നൽകുന്ന വിവരങ്ങളും കണ്ണും നേരിട്ടു കാണുന്നവയും തമ്മിലുള്ള പൊരുത്തക്കേടുകൾ തലച്ചോറിൽ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിന്റെ ഫലമാണ് ഛർദി. അതുകൊണ്ടു തന്നെ യാത്രയിൽ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛർദിക്കാതിരിക്കാൻ സഹായിക്കുന്നതായി കാണാറുണ്ട്. ഇത് ഇന്ദ്രിയങ്ങളിൽ നിന്നുള്ള വാർത്തകൾ കുറച്ച് തലച്ചോറിന്റെ കൺഫ്യൂഷൻ കുറയ്ക്കും.

സഞ്ചരിക്കുന്നത് ഏതു ദിശയിലാണോ അതിനു പിന്നോട്ടു തിരിഞ്ഞിരിക്കാതിരിക്കുക.

വണ്ടിയിൽ അധികം കുലുക്കമില്ലാത്ത ഭാഗത്തായി ഇരിക്കുക. കാറിലാണെങ്കിൽ മുൻസീറ്റിൽ ഇരിക്കാം. ബസ്സിൽ മധ്യ ഭാഗത്തായി ഇരിക്കാം.

മോഷൻ സിക്നെസ്സ് ഉള്ളവർ യാത്രയ്ക്കിടയിൽ വായിക്കരുത്.

ഏതെങ്കിലും ഒരു ബിന്ദുവിൽ മാത്രം(ചക്രവാളത്തിലേക്കാകാം) നോട്ടമുറപ്പിച്ച് ഇരിക്കുന്നത് ഗുണകരമാണ്. വണ്ടിയുടെ ജനലുകൾ തുറന്നവച്ച് ഇരിക്കുന്നത് ശുദ്ധവായു ലഭിക്കാനും സഹായിക്കും.

കഴിവതും ഛർദിക്കുന്നവരുടെ അടുത്തിരിക്കരുത്. ഛർദിയെക്കുറിച്ചുള്ള സംസാരവും ഒഴിവാക്കണം.

മനസ്സിനു പിടിക്കാത്ത ഭക്ഷണമോ പാനീയമോ യാത്രയ്ക്കു മുമ്പ് കഴിക്കരുത്. പ്രത്യേകിച്ച് മദ്യം‌. യാത്രയ്ക്കു മുമ്പേ വയറുപൊട്ടുമാറുള്ള ഭക്ഷണവും ഒഴിവാക്കണം. ചെറിയ യാത്രകളിൽ വണ്ടിയിലിരുന്ന് ഭക്ഷണം കഴിക്കരുത്. മണിക്കൂറുകൾ എടുക്കുന്നയാത്രയിൽ ചെറിയ അളവിൽ ഇടയ്ക്കിടെ കഴിക്കുക.

ആന്തരകർണത്തിലെ നാഡികളെ ശാന്തമാക്കാനോ തലച്ചോറിലെ ഛർദിയുമായി ബന്ധപ്പെട്ട കേന്ദ്രത്തെ സുഖമാക്കാനോ ഉള്ള മരുന്നുകൾ (ഉദാഹരണം-അവോമിൻ) ഏറെ പ്രയോജനപ്രദമാണ്. ഇവ യാത്രയ്ക്ക് അര മണിക്കൂർ മുമ്പേ കഴിച്ചാലേ ഗുണം ചെയ്യൂ.

സീറ്റിൽ പത്രം മടക്കിവച്ച് അതിനു മേലേ ഇരുന്നു യാത്ര ചെയ്യുന്നതും ഇഞ്ചിനീരു കുടിക്കുന്നതും ഇഞ്ചി മിഠായി ചവയ്ക്കാവുന്നതുമാണ്. അത് ചിലരിൽ ഫലം നൽകാറുണ്ട്.

സമ്മർദമകറ്റാൻ വഴികൾ

ശാരീരിക പ്രയാസങ്ങളേക്കാൾ വലുതാണ് യാത്ര സൃഷ്ടിക്കുന്ന മാനസികസംഘർഷം. 24 മണിക്കൂറിൽ ഒരു നല്ല ഭാഗം സമയം യാത്രയും അതിനുവേണ്ട തയാറെടുപ്പുകളും അപഹരിക്കും. കുടുംബത്തിന്റെയും കുട്ടികളുടെയും ഉത്തരവാദിത്തങ്ങളോടൊപ്പം സമയനഷ്ടം മൂലമുള്ള സംഘർഷവും ചേർന്ന് സൃഷ്ടി‌ക്കുന്ന പിരിമുറുക്കം ചില്ലറയല്ല. ബ്രൗൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ തോമസ് ജയിംസ് ക്രിസ്റ്റ്യൻ രസകരമായ ഒരു കണക്ക് പറയുന്നുണ്ട്. ഒരു മിനിറ്റ് യാത്ര കൊണ്ട് 0.0257 മിനിറ്റ് വ്യായാമസമയം കുറയുന്നു, പാചകത്തിനു 0.0387 മിനിറ്റ് കുറയുന്നു, ഉറങ്ങാനുള്ള സമയത്തിൽ നിന്ന് 0.2205 മിനിറ്റ് നഷ്ടമാകുന്നു. സമയ സമ്മർദം മുലമുള്ള പിരിമുറുക്കം ഒരുതരം ഫ്ളൈറ്റ് റെസ്പോൺസ് (ഒാടിരക്ഷപെടാനുള്ള പ്രതികരണം) സൃഷ്ടിക്കുന്നുണ്ട്. അതനെ തുടർന്ന് ധാരാളം എമർജൻസി ഹോർമോണുകളും പ്രവഹിക്കും. ഇതൊക്കെ പതിവാകുമ്പോൾ ഭാവിയിൽ അമിത രക്ത സമ്മർദം, ഉറക്ക പ്രശ്നങ്ങൾ മുതലായവയ്ക്ക് കാരണമാകുന്നു.

തലേന്നു രാത്രി തന്നെ കഴിയുന്നത്ര ജോലികൾ ചെയ്തു വയ്ക്കുക. പിറ്റേന്നിടേണ്ട വസ്ത്രങ്ങൾ ഇസ്തിരിയിടാം. സാരിയാണെങ്കിൽ ഞൊറിവുകൾ എടുത്തുവയ്ക്കാം. കുട്ടികളുടെ സ്കൂൾ ബാഗ് റെഡിയാക്കാം. ലഞ്ച് ബോക്സുകൾ കഴുകിവയ്ക്കാം. ഇതൊക്കെ പ്രഭാതത്തിലെ ഒാട്ടപ്പാച്ചിൽ കുറയ്ക്കും.

സാൻഡ്വിച്ചോ ബ്രഡോ ആപ്പിളോ പോലെ റെഡി ടു ഈറ്റ് പ്രാതൽ കരുതുക. രാവിലെ പ്രാതലിനു സമയമില്ലെങ്കിൽ യാത്രയിലോ ഒാഫിസിലെത്തിയോ കഴിക്കാം.

ഒാഫിസ് സമയത്തിന് അ‍ഞ്ച്-എടു മിനിറ്റു മുമ്പേ എത്താവുന്ന വിധം ഇറങ്ങുക. അപ്രതീക്ഷിതമായ താമസങ്ങൾ വന്നാലും കൃത്യസമയത്ത് എത്താനാകും.

സൗഹൃദങ്ങൾ കൂട്ടിന്

friendship-travel

10 മിനിറ്റ് നേരം യാത്ര ചെയ്യുന്നതു മൂലം ഒരാൾക്ക് നഷ്ടമാകുന്നത് 10 ശതമാനം സുഹൃദ് ബന്ധങ്ങളാണത്രെ. അത്രമാത്രം സാമൂഹികമായ ഒറ്റപ്പെടൽ (സോഷ്യൽ ലോൺലിനെസ്) സംഭവിക്കുന്നുണ്ട് യാത്രകളിൽ. കാർ പൂളുകൾ പോലെ ഒന്നിലധികം പേർ കൂട്ടു ചേർന്നു യാത്ര ചെയ്യുന്നത് പുതിയ സാമൂഹിക ബന്ധങ്ങൾ രൂപപ്പെടാൻ സഹായിക്കും. യാത്രയിൽ അപ്രതീക്ഷിതമായുണ്ടാകുന്ന സമ്മർദ സാഹചര്യങ്ങളെ കൂളായി നേരിടാനും സഹായിക്കും. ബസ്-ട്രെയിൻ യാത്രകളിൽ സൗഹൃദങ്ങൾ രൂപപ്പെടുത്തുന്നതും മടുപ്പു കുറയ്ക്കും.

മൊബൈൽ ഒാഫ് ആക്കാം

യാത്രാമധ്യേ ഉണ്ടാകുന്ന അപകടങ്ങൾക്ക് പ്രധാനപ്പെട്ട ഒരു കാരണമാണ് മൊബൈൽ ഉപയോഗം. വണ്ടിയോടിച്ചുകൊണ്ട് മൊബൈലിൽ സംസാരിക്കുന്നതും മെസേജ് അയയ്ക്കുന്നതും സോഷ്യൽ മീഡിയ വഴിയുള്ള ചാറ്റുമെല്ലാം അപകടം ചെയ്യും. നിമിഷനേരം കൊണ്ട് നിർണായകമായ തീരുമാനങ്ങളെടുക്കണം ഡ്രൈവിങ്ങിൽ. ഒരേ സമയം രണ്ടു കാര്യങ്ങളിൽ ശ്രദ്ധിക്കാൻ പോയാൽ ചടുലമായി തീരുമാനങ്ങളെടുക്കാൻ കഴിയാതെ വരും. അപ്രതീക്ഷിതമായി ഫോൺ ബെല്ലടിക്കുന്നതു പോലും ശ്രദ്ധ പാളിപ്പോകാനും അപകടങ്ങൾക്കും ഇടയാക്കാം. അതിനാൽ ഫോൺ ഒാഫ് ചെയ്തശേഷം ഡ്രൈവ് ചെയ്യുക.

മൂഡനുസരിച്ച് ഡ്രൈവിങ്

mood-driving

നല്ല മൂഡുള്ളപ്പോഴും മൂഡ് ശരിയല്ലെങ്കിലും ശ്രദ്ധ വണ്ടിയോടിക്കുന്നതിൽ തങ്ങി നിൽക്കില്ല. പലപ്പോഴും മത്സരയോട്ടങ്ങൾക്കും റോഡ് റേജ് എന്നറിയപ്പെടുന്ന റോഡിലെ പൊട്ടിത്തെറികൾക്കും കാരണം ചീത്ത മൂഡാണ്. ഇനി നല്ല മൂഡാണെങ്കിൽ വണ്ടി പുഷ്പക വിമാനം പോലെ പറത്താൻ തോന്നും. അതുകൊണ്ട് മൂഡ് വ്യതിയാനങ്ങളുള്ളപ്പോൾ കഴിവതും പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നതാണ് ആയുസ്സിനു നല്ലത്.

സൈക്കിൾ സവാരി നല്ലത്

travel

ദിവസവും യാത്ര ചെയ്യുന്നവർക്ക് ഏറ്റവും ആരോഗ്യകരമായ വാഹനമേതെന്നതിനു ഗവേഷകർക്കുള്ള ഉത്തരമാണ് സൈക്കിൾ. സൈക്കിൾ യാത്ര ടെൻഷനും ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കുമെന്നും വണ്ണം കുറയാൻ ഇടയാക്കുമെന്നുമാണ് ഗവേഷകരുടെ അഭിപ്രായം. ഒന്നാന്തരം കാർഡിയോ വാസ്കുലർ വ്യായാമമാണ് സൈക്ക്ളിങ്. ഇതു ഹൃദയപേശികളെ ശക്തമാക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർന്നു പോകാതെ തടയുന്നു. പൊതുവായുള്ള പേശിപ്രവർത്തനം മെച്ചപ്പെടാനും ശരീരബലവും സ്റ്റാമിനയും വർധിക്കാനും സൈക്ക്ളിങ് ഉത്തമമാണ്. സൈക്കിൾ ചവിട്ടുമ്പോൾ എല്ലാ പേശികൾക്കും നല്ല സ്ട്രെച്ചിങ് ലഭിക്കുന്നതിനാൽ രാത്രി സുഖകരമായ ഉറക്കവും കിട്ടും.

ഗർഭകാലത്തെ യാത്രകൾ

ഗർഭത്തിന്റെ ആദ്യമാസങ്ങളിൽ ഗർഭമലസിപ്പോകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, മോണിങ് സിക്നെസ്സും തലകറക്കവുമൊക്കെ ഉള്ളവർക്ക് യാത്രയിൽ മോഷൻ സിക്നെസ്സ് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. എങ്കിലും ഗർഭകാലത്ത് ആദ്യത്തേയും അവസാനത്തേയും മൂന്നുമാസങ്ങൾ ഒഴിച്ചുള്ള സമയത്ത് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിൽ യാത്ര ചെയ്യുന്നതിൽ തകരാറൊന്നുമില്ല. ഒരുപാടു കുടുക്കവും കുഴിയുമുള്ള വഴികളാണെങ്കിൽ ഡോക്ടറുടെ അഭിപ്രായം തേടിയിട്ട് മതി. യാത്ര ചെയ്യുമ്പോൾ ഏറ്റവും മുമ്പിലും പുറകിലും അല്ലാതെ മധ്യഭാഗത്തായി ഇരിക്കുക. ഏറെ നേരം നിന്നു യാത്ര ചെയ്യുന്നത് അത്ര നല്ല‌തല്ല. കാറോടിച്ചു യാത്ര ചെയ്യുന്ന ഗർഭിണികൾ നിർബന്ധമായും സീറ്റ്ബെൽറ്റ് ധരിക്കണം. ഗർഭസമയത്ത് വിമാനയയാത്ര ചെയ്യുന്നതുകൊണ്ട് അപകടങ്ങളുണ്ടാകും എന്നു പറയാൻ ശാസ്ത്രീയ പഠനങ്ങളൊന്നുമില്ല. എങ്കിലും മിക്ക വിമാനക്കമ്പനികളും ഗർഭകാലയാത്രകൾക്ക് ചില നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ശ്രദ്ധിക്കാൻ 5 കാര്യങ്ങൾ

വാഹനമോടിച്ച് പോകുന്നവർ ചെറിയ ദൂരമാണെങ്കിൽ പോലും ഹെൽമെറ്റും സീറ്റ്ബെൽറ്റും ശരിയായ രീതയിൽ ധരിക്കണം. അപകടങ്ങളുടെ ആഘാതം കുറയാക്കാൻ ഇതു സഹായിക്കും.

കഴുത്തിനും നടുവിനും ആയാസമുണ്ടാക്കുന്നതാണ് യത്രയിലെ വളഞ്ഞുകൂടിയുള്ള നിൽപും ദീർഘദൂര ഡ്രൈവിങ്ങും. ഇവ ‌തടയാൻ ലളിതമായ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുക.

യാത്രയുടെ ടെൻഷനും മടുപ്പും മാറ്റാൻ പാട്ടു കേൾക്കുന്നതു നല്ലതാണ്. അടിച്ചുപൊളി പാട്ടുകളേക്കാൾ മനസ്സിന് സമാധാനവും തലച്ചോറിനു ഉണർവും പകരുന്നത് മെലഡികളും ശാസ്ത്രീയ സംഗീതവുമാണ്.

യാത്ര മൂലം വ്യായാമം കുറയുന്നതിനാൽ ദൈനംദിന ജീവിതം കൂടുതൽ ചലനങ്ങൾ നിറ‍ഞ്ഞതാക്കണം, ജോലിക്കിടയിൽ സമയം കണ്ടെത്തി നടക്കാനും പടികൾ കയറാനുമൊക്കെ ശ്രമിക്കാം.

ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോണിൽ സംസാരവും എസ്എംഎസ് അയയ്ക്കലും ഒഴിവാക്കണം. ശ്രദ്ധ പതറാനും പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള ഏകാഗ്രത നഷ്ടമാകാനും ഇതിടയാക്കും.

രോഗങ്ങളും യാത്രയും

ആളുകളുമായി സമ്പർക്കമുണ്ടാകുന്നതിനാൽ യാത്രയിലൂടെ രോഗങ്ങൾ പകരാൻ എളുപ്പമാണ്. ചില മുൻകരുതലുകൾ നന്നായിരിക്കും.

യാത്ര കഴിഞ്ഞ് കൈകൾ സോപ്പിട്ടു കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ ഭക്ഷണമോ വെള്ളമോ പാടുള്ളു.

പകർച്ചവ്യാധികൾ വന്നവർ രോഗവ്യാപന കാലാവധി കഴിഞ്ഞു മാത്രം യാത്ര ചെയ്യുക.

ദിവസവും യാത്ര കഴിഞ്ഞ് കുളിച്ചു വേഷം മാറ്റണം.

നിർജലീകരണസാധ്യത ഒഴിവാക്കാൻ നല്ല ചൂടുള്ള സീസണിൽ യാത്ര ചെയ്യുമ്പോൾ തിളപ്പിച്ചാറ്റിയ വെള്ളം ഇടയ്ക്കിടെ കുടിക്കാം.

പൊടി അലർജിയുള്ളവർ മാസ്കോ ടവലോ കൊണ്ട് മൂക്കും വായും മറയ്ക്കുക. കഴിവതും ജനാലയോട് അടുത്ത് ഇരിക്കരുത്.

‌∙ വിനോദയാത്രകളിൽ പോകുന്ന സ്ഥലങ്ങൾ അനുസരിച്ചുള്ള മുൻകരുതലുകൾ (വാക്സിനേഷൻ, രോഗങ്ങൾക്ക് പ്രാഥമിക മരുന്നുകൾ) എടുക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here