കൊല്ലം: ഗവർണറും സർക്കാരുമായുള്ള തർക്കത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവരുന്നത് മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇന്ത്യൻ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നൽകാൻ കേരള സർവകലാശാല വിസമ്മതിച്ചതാണ് ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാനമെന്നാണ് ചെന്നിത്തലയുടെ പ്രധാന ആരോപണം.

സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൊണ്ടാണോ പ്രസിഡന്റിന് ഡിലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദ്ദേശം സർവകലാശാല തള്ളിയെന്ന് ചെന്നിത്തല ചോദിച്ചു. സർക്കാരിന് ഇക്കാര്യത്തിൽ ഇടപെടാൻ അവകാശമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

ഇതിന് പുറമെ, സർക്കാരിനെതിരെ ആറ് ചോദ്യങ്ങളും ചെന്നിത്തല ഉന്നയിച്ചിട്ടുണ്ട്. അവ ഇങ്ങനെ,

1. രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണ്ണർ കേരള സർവകലാശാലാ വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകിയിരുന്നോ ഉണ്ടെങ്കിൽ എന്നാണ്

2. ഈ നിർദ്ദേശം സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് കേരള സർവ്വകലാശാലാ വൈസ് ചാൻസലർ നിരാകരിച്ചിരുന്നോ ?

3. വൈസ് ചാൻസലർ, ഗവർണ്ണറുടെ നിർദ്ദേശം സിൻഡിക്കേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സർക്കാരിന്റെ അഭിപ്രായം തേടിയോ ? എങ്കിൽ അത് ഏത് നിയമത്തിന്റെ പിൻബലത്തിൽ ?

4. ഇത്തരത്തിൽ ഡി- ലിറ്റ് നൽകുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമുണ്ടോ ?

5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസിലർ, അദ്ദേഹത്തിന്റെ കാലാവധി തീരും മുൻപ് മൂന്ന് പേർക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള തീരുമാനം ഗവർണ്ണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നോ ? എങ്കിൽ എന്നാണ് പട്ടിക സമർപ്പിച്ചത് ? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്?

6. ഈ പട്ടികയ്ക്ക് ഇനിയും ഗവർണ്ണറുടെ അസ്സന്റ് കിട്ടാത്തതിന്റെ കാരണം സർവകലാശാലക്ക് ബോധ്യമായിട്ടുണ്ടോ ?

LEAVE A REPLY

Please enter your comment!
Please enter your name here