ഇനി മുതല്‍ ഡല്‍ഹി നഗരത്തിലെ ട്രാഫിക് ബ്ലോക്കുകളും മറ്റു വിശദാംശങ്ങളും അറിയാന്‍ ഒരൊറ്റ എസ്.എം.എസ് അയച്ചാല്‍ മതി. ജനങ്ങള്‍ക്ക് റോഡുകളിലെ തടസ്സങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി തങ്ങളുടെ യാത്ര ക്രമീകരിക്കുന്നതിന് സഹായകമാകുന്ന എസ്.എം.എസ്. മുന്നറിയിപ്പുകള്‍ നല്‍കുന്ന സേവനം ഡല്‍ഹി ട്രാഫിക് പോലീസാണ് ആവിഷ്കരിച്ചിരിക്കുന്നത്.

ഈ സേവനം സബ്സ്ക്രൈബ് ചെയ്തതിനുശേഷം 9811452220 എന്ന നമ്പരിലേയ്ക്ക് അയയ്ക്കുന്ന മെസേജിനു മറുപടിയായി നഗരത്തിലെ ഗതാഗതകുരുക്കുകളെക്കുറിച്ചും ഇവയ്ക്കു കാരണമാകുന്ന റാലികള്‍, ഘോഷയാത്രകള്‍,പ്രത്യേക ആവശ്യത്തിനായുള്ള വാഹനവ്യൂഹങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും.

ആള്‍തിരക്കുള്ള സ്ഥലങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളും എസ്.എം.എസിലൂടെ ലഭ്യമാകും.വാഹനങ്ങള്‍ തകരാറിലായി റോഡില്‍ കിടക്കുന്നതുമൂലമുള്ള ഗതാഗത കുരുക്കുകളും,പൈപ്പ് പൊട്ടി തടസ്സപ്പെടുന്ന ഗതാഗതവും ഇത്തരത്തില്‍ എസ്.എം.എസ് നല്‍കുന്നതിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്ന് ‍ഡല്‍ഹി പോലീസ് പറഞ്ഞു.

ഈ സേവനം ആവശ്യമില്ലാത്തപക്ഷം അണ്‍-സബ്സ്ക്രൈബ് ചെയ്യാനും സൗകര്യമുണ്ട്. ഡല്‍ഹി ‍ട്രാഫിക് പോലീസ് ഒരുക്കയിരിക്കുന്ന ഫെയ്സ് ബുക്ക്, ട്വിറ്റര്‍, വാട്ട്സ് ആപ്പ് സേവനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ വെളിച്ചത്തിലാണ് മൊബൈല്‍ അധിഷ്ഠിതമായ പുതിയ സേവനം ഗതാഗത നിയന്ത്രണത്തിന് ഉപയോഗിക്കാന്‍ ഡല്‍ഹി പോലീസ് തയ്യാറായത്.

കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഡല്‍ഹി പോലീസ് ഈ സേവനം നടപ്പിലാക്കുന്നത്. മൊബൈല്‍ സേവ എന്ന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ സേവനത്തിന് ബള്‍ക്ക് എസ്.എം.എസ് സംവിധാനം സൗജന്യമായി നല്‍കുന്നതും ഐ.ടി മന്ത്രാലയമാണ്. 2012-ല്‍ ഈ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി വിജയിച്ചിരുന്നതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here