ഫ്രാൻസിസ് തടത്തിൽ 

ന്യൂജേഴ്‌സി: കാലിഫോർണിയയിലെ സാക്രമെന്റോ സിറ്റിയിലെ ഡേവിസ് സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിജിയുടെ പ്രതിമ തകർത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഐ ഒ സി കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്. അഹിംസയുടെ മാർഗത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്‌മാവിന്റെ പ്രതിമ തകർത്തവരുടെ ലക്ഷ്യം ഇന്ത്യക്കാരോടുള്ള വെറുപ്പും വിദ്വെഷവുമാണെന്ന് ലീല മാരേട്ട് ആരോപിച്ചു. 
 

അക്രമത്തിനെതിരായും സമാധാനത്തിന്റെ പാതയിലൂടെയും സഞ്ചരിച്ച മഹാത്മാ ഗാന്ധിയെ സമാധാനത്തിന്റെ ദൂതനായാണ് ലോക ജനത കാണുന്നത്. അദ്ദേഹത്തിന്റെ പ്രതിമയുടെ ശിരസോ കൈകളോ വിച്ഛേദിച്ചതുകൊണ്ട് അദ്ദേഹത്തോടുള്ള ഇന്ത്യക്കാരുടെ സ്നേഹവും ആദരവും അറുത്തുമാറ്റാമെന്നു ഇന്ത്യ വിരുദ്ധരായ അകമികൾ കരുതുന്നുണ്ടെങ്കിൽ അവർക്ക്  തെറ്റുപറ്റിയെന്ന് പറഞ്ഞ ലീല ഗാന്ധിയുടെ സ്നേഹവും ആദർശവും നിറഞ്ഞ രൂപം ഒരൊറ്റ ഇന്ത്യക്കാരന്റെ  പോലും ഹൃദയത്തിൽ നിന്ന് തുടച്ചു മാറ്റാൻ ആർക്കും കഴിയുകയില്ലെന്നും വ്യക്തമാക്കി.

 

 ഇന്ത്യയുടെ അഖണ്ഡതയെ ശിഥിലീകരിക്കാൻ ശ്രമിക്കുന്ന ഇന്ത്യ വിരുദ്ധമായ ഒരുകൂട്ടം സാമുഹിക വിരുദ്ധർ ഗാന്ധിജിയുടെ സമാധി ദിനമായ ജനുവരി 30 ന് തന്നെ ഗാന്ധി പ്രതിമ തച്ചുടച്ചത് രാഷ്ട്ര പിതാവിനെ അപമാനിക്കാനും ലോകം മുഴുവനുമുള്ള ഇന്ത്യക്കാരുടെ  വികാരത്തെ വൃണപ്പെടുത്താനുമാണെന്നും അവർ കുറ്റപ്പെടുത്തി…


 അമേരിക്കയിലെ മുഴുവൻ ഇന്ത്യക്കാരെയും ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത നടപടിയായിരുന്നു ജനവരി 30 നു കാലിഫോര്ണിയയിൽ നടന്നത്. ഗാന്ധി പ്രതിമ തകർത്ത സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുൻപിൽ കൊണ്ടുവന്ന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഐ.ഒ.സി കേരള ചാപ്റ്റർ ആവശ്യപ്പെടുകയാണെന്നും ലീല കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here