പി പി ചെറിയാന്‍ 

ഡാലസ്: ഡാലസ് – ഫോര്‍ട്ട്വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് പാന്‍ഡമിക്കിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തില്‍ വളരെ കുറവ് അനുഭവപ്പെടുകയും, സാമ്പത്തിക ബാധ്യത കൂടിവരികയും ചെയ്ത സാഹചര്യം തരണം ചെയ്യുന്നതിന് മാനേജ്‌മെന്റ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി13,000 ജീവനക്കാര്‍ക്ക് ഫര്‍ലൊ നോട്ടീസ് നല്‍കി. ജീവനക്കാരെ ലെ ഓഫ് ചെയ്യുന്നതിന് 60 ദിവസം മുമ്പു നോട്ടീസ് നല്‍കിയിരിക്കണമെന്ന് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫര്‍ലൊ നോട്ടീസ് നല്‍കിയിരിക്കുന്നത്.

പാന്‍ഡമിക്കിനെ തുടര്‍ന്ന് ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കിയിരുന്ന സാമ്പത്തിക സഹായം മാര്‍ച്ച് 31ന് മുമ്പു അവസാനിക്കുമെന്നതും ലെ ഓഫിനുള്ള കാരണമായി ചൂണ്ടികാണിക്കുന്നു. ജീവനക്കാരെ ഒഴിവാക്കുകയെന്നതില്‍ മാനേജ്‌മെന്റിന് ദുഃഖമുണ്ടെന്നും, ഫെഡറല്‍ ഗവണ്‍മെന്റ് ആനുകൂല്യം പുനഃസ്ഥാപിക്കുകയാണെങ്കില്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും സിഇഒ ഡഗ്പാര്‍ക്കര്‍ പ്രസിഡന്റ് റോബര്‍ട്ട് എന്നിവര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍സിന് 8.9 ബില്യണ്‍ ഡോളറായിരുന്നു നഷ്ടം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ 3.1 ബില്യണ്‍ സ്റ്റിമുലസ് ഗ്രാന്റ്‌സും ലോണും ഗവണ്‍മെന്റില്‍ നിന്നു ലഭിച്ചിരുന്നു. മാര്‍ച്ച് 31ന് ഈ ആനുകൂല്യം അവസാനിക്കും. ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യം യൂണിയനുമായി ചര്‍ച്ച ചെയ്തിരുന്നതായും സിഇഒ അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here