മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്മെന്റ് വിചാരണ ഈയാഴ്ച സെനറ്റ് പരിഗണിക്കാനിരിക്കെ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ട്രംപിന്റെ വിചാരണ സംബന്ധിച്ച് നിലവിലെ പ്രസിഡന്റിന്റെ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം താന്‍ സെനറ്റിന് വിട്ടുകൊടുക്കുകയാണെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപിന്റെ പൊളിറ്റിക്കല്‍ റൈറ്റ്‌സ് നഷ്ടപ്പെടുമോ എന്ന വൈറ്റ് ഹൗസ് സൗത്ത് ലോണിലെ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് കാരണം ബോധിപ്പിക്കാന്‍ ട്രംപിന് അവസരമുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹമത് വേണ്ടെന്നു വെക്കുകയായിരുന്നുവെന്നും ഇനി ബാക്കി കാര്യങ്ങള്‍ സെനറ്റ് തീരുമാനിക്കട്ടെയെന്നും ബൈഡന്‍ മറുപടി നല്‍കി.

അതേസമയം മുന്‍ പ്രസിഡന്റിന്റെ രണ്ടാമത്തെ ഇംപീച്ച്മെന്റ് വിചാരണ ചൊവ്വാഴ്ച ആരംഭിക്കും. യുഎസ് ക്യാപിറ്റലില്‍ ജനുവരി 6ന് നടന്ന കലാപത്തിന് ആഹ്വാനം നല്‍കിയെന്ന കുറ്റത്തിനാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് വിചാരണ നടക്കുന്നത്. ഇംപീച്ച്‌മെന്റ് വിചാരണ നടപടികളുടെ ഭാഗമായി തന്റെ ഭാഗം വിശദമാക്കാന്‍  ഹൗസ് ഇംപീച്ച്മെന്റ് മാനേജര്‍മാര്‍ ട്രംപിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ട്രംപ് ഇത് നിഷേധിക്കുകയായിരുന്നു.

ഇതാദ്യമായാണ് സെനറ്റ് ഒരു മുന്‍ പ്രസിഡന്റിനെ ഇംപീച്ച്മെന്റിനായി വിചാരണ ചെയ്യുന്നത്. ഇംപീച്ച്‌മെന്റ് വിചാരണ ഭരണഘടനാപരമാണോ എന്ന കാര്യത്തില്‍ റിപ്പബ്ലിക്കന്‍മാര്‍ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍, ഇരു വിഭാഗത്തിനും അവരുടെ ഭാഗം അവതരിപ്പിക്കാന്‍ 16 മണിക്കൂര്‍ സമയം നല്‍കും. സാക്ഷികളെ അനുവദിക്കണമോ എന്നതിനെക്കുറിച്ചുള്ള സംവാദവും വോട്ടും അനുവദിക്കും. 2019 ലെ ഇംപീച്ച്മെന്റ് ശ്രമത്തില്‍, സാക്ഷികളെ ഉള്‍പ്പെടുത്താനുള്ള ഡെമോക്രാറ്റിക് അഭ്യര്‍ത്ഥനകള്‍ അന്നത്തെ ഭൂരിപക്ഷ നേതാവ് മക്കോണല്‍ നിരസിച്ചിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here