WILMINGTON, DELAWARE - JULY 14: Democratic presidential candidate former Vice President Joe Biden speaks at the Chase Center July 14, 2020 in Wilmington, Delaware. Biden delivered remarks on his campaign's 'Build Back Better' clean energy economic plan. (Photo by Chip Somodevilla/Getty Images)

യൂറോപ്യൻ യൂണിയന്റെ മധ്യസ്ഥതയിൽ പശ്ചിമേഷ്യയിൽ വീണ്ടും സമാധാനം പുലരുമോ? ഇറാൻ ആണവക്കരാറിലേക്ക് യുഎസിനെ തിരിച്ചുകൊണ്ടുവരുന്നതിനാണ് യൂറോപ്യൻ യൂണിയന്റെ ഇടപെടൽ. നടപടിയോട് അനുകൂലമായിട്ടാണ് ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ പ്രതികരണം. 2015ൽ ഒപ്പുവച്ച ജോയിന്റ് കോംപ്രഹൻസീവ് പ്ലാൻ ഓഫ് ആക്‌ഷൻ (ജെസിപിഒഎ) അഥവാ ഇറാൻ ആണവക്കരാർ പുനഃസ്ഥാപിക്കുന്നതിന് ഇറാനുമായി ചർച്ചയ്ക്കു തയാറാണെന്നു വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

എന്നാൽ, രാജ്യത്തിനുമേൽ ചുമത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും നീക്കിയാൽ മാത്രമെ ചർച്ചയ്ക്കുള്ളൂവെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖതിബ്സാദെ പറഞ്ഞത്. ഉപരോധങ്ങൾ നീക്കിയാൽ ഇറാൻ നടപടികൾ പിൻവലിക്കാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫും അറിയിച്ചു.

ഉപരോധം നീക്കിയില്ലെങ്കിൽ വിദേശ പ്രതിനിധികൾക്ക് രാജ്യത്ത് പരിശോധന നടത്താനുള്ള അനുമതി റദ്ദാക്കുമെന്നാണ് ഇറാന്റെ ഭീഷണി. കരാറിൽനിന്ന് യുഎസ് പിന്മാറിയതുമുതൽ ആണവ പദ്ധതികൾ സമാധാനപരമാണെന്ന് പറയുന്ന ഇറാൻ, നിബന്ധനകൾക്ക് വിധേയമായി നിരോധിച്ച ആണവ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും മറ്റു ചിലത് തുടങ്ങുകയും ചെയ്തു. ഇതേത്തുടർന്ന് കരാറിലേർപ്പെട്ടിരിക്കുന്ന മറ്റു രാജ്യങ്ങൾ ആശങ്കയിലാണ്.

യുഎസും യൂറോപ്യൻ സഖ്യകക്ഷികളായ യുകെ, ഫ്രാൻസ്, ജർമനി എന്നിവയും ഇറാനോട് പരിശോധന തടയുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു. നീക്കം ‘അപകടകരമാണെന്ന്’ സംയുക്ത മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും നാലു രാജ്യങ്ങളും വ്യക്തമാക്കി.

എന്താണ് ആണവക്കരാർ?

2015ൽ ഇറാനും യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, റഷ്യ, ജർമനി എന്നീ വൻശക്തികളും തമ്മിൽ ഒപ്പുവച്ചതാണ് ഇറാൻ ആണവ കരാർ. യൂറോപ്യൻ യൂണിയനും പിന്നീട് ഇത് അംഗീകരിച്ചു. ഇറാൻ അണ്വായുധ നിർമാണശ്രമങ്ങൾ അവസാനിപ്പിക്കുമെന്നും പകരം യുഎസും മറ്റു വൻശക്തികളും ഇറാനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധമടക്കം പിൻവലിക്കണമെന്നുമായിരുന്നു മുഖ്യ വ്യവസ്ഥ. പശ്ചിമേഷ്യയിൽ വൻ സംഘർഷസാധ്യത തട്ടിമാറ്റുകയും രാജ്യാന്തരതലത്തിൽ നാഴികക്കല്ലാവുകയും ചെയ്ത കരാറായിരുന്നു ഇത്.

എന്നാൽ 2018 മേയിൽ, കരാറിൽനിന്ന് യുഎസ് പിന്മാറുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. തികച്ചു ഏകപക്ഷീയമായ കരാറാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പിന്മാറ്റം. ‘തികച്ചും ഏകപക്ഷീയമായ കരാറായിരുന്നു അത്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത്. അതു ശാന്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചില്ല, സമാധാനം സമ്മാനിച്ചില്ല’– ട്രംപ് ചൂണ്ടിക്കാട്ടി. കരാർ നിലവിൽവരുന്നതിനു മുൻപുണ്ടായിരുന്ന എല്ലാ ഉപരോധങ്ങളും ട്രംപ്, ഇറാനുമേൽ പുനഃസ്ഥാപിക്കുകയും ചെയ്തു.

ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ നിർമിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന രീതിയിലാകണം കരാർ എന്നായിരുന്നു ട്രംപിന്റെ ആവശ്യം. ട്രംപ്, കരാർ അട്ടിമറിച്ചതോടെ ഏതാനും നിബന്ധനകളിൽനിന്ന് ഇറാനും പിന്മാറി. യുറേനിയം സമ്പുഷ്ടീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തു. 2020 ജനുവരിയിൽ ബഗ്ദാദിൽവച്ച്, ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതോടെയാണ് ഇറാൻ നടപടികൾ കടുപ്പിച്ചത്.

ഇപ്പോൾ സംഭവിക്കുന്നത്..

കരാറിൽ ഏർപ്പെട്ടിരുന്ന കക്ഷികളുമായി അനൗദ്യോഗിക ചർച്ച നടത്തുമെന്നാണ് വെള്ളിയാഴ്ച യൂറോപ്യൻ യൂണിയൻ (ഇയു) വക്താവ് അറിയിച്ചത്. ഇതിനായി ഇതുവരെ ഒരു രാജ്യത്തേയും ക്ഷണിക്കുകയോ സമയപരിധി നിശ്ചയിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ എത്രയും വേഗം കരാർ പുനഃസ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും യുറോപ്യൻ യൂണിയൻ വ്യക്തമാക്കി.


കരാർ പുനഃസ്ഥാപിക്കുന്നതിന് ഇറാനുമായി ചർച്ചയ്ക്കു തയാറാണെന്ന് യുഎസിന്റെ പ്രസ്താവന ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങൾ സ്വാഗതം ചെയ്തു. എന്നാൽ ഇറാന്റെ നടപടികളിൽ ഇവർ അസ്വസ്ഥരാണ്. ഫെർഡോ ഭൂഗർഭ നിലയത്തിൽ 20% ശുദ്ധി ലഭിക്കുംവിധം യുറേനിയം സമ്പുഷ്ടീകരണം ആരംഭിച്ചെന്ന് ജനുവരിയിൽ ഇറാൻ അറിയിച്ചിരുന്നു.

ഇതിൽ യൂറോപ്യൻ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. കരാറിൽ വീണ്ടും പങ്കാളിയാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇറാന്റെ നടപടികൾ അദ്ദേഹത്തിന് വലിയ വെല്ലുവിളിയാകുമെന്നും കരുതുന്നു.

ബൈഡന്റെ ‘സമാധാന ശ്രമം’

ഇറാനെതിരായ യുഎൻ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ്, യുഎൻ രക്ഷാ സമിതിക്ക് അയച്ച കത്ത് പിൻവലിച്ച് ബൈഡൻ ഭരണകൂടം വീണ്ടും അവർക്ക് കത്തയച്ചിരുന്നു. ട്രംപിന്റെ ആവശ്യം യുഎൻ രക്ഷാസമിതി ഇതുവരെ പരിഗണിച്ചിരുന്നില്ല.

ഇറാനിലെ യുഎൻ നയതന്ത്ര ഉദ്യോഗസ്ഥർക്കുള്ള യാത്രാ നിയന്ത്രണങ്ങളും ലഘൂകരിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് ‍ഡിപ്പാർട്ട്മെന്റ് വ്യാഴാഴ്ച അറിയിച്ചു. ഇതോടെ ട്രംപ് ഭരണകൂടത്തിന് മുൻപുണ്ടായിരുന്ന നിലയിലേക്ക് കാര്യങ്ങൾ മടങ്ങുകയാണെന്നും അധികൃതർ വ്യക്തമാക്കി.

എല്ലാ കണ്ണും ഖമനയിലേക്ക്

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ തീരുമാനവും ആണവക്കരാർ പുഃസ്ഥാപിക്കുന്നതിൽ നിർണായകമാകും. ഇറാന്റെ വിദേശനയം സംബന്ധിച്ച നിർണായക തീരുമാനങ്ങൾ എല്ലാം സ്വീകരിക്കുന്നത് ഖമനയിയാണ്. രാജ്യത്തെ തീവ്രനിലപാടുകാരോട് അടുത്തുനിൽക്കുന്നയാളാണ് ഖമനയി. എങ്കിലും 2015ൽ ആണവക്കരാറിൽ ഏർപ്പെടുന്നതിന് പ്രസിഡന്റ് ഹസൻ റൂഹാനിക്ക് ഖമനയി മൗനസമ്മതം നൽകുകയായിരുന്നു.

വരും മാസങ്ങളിൽ, ആണവക്കരാറിന്റെ ഭാവിയും അദ്ദേഹത്തിന്റെ അഭിപ്രായത്തെ ആശ്രയിച്ചിരിക്കും. ഖമനയിയുടെ പിന്തുണയുണ്ടെങ്കിൽ മാത്രമെ റൂഹാനിക്ക് കരാറുമായി മുൻപോട്ടു പോകാൻ സാധിക്കൂ. ‘ആര് മുൻകൈ’ എടുക്കും എന്ന ചോദ്യമാണ് കരാറിന്റെ പുനഃസ്ഥാപനത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രധാന പ്രശ്നം. ഇറാൻ ആദ്യം മുൻപോട്ട് വരണമെന്ന് യുഎസും, യുഎസ് ആദ്യം വരട്ടെ എന്ന് ഇറാനും കരുതുന്നു. ‘സമയം അതിക്രമിക്കുന്നു’ എന്നാണ് ഇറാനിലെ നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം.

 

LEAVE A REPLY

Please enter your comment!
Please enter your name here