ഹൂസ്റ്റൺ : മികവുറ്റ പ്രവർത്തനങ്ങളും കർമ്മ പദ്ധതികളും കൊണ്ട് അമേരിക്കയിലെ മലയാളി സംഘടനകളിൽ ശ്രദ്ധേയ സ്ഥാനം പിടിച്ചു കഴിഞ്ഞ രണ്ടു പ്രമുഖ സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (മാഗ് ) അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (ഐനാഗ്)  സംയുക്തമായി കോവിഡ് 19 വാക്‌സിനേഷൻ സംബന്ധിച്ച് ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സെമിനാർ  ആരംഭിക്കും.

മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസിൽ വച്ച് ( 1415, Packer Ln, Stafford, TX 77477) നടത്തപ്പെടുന്ന സെമിനാർ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിക്കും സംഘടിപ്പിക്കുന്നത്.

മെഡിക്കൽ സേവന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.സുജിത് ചെറിയാൻ (എൽബിജെ ഹോസ്പിറ്റൽ അസിസ്റ്റന്റ് പ്രൊഫസർ)  മുഖ്യ പ്രഭാഷണം നടത്തും. ഐനാഗ് പ്രസിഡണ്ട് ഡോ. അനു ബാബു തോമസ് മോഡറേറ്ററായ സെമിനാറിൽ അക്കാമ്മ കല്ലേൽ, പ്രിൻസി തോമസ് എന്നിവർ പാനലിസ്റ്റുകളായിരിക്കും. കോവിഡിന്റെ തുടക്കം മുതൽ ഇപ്പോൾ വാക്‌സിനേഷൻ സ്വീകരിക്കുന്ന വേളയിലും നിരവധി സംശയങ്ങളും ചോദ്യങ്ങളും ആശങ്കകളും ഇവിടെയും ഇന്ത്യയിലും ലോകത്തെല്ലായിടവും തന്നെ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സെമിനാറിന്റെ പ്രസക്തി വളരെ വലുതാണെന്ന് സംഘാടകർ പറഞ്ഞു. നിലവിൽ കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ചുള്ള  പല സംശയങ്ങളും നിവാരണം ചെയ്യുന്നതിനും ആശങ്കകൾ ദൂരീകരിക്കുന്നതിനും കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനും വാക്‌സിൻ സ്വീകരിച്ചവർ ഇനി എന്തൊക്കെ ചെയ്യാം തുടങ്ങിയ ചോദ്യങ്ങൾക്കു മറുപടി ലഭിക്കുന്നതിനും സെമിനാർ ഉപകരിക്കുമെന്നും സംഘാടകർ അറിയിച്ചു.

വിജ്ഞാനപ്രദമായ ഈ സെമിനാറിൽ സംബന്ധിക്കുന്നതിന് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. മാഗിന്റെ ഫേസ്ബുക്ക് പേജിൽ കൂടിയും   സെമിനാറിന്റെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.  

മാഗ് പിആർഓ ഡോ.ബിജു പിള്ള അറിയിച്ചതാണിത്.

കൂടുതൽ വിവരങ്ങൾക്ക് മാഗിന്റെ താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.  


വിനോദ് വാസുദേവൻ (പ്രസിഡണ്ട്) – 832 528 6581
ജോജി ജോസഫ് (സെക്രട്ടറി) – 713 515 8432
മാത്യു കൂട്ടാലിൽ (ട്രഷറർ)  – 832 468 3322
റെനി കവലയിൽ (പ്രോഗ്രാം കോർഡിനേറ്റർ) – 281 300 9777        

 
റിപ്പോർട്ടർ : ജീമോൻ റാന്നി  
 

LEAVE A REPLY

Please enter your comment!
Please enter your name here