എ സി ജോർജ്
 
ഹ്യൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ  സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു വ്യക്തിയാണ് അന്തരിച്ച ജോയൻ കുമരകം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. 
 
എൺപതുകളിൽ അമേരിക്കയിലെത്തിയശേഷം ഇവിടത്തെ മലയാളി പ്രസ്ഥാനങ്ങളിൽ ഒരു നിറസാന്നിധ്യമായിരുന്നു അദ്ദേഹം.  ജോയൻ  കുമരകത്തിൻറെ നർമ്മത്തിൽ ചാലിച്ച കാര്യമാത്രപ്രസക്തമായ പ്രഭാഷണങ്ങൾ ആ കാലയളവിൽ വിവിധ മലയാള സദസ്സുകളിൽ അരങ്ങേറി. കേരളത്തിൽ ആയിരുന്നപ്പോഴും ഭാഷ സാഹിത്യരചനകളിൽ, പ്രസ്ഥാനങ്ങളിൽ അദ്ദേഹം വ്യാപൃതനായിരുന്നു.
 
 
 എല്ലാവരോടും സൗഹൃദത്തോടെ, സ്നേഹത്തോടെ  ഇടപെട്ടിരുന്ന  അദ്ദേഹം നിരവധി ബാലസാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്. ഒരുകാലത്ത്  മദ്യം ധാരാളം കഴിച്ചിരുന്ന അദ്ദേഹം, പിന്നീട് അത് ഉപേക്ഷിക്കുകയും, മദ്യവർജ്ജന പ്രസ്ഥാനത്തിൻറെ ഒരു മുന്നണി പോരാളി ആകുകയും ചെയ്തു. അദ്ദേഹത്തിൻറെ നൈർമല്യമുള്ള ഒരു ഫലിതം  ഇന്നും ഓർത്തുപോകുകയാണു ” മേൽത്തരം പട്ടയടിച്ചു ഞാൻ  മേല്പട്ടക്കാരനായി”.. കാലിഫോർണിയിൽ ആയിരുന്നു അദ്ദേഹത്തിൻറെ അന്ത്യമെങ്കിലും  ഏറെക്കാലം അദ്ദേഹം ജീവിച്ചത്  ന്യൂയോർക് ഭാഗത്താണ്.
 
കേരളത്തിലും അമേരിക്കയിലുമായി ഏഴു പതിറ്റാണ്ടിലേറെ മലയാള സാഹിത്യ രംഗത്ത് അതികായകനായി നിലനിന്നിരുന്ന ജോയൻ എന്ന സാഹിത്യകാരൻ തന്റെ നിലപടികൾക്കൊപ്പം എന്നും തല ഉയർത്തി നിന്നിരുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്. മദ്യം അദ്ദേഹത്തെ കീഴടക്കിയപ്പോഴും അദ്ദേഹം മദ്യത്തെ കീഴടക്കിയപ്പോഴും അദ്ദേഹം എടുത്ത നിലപാടുകളിൽ  മാറ്റമൊന്നുമുണ്ടായിരുന്നില്ല. തന്റെ കുടുംബജീവിതം തകർക്കാനിടയായ മദ്യപാനത്തെ പിന്നീടുണ്ടായ തിരിച്ചറിവിൽ ശിഷ്ട്ടകാലം പശ്ചാത്തപത്തോടെ ജീവിച്ച് മദ്യമെന്ന വിപത്തിനെതിരെ ഒരുപാട് പ്രഭാഷണങ്ങൾ നടത്തുകയും മദ്യവർജ്ജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്. 
സമൂഹത്തിൽ എന്നും ഒറ്റയാനായി ജീവിച്ച് ഒറ്റയാനായി തന്നെ മരണം പുൽകിയ പ്രിയ സുഹൃത്ത് ജോയൻ സമൂഹത്തിൽ ഒരുപാട് നന്മയുടെ പ്രകാശം പകർന്നിട്ടുണ്ട്. ലളിതമായ ഭാഷയിലൂടെ നർമ്മത്തിൽ ചാലിച്ച രചനകൾ അദ്ദേഹത്തിന്റെ ഓർമ്മകൾ നില്ക്കുന്ന കാലത്തോളം  മനുഷ്യമനസുകളുടെ ചിന്താ തലങ്ങളിൽ എന്നും നിലനിൽക്കും. അദ്ദേഹത്തെ പറ്റിയുള്ള  ജ്വലിക്കുന്ന ഓർമ്മകൾക്കു മുമ്പിൽ ജോയൻ കുമരകത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here