ഗിന്നസ് റെക്കോഡിലിടം നേടി ഭക്ഷ്യയോഗ്യമായ കാര്‍. അമേരിക്കയിലെ മൈക്ക് എല്‍ഡര്‍ എന്ന കേക്ക് നിര്‍മ്മാതാവ് നിര്‍മ്മിച്ച സൂപ്പര്‍ കേക്ക് കാറാണ് തിന്നാന്‍ കഴിയുന്ന ഏറ്റവും വേഗത്തിലോടുന്ന കാര്‍ എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. എല്‍ഡര്‍ നിര്‍മ്മിച്ച കാര്‍ മണിക്കൂറില്‍ 27.48 കിലോമീറ്റര്‍ വേഗതയിലാണ് ഓടിയെത്തിയത്. യുഎസിലെ പ്രീമിയര്‍ ഗെയിമിംഗ് ഷോയായ ഇലാനിയുടെ നേതൃത്വത്തിലാണ് ഈ വ്യത്യസ്ഥ മത്സരം സംഘടിപ്പിച്ചത്.

സെലിബ്രിറ്റി കേക്ക് ആര്‍ട്ടിസ്റ്റായ മൈക്ക് എല്‍ഡര്‍, ഓട്ടോ റേസിംഗ് വേള്‍ഡ് ചാമ്പ്യന്‍ മൈക്കല്‍ ആന്‍ഡ്രെറ്റി എന്നിവരുമായി സഹകരിച്ചാണ് ഇലാനി മത്സരം ഒരുക്കിയത്. മൈക്ക് എല്‍ഡര്‍ നിര്‍മ്മിച്ച കേക്ക് കാര്‍ മൈക്കല്‍ ആന്‍ഡ്രേറ്റിയാണ് ഓടിച്ചത്. അലൂമിനിയം ചട്ടക്കൂടിലാണ് കാര്‍ നിര്‍മ്മിച്ചത്. 90 ശതമാനവും കഴിക്കാന്‍ കഴിയുന്ന രീതിയിലാണ് കാറിന്റെ രൂപകല്‍പ്പന. 139 വാനില ഷീറ്റ് കേക്കുകളും ബട്ടര്‍ക്രീമും നിര്‍മ്മാണത്തിനുപയോഗിച്ചു. മത്സരത്തില്‍ ഒരു കേക്ക് കാറു കൂടി പങ്കെടുത്തിരുന്നു. കറുത്ത നിറമുള്ള കേക്ക് കാറായിരുന്നു അത്. 145 ചോക്കലേറ്റ് ഷീറ്റുകളും ബട്ടര്‍ക്രീമുമാണ് കറുത്ത കാറിനുപയോഗിച്ചത്.

ഒന്‍പത് പേര്‍ ചേര്‍ന്ന് 46 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിലൂടെയാണ് രണ്ടു കാറുകളും നിര്‍മ്മിച്ചത്. ഗിന്നസ് റെക്കോര്‍ഡ് നേടുന്നതിന്റെ മത്സരത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് ഓരോ വാഹനവും 90% ത്തില്‍ കൂടുതല്‍ ഭക്ഷ്യയോഗ്യമാക്കേണ്ടതുണ്ട്. 2012 ല്‍ എല്‍ഡര്‍ സ്ഥാപിച്ച 17.2 കിലോമീറ്റര്‍ എന്ന റെക്കോഡിനെ തകര്‍ത്തുകൊണ്ടാണ് മൈക്ക് എല്‍ഡര്‍ നിര്‍മ്മിച്ച കേക്ക് കാര്‍ അതിവേഗത്തില്‍ ഓടിയെത്തിയത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here