പി പി ചെറിയാന്‍ 

ഇല്ലിനോയ്സ്: വീട്ടില്‍ വളര്‍ത്തിയിരുന്ന പിറ്റ്ബുള്‍ നായയുടെ ആക്രമണത്തില്‍ ഒരു വയസ്സുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. നായയുടെ ഭക്ഷണം വെച്ചിരുന്ന പാത്രത്തിനരികില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്നായിരുന്നു കുട്ടിയെ നായ ആക്രമിച്ചത്. തലയില്‍ മാരകമായി കടിച്ചു പരിക്കേല്‍പ്പിച്ച കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാര്‍ച്ച് ഏഴിന് ഒന്നാം ജന്മദിനം ആഘോഷിച്ചു ദിവസങ്ങള്‍ക്കകമാണ് അതിദയനീയ അന്ത്യം സംഭവിച്ചതെന്ന് മാര്‍ച്ച് 22 തിങ്കളാഴ്ച പോലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

കഴിഞ്ഞ നാലു വര്‍ഷമായി പോക്കറ്റ്ബുള്ളി എന്ന പിറ്റ്ബുള്‍ വര്‍ഗത്തില്‍പെട്ട നായ വീട്ടില്‍ ഉണ്ടായിരുന്നതായും ഇതുവരെ ഇങ്ങനെ പ്രകോപനം  ഉണ്ടായിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. മാത്രമല്ല കുട്ടിയുടെ കയ്യില്‍ നിന്നും ബിസ്‌ക്കറ്റും മറ്റു സാധനങ്ങളും നായ എടുത്തു കഴിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു. സംഗമന്‍ കൗണ്ടി കൊറോണറും, സ്പ്രിംഗ് ഫില്‍ഡ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റും സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരുടെ പേരിലും കേസ്സെടുത്തിട്ടില്ലായെന്നും പൊലീസ് പറഞ്ഞു.

2020 നവംബര്‍ ഒന്നും മുതല്‍ 2021 മാര്‍ച്ച് വരെ അമേരിക്കയില്‍ നായയുടെ കടിയേറ്റ ഏഴു പേര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ കുട്ടികളും ഉള്‍പ്പെടുന്നു. ഈയിടെ ഹാംപ്ടണില്‍ 6 വയസ്സുകാരി നായയുടെ കടിയേറ്റു മരിച്ചിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന നായകളാണെങ്കിലും, കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണെന്നും, നായ എപ്പോള്‍ പ്രകോപിതനാകും എന്നു പറയുക സാധ്യമല്ലെന്നും അധികൃതര്‍ പറയുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here