പി പി ചെറിയാന്‍

ഷിക്കാഗോ: ലക്ഷകണക്കിന് അമേരിക്കന്‍ പൗരന്മാരുടെ ജീവന്‍ അപഹരിച്ച കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന് പ്രസിഡന്റ് ബൈഡന്‍ സ്വീകരിച്ച ഉറച്ച നിലപാടുകള്‍ക്ക് പിന്തുണ അഭ്യര്‍ഥിച്ചു കമല ഹാരിസ്. വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി ഷിക്കാഗോ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കമല. ഏപ്രില്‍ 6 ചൊവ്വാഴ്ച പ്രത്യേക വിമാനത്തില്‍ എത്തിചേര്‍ന്ന വൈസ് പ്രസിഡന്റിനെ ഷിക്കാഗോ മേയര്‍ ലൈറ്റ് ഫുട്ട്, സെനറ്റര്‍മാരായ ഡിക്ക് ഡര്‍ബിന്‍, റ്റാമി ഡക്ക്വര്‍ത്ത്, കോണ്‍ഗ്രസ്മാന്‍ ഡാനി ഡേവിസ് ഗവര്‍ണര്‍ പ്രിറ്റസ്‌ക്കര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ഷിക്കാഗോയിലെ മാസ് വാക്സിനേഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ചശേഷം നടത്തിയ പ്രസംഗത്തില്‍ പാന്‍ഡമിക്കിനെതിരെ ബൈഡന്‍ ഭരണകൂടം കൊണ്ടുവന്ന നിയമനിര്‍മാണത്തേയും അമേരിക്കന്‍ ജോബ് പ്ലാനിനെ കുറിച്ചും കമല വിശദീകരിച്ചു. മഹാമാരിയില്‍ ദുരന്തം അനുഭവിക്കുന്നവര്‍ ഒറ്റക്കല്ല, അവരോടൊപ്പം ഞങ്ങള്‍ ഉണ്ടെന്നു കമല ഉറപ്പ് നല്‍കി.

‘പാസ്സോവറും റമദാനും ഈസ്റ്ററും ഒക്കെ ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഒരു പുതുക്കത്തിന്റെ അനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്. മനോഹരമായ പുഷ്പങ്ങള്‍ വിടരുന്ന സ്പ്രിംഗ് കാലഘട്ടമാണിത്. ഇപ്പോള്‍ നാം മഹാമാരി എന്ന ടണലിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ ഇതിനപ്പുറം വലിയൊരു പ്രകാശം നമ്മെ എതിരേല്‍ക്കുമെന്നു നാം മറക്കരുത്.- കമല പറഞ്ഞു. ജീവന്‍ നഷ്ടപ്പെടുന്നു, ജോലി നഷ്ടപ്പെടുന്നു, നമ്മുടെ കുട്ടികളുടെ സാധാരണ ജീവിതം നഷ്ടപ്പെടുന്നു. മനുഷ്യ ബന്ധങ്ങള്‍ പോലും മഹാമാരിക്കിടയില്‍ നഷ്ടപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ ഒറ്റക്കല്ല, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും’.

ജോ ബൈഡന്‍ എക്കാലത്തേയും ഏറ്റവും വലിയ തൊഴിലാളി അനുകൂല പ്രസിഡന്റാണെന്നും ഭരണകൂടവും അതേ നിലപാടുതന്നെയാണ് സ്വീകരിച്ചിരിക്കുന്നതെന്നും കമല പറഞ്ഞു. രാഷ്ട്രനിര്‍മാണത്തിനും പുരോഗതിക്കും തൊഴിലാളികള്‍ക്കു മുഖ്യപങ്കുവഹിക്കാനാണെന്നും കമല ഹാരിസ് ഓര്‍മ്മപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here