അപകടകരമാംവിധം ടിക്ടോക് ചലഞ്ചില്‍ പങ്കെടുത്ത പന്ത്രണ്ടു വയസ്സുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചു.  ജോഷ്വ ഹെയ്ലീസസ് എന്ന പന്ത്രണ്ടുകാരനാണ് മരിച്ചത്. ജോഷ്വയെ ഇരട്ടസഹോദരനാണ് വീടിനുള്ളിലെ ബാത്‌റൂമില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ച കുട്ടി പത്തൊമ്പത് ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിനു ശേഷം മരണപ്പെടുകയായിരുന്നു.

എത്രയധികം നേരം ശ്വാസം പിടിച്ചിരിക്കാന്‍ കഴിയും എന്നതായിരുന്നു കുട്ടി പങ്കെടുത്ത ടിക് ടോക് ചലഞ്ച്. വളരെയധികം നേരം ശ്വാസം പിടിച്ചുനിര്‍ത്തിയതിന്റെ ഭാഗമായി കുട്ടി അബോധാവസ്ഥയിലും പിന്നീട് കോമാ സ്‌റ്റേജിലും ആവുകയായിരുന്നു. ‘ഈ ശ്രമകരമായ സമയത്ത് നിരന്തരം പ്രാര്‍ത്ഥിക്കുകയും ഞങ്ങളുടെ ഭാരം പങ്കുവെക്കുകയും ചെയ്ത എല്ലാവരോടും ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും ഞങ്ങളെ ആശ്വസിപ്പിച്ചു, നിങ്ങളുടെ പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്’ എന്ന് ജോഷ്വയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.

അതേസമയം തങ്ങളുടെ അവസ്ഥ ഇനിയൊരാള്‍ക്കും ഉണ്ടാകരുതെന്നും ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ സൈറ്റുകളില്‍ ട്രെന്‍ഡുചെയ്യുന്ന വെല്ലുവിളിയെക്കുറിച്ച് മറ്റ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണമെന്നും കുട്ടിയുടെ പിതാവ് ഹെയ്ലീസസ് സെറിഹുന്‍ പറഞ്ഞു. തന്റെ മകന്‍ ഇത്തരമൊരു അപകടത്തില്‍ പെടുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിവുള്ള പബ്ലിക് സ്പീക്കര്‍ കൂടിയായിരുന്ന ജോഷ്വ വലുതാകുമ്പോള്‍ ഒരു പാസ്റ്ററാകണമെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here