സ്‌കൂളിലെ ഫുട്‌ബോള്‍ ടീമില്‍ കറുത്ത വര്‍ഗ്ഗക്കാരനായ വിദ്യാര്‍ത്ഥിയെ മറ്റ് അംഗങ്ങള്‍ ചേര്‍ന്ന് വംശീയമായി അധിക്ഷേപിച്ചതായി പരാതി. ഇല്ലിനോയിസ് ഹൈസ്‌കൂളിലെ ഫുട്‌ബോള്‍ ടീമംഗങ്ങളാണ് തങ്ങളുടെ ടീമിലുള്ള കറുത്ത വര്‍ഗ്ഗക്കാരനായ വിദ്യാര്‍ത്ഥിയെ വംശീയമായി അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. വിദ്യാര്‍ത്ഥിയെ പരിഹസിക്കുന്ന ടീമംഗങ്ങള്‍ പഴത്തൊലി കൂട്ടിയിട്ടതിനു മുകളില്‍ ഇരിക്കാന്‍ വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

പഴത്തൊലിക്ക് മുകളില്‍ ഇരുന്നില്ലെങ്കില്‍ അടിച്ച് കാല്‍മുട്ടുകള്‍ തകര്‍ക്കുമെന്ന് വിദ്യാര്‍ത്ഥികളിലൊരാള്‍ ഭീഷണിപ്പെടുത്തുന്നതും മറ്റ് വിദ്യാര്‍ത്ഥികള്‍ ഇതിനെ അനുകൂലിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ പ്രചരിച്ചതോടെ പല ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധമുണ്ടായി. കറുത്ത വര്‍ഗ്ഗക്കാരനായ വിദ്യാര്‍ത്ഥിക്ക് പിന്തുണയുമായി എത്തിയവര്‍ ഇക്കാര്യത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

അതേസമയം തനിക്ക് ഇക്കാര്യത്തില്‍ പരാതിയില്ലെന്നും ടീമംഗങ്ങള്‍ തന്നോട് മാപ്പ് ചോദിച്ചുവെന്നും അധിക്ഷേപത്തിനിരയായ വിദ്യാര്‍ത്ഥി പ്രതികരിച്ചു. തന്റെ സ്‌കൂള്‍ അത്‌ലറ്റ് ജീവിതം തിരികെ ട്രാക്കിലേക്ക് കൊണ്ടുവരിക എന്നതാണ് തനിക്കിപ്പോള്‍ പ്രധാനമെന്നും തന്റെ ഫുട്‌ബോള്‍ ടീമിനെ താന്‍ ഇഷ്ടപ്പെടുന്നുവെന്നും താന്‍ അവരുമായി സംസാരിച്ചുവെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ഇനി പരാതിയില്ലെന്നുമാണ് വിദ്യാര്‍ത്ഥിയുടെ നിലപാട്. നിരവധിയാളുകള്‍ തനിക്ക് പിന്തുണയുമായി രംഗത്തെത്തിയെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും വിദ്യാര്‍ത്ഥി പ്രതികരിച്ചു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here