
നോര്‍ത്ത് കരോലിനയില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച കറുത്ത വര്‍ഗ്ഗക്കാരനായ ആന്‍ഡ്രൂ ബ്രൗണ്‍ ജൂനിയറിന്റെ ഓട്ടോപ്‌സി റിപ്പോര്‍ട്ട് പുറത്ത് വന്നു. തലയ്ക്ക്പിന്നിലേറ്റ് വെടിയുണ്ടയാണ് 42കാരനായ ബ്രൗണിന്റെ മരണകാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ‘തലയോട്ടിയിലേക്ക് തുളച്ചുകയറുന്ന മുറിവ് എന്നാണ് സൂചിപ്പിച്ചിരിക്കുന്നതെന്ന് അറ്റോര്‍ണി വെയ്ന്‍ കെന്‍ഡാല്‍ ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്കോ സമൂഹത്തിനോ ഒരു ഭീഷണിയുമില്ലാത്ത ഒരു വ്യക്തിയെ പോലീസ് നിഷ്‌കരുണം വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് കെന്‍ഡാല്‍ ആരോപിച്ചു. നിരായുധനായിരുന്ന ബ്രൗണിന്റെ ശരീരത്തില്‍ അഞ്ച് തവണ വെടിയേറ്റിരുന്നു. വലതു കൈയ്യില്‍ നാല് വെടിയേറ്റ മുറിവുകളുണ്ടായിരുന്നു. പോലീസ് വെടിവെച്ചതിനെത്തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മരത്തില്‍ ഇടിക്കുകയുമായിരുന്നു. ഇതിനു ശേഷം തലയ്ക്ക് പിന്നിലേറ്റ വെടിയാണ് മരണകാരണമായത്. മാരകമായ ബുള്ളറ്റ് തലയോട്ടിലേക്കും തലച്ചോറിലേക്കും തുളച്ചുകയറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പോലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചപ്പോഴാണ് തങ്ങള്‍ ഷൂട്ട് ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലെത്തുടര്‍ന്നാണ് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയെന്നാരോപിച്ച് പോലീസ് ബ്രൗണിനെ വെടിവെച്ച് കൊന്നത്. നിരപരാധിയായ ഒരു മനുഷ്യനാണ് കൊല്ലപ്പെട്ടതെന്ന് അറ്റോര്‍ണി ഹാരി ഡാനിയല്‍സ് പറഞ്ഞു.
തന്റെ മകനെ പോലീസ് മനപ്പൂര്‍വ്വം കൊലപ്പെടുത്തിയതാണെന്ന് ബ്രൗണിന്റെ അമ്മ ആരോപിച്ചു. അവര്‍ക്ക് അവനെ ജീവനോടെ വിടാന്‍ ഉദ്ദേശമില്ലായിരുന്നു. അവനെ പിടികൂടുന്നതിനു മുന്‍പ് തന്നെ അവരവനെ കൊല്ലാന്‍ തീരുമാനിച്ചിരുന്നുവെന്നും ഗാര്‍ണറുടെ അമ്മ ഗ്വെന്‍ കാര്‍ പറഞ്ഞു. അതേസമയം പോലീസുകാര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ബ്രൗണിനെ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.