തന്റെ അക്കൗണ്ടിന് നിരോധനമേര്‍പ്പെടുത്തിയ നടപടി തുടരാനുള്ള ഫെയ്‌സ്ബുക്കിന്റെ തീരുമാനത്തോട് പ്രതികരിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് വിലക്കേര്‍പ്പെടുത്തിയ ഫെയ്‌സ്ബുക്കും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളും ഇതിന് രാഷ്ട്രീയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ് പ്രതികരിച്ചു. ”ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവ ചെയ്തത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും ട്രംപ് പറഞ്ഞു.

തീവ്ര  ഇടതുപക്ഷ ഭ്രാന്തന്മാര്‍ സത്യത്തെ ഭയപ്പെടുന്നതിനാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സ്വതന്ത്ര അഭിപ്രായ പ്രകടനം എടുത്തുകളഞ്ഞു. എന്നാല്‍ സത്യം മുമ്പത്തേക്കാള്‍ വലുതും ശക്തവുമായി എങ്ങനെയെങ്കിലും പുറത്തുവരുമെന്നും ട്രംപ് പറഞ്ഞു. തനിക്ക് നിരോധനമേര്‍പ്പെടുത്തിയ അഴിമതിക്കാരായ സോഷ്യല്‍ മീഡിയ കമ്പനികള്‍ അതിന് രാഷ്ട്രീയ വില നല്‍കണം, തിരഞ്ഞെടുപ്പ് പ്രക്രിയയെ നശിപ്പിക്കാന്‍ ഇനി ഒരിക്കലും അവരെ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു.

അതേസമയം പുതിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുമെന്ന പ്രഖ്യാപനം ട്രംപ് നടപ്പിലാക്കി. വേഡ് പ്രസ് ബ്ലോഗുമായാണ് ട്രംപ് എത്തിയിരിക്കുന്നത്. പുതിയ ബ്ലോഗില്‍ ട്രംപിന്റെ പ്രസ്താവനകളും പ്രഖ്യാപനങ്ങളുമാണുള്ളത്. സ്വന്തം ഇമെയിലോ ഫോണ്‍ നമ്പറോ നല്‍കി ബ്ലോഗിന്റെ ഭാഗമാകാന്‍ സാധിക്കും. ലൈക്ക് ചെയ്യാനും സാധിക്കും. ട്രംപിന്റെ പോസ്റ്റുകളെടുത്ത് ട്വിറ്ററിലും ഫേസ്ബുക്കിലും ഉപയോക്താക്കള്‍ക്ക് പോസ്റ്റ് ചെയ്യാമെന്നതാണ് ബ്ലോഗിന്റെ പ്രധാന സവിശേഷത.

സ്വന്തമായും സുരക്ഷിതമായും സംസാരിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഡസ്‌ക്കില്‍ നിന്ന് നേരിട്ട് എന്നാണ് സൈറ്റിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോ മാത്രമാണ് ബ്ലോഗില്‍ പുതിയതായിട്ടുള്ളത്. ബാക്കിയെല്ലാം ട്രംപിന്റെ പഴയ പ്രസ്താവനകളാണ്. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറത്താക്കിയതിനെത്തുടര്‍ന്നാണ് ട്രംപ് സ്വന്തമായി പുതിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here