യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഫേസ്ബുക്ക്. ട്രംപിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പുനഃപരിശോധിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നാണ് വിലക്ക് സംബന്ധിച്ച് പരിശോധിക്കാന്‍ ഫേസ്ബുക്ക് രൂപീകരിച്ച സ്വതന്ത്രബോര്‍ഡിന്റെ തീരുമാനം. ഭാവിയില്‍ അടക്കം ഉണ്ടാകുന്ന പ്രശ്നങ്ങളും നിയമലംഘനത്തിന്റെ തോതും കലാപം സൃഷ്ടിക്കാനുള്ള ശ്രമവും കണക്കിലെടുത്ത് വിലക്ക് തുടരാമെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയത്.

ലോകത്തിന്റെ പല കോണുകളില്‍ നിന്നുള്ള 20 അംഗങ്ങള്‍ അടങ്ങുന്നതാണ്  ബോര്‍ഡ്. ട്രംപിന്റെ പോസ്റ്റുകള്‍ ഫെയ്സ്ബുക്കിന്റെ നിയമങ്ങളെ സാരമായി ലംഘിച്ചുവെന്നും യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ  പിന്തുണച്ചുകൊണ്ട് ട്രംപ് പങ്കുവച്ച വാക്കുകള്‍, ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നതുമാണെന്നാണ് ബോര്‍ഡിന്റെ നിരീക്ഷണം. ‘സോഷ്യല്‍ മീഡിയയില്‍ പ്രസിഡന്റ് ട്രംപ് സ്വീകരിച്ച  നിലപാടുകള്‍, അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും നിയമാനുസൃതമാക്കുകയും ചെയ്തു. ഇത് ഫേസ്ബുക്കിന്റെ നിയമങ്ങളുടെ കടുത്ത ലംഘനമായിരുന്നുവെന്നും ബോര്‍ഡ് വിലയിരുത്തി.

അതേസമയം തനിക്ക് വിലക്കേര്‍പ്പെടുത്തി നടപടി നീട്ടാനുള്ള തീരുമാനത്തിന് ഫെയ്‌സ്ബുക്ക് രാഷ്ട്രീയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ് പ്രതികരിച്ചു.  ”ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവ ചെയ്തത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും ട്രംപ് പറഞ്ഞു. തീവ്ര ഇടതുപക്ഷ ഭ്രാന്തന്മാര്‍ സത്യത്തെ ഭയപ്പെടുന്നതിനാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സ്വതന്ത്ര അഭിപ്രായ പ്രകടനം എടുത്തുകളഞ്ഞു. എന്നാല്‍ സത്യം മുമ്പത്തേക്കാള്‍ വലുതും ശക്തവുമായി എങ്ങനെയെങ്കിലും പുറത്തുവരുമെന്നും ട്രംപ് പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here