സലിം അയിഷ ( ഫോമാ പി.ആര്‍.ഓ )

ഫോമയുടെ വനിതാ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സ്ത്രീകളില്‍ അവബോധമുണ്ടാക്കുന്നതിനും, നിയമ വശങ്ങളെ കുറിച്ച് അറിവ് നല്‍കുന്നതിനും, സ്ത്രീകള്‍ക്കെതിരായ അവമതിപ്പുകളും, കുപ്രചാരണങ്ങളും തടയുകയും അതിനെതിരായ കര്‍മ്മ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയും നാളെ ജൂണ്‍ 15 വൈകിട്ട് ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 9 മണിക്ക് സ്ത്രീ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.

സാമൂഹ്യ-സാംസ്‌കാരിക- പ്രവര്‍ത്തന രംഗങ്ങളിലെ നിരന്തരമായ ഇടപെടലുകളിലൂടെയും, ജീവ കാരുണ്യ പ്രവര്‍ത്തികളിലൂടെ സമൂഹത്തിന്റെയും, അവശതയനുഭവിക്കുന്നവരുടെയും, വേദനകളും, സങ്കടങ്ങളും അറിയുകയും ചെയ്യുന്ന ഫോമയുടെ ദേശീയ നിര്‍വ്വാഹക സമിതിയുടെ പരിപൂര്‍ണ്ണ സഹകരണത്തോടെയും, ആണ് സ്ത്രീ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

സെമിനാറില്‍ ശീമാട്ടി എന്ന പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനയുടമയും, വനിതാവ്യാപാരിയും, ഫാഷന്‍ ഡിസൈനറുമായ ശ്രീമതി ബീനാ കണ്ണന്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. വാസുകി IAS, ടെക്സാസ് ഫോര്‍ബെന്‍ഡ് കൗണ്ടി ജഡ്ജ് ജൂലി മാത്യു എന്നിവര്‍ പങ്കെടുക്കും.

ഇരുപത്തിരണ്ടാം നൂറ്റാണ്ടിലേക്ക് നാം ചുവട് വെയ്ക്കുമ്പോഴും, സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ വിവിധങ്ങളായ വെല്ലുവിളികളെ നേരിട്ട് കൊണ്ടിരിക്കുകയാണ്.പൊതുയിടങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം സമയത്തിന്റെ അളവുകോലില്‍ നിഷ്‌കര്‍ഷിക്കപീട്ടിരിക്കുന്നു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതങ്ങള്‍ മുന്‍പെങ്ങും ഇല്ലാത്ത വിധം അരികു വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തൊഴിലിടങ്ങളിലും, പൊതു നിരത്തുകളിലും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും, സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്നു.

സാമൂഹ്യ പൊതു പ്രവര്‍ത്തന രംഗത്ത് സ്ത്രീകള്‍ക്ക് വിവിധങ്ങളായ അവമതിപ്പുകള്‍ക്കും, വിവേചനങ്ങള്‍ക്കും ഇരകളാകുന്നു. തുല്യ നീതിയും, അവസരങ്ങളും നിഷേധിക്കപ്പെടുകയോ, ശാരീരികവും, മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരകളാക്കപ്പെടുകയോ ചെയ്യുന്നു. സ്ത്രീ സമൂഹം വിദ്യാഭ്യാസമോ തൊഴിലോ, വരുമാനമോ,അധികാരമോ , സുരക്ഷിതമോ , ഇല്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും തുടരുന്നുവന്നത് നിര്‍ഭാഗ്യകരമായ ഒരു വസ്തുതയാണ്.

ചരിത്രത്തിലുടനീളം വനിതകള്‍ സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഭാഗമായി ചെയ്തിട്ടുള്ള സംഭാവനകള്‍ വിസ്മരിക്കാവുന്നതല്ല. സ്ത്രീകളുടെ സമ്പൂര്‍ണ്ണവും ഫലപ്രദവുമായ പങ്കാളിത്തം എല്ലാ മേഖലകളിലും ഉണ്ടായിട്ടുണ്ട്. എല്ലാ മതങ്ങളും സ്ത്രീകളുടെ പരിരക്ഷയെ കുറിച്ചും, അവര്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ മഹത്വത്തെക്കുറിച്ചും, പ്രതിപാദിക്കുന്നുണ്ടെങ്കിലും, സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ലഭിക്കേണ്ട സ്ഥാനങ്ങളോ, അര്‍ഹിക്കുന്ന പരിരക്ഷയോ ലഭിക്കുന്നതിന് അവകാശ സമരങ്ങളുടെ പോര്‍മുഖങ്ങള്‍ തുറക്കേണ്ട അവസ്ഥയിലായിരുന്നുവെന്നത് വിസ്മരിക്കാനാവാത്ത സത്യമാണ്.

എന്നാല്‍ നിരന്തരമായ നിയമ പോരാട്ടങ്ങളിലൂടെയോ, മാധ്യമ വിചാരണകളിലൂടെയോ, നീതി നേടിയെടുക്കേണ്ട അവസ്ഥാ വിശേഷവും നിലവിലുണ്ട്. സാമൂഹ്യ-സാംസ്‌കാരിക-പ്രവൃത്തി മണ്ഡലങ്ങളില്‍ സ്ത്രീകള്‍ ഉന്നതികള്‍ കയ്യടക്കുമ്പോഴും, സ്ത്രീകളും പെണ്‍കുട്ടികളും അപമാനിക്കപ്പെടുകയോ, സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് നിന്ന് അവരെ വിലക്കുകയോ ചെയ്യുന്ന അവസ്ഥയും നിലവിലുണ്ട്.

സ്ത്രീ ശാക്തീകരണം മാറ്റ് ഏതു കാലഘട്ടത്തെക്കാളും പ്രസക്തമായ ഒരു സാമൂഹ്യ-രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. പുരോഗതിയുടെ നവീന സംസ്‌കൃതിക്ക് അനിവാര്യമായ ഒരു മാറ്റം കൈവരിക്കാന്‍ സ്ത്രീ ശാക്തീകരണം അനിവാര്യമാണ്. ഫേമസ് ഫൈവ് എന്നറിയപ്പെട്ട കാനഡയിലെ അഞ്ച് സ്ത്രീവിമോചന പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന എമിലി മര്‍ഫിയെപോലെയോ, രാഷ്ട്രീയ പോരാട്ടങ്ങളില്‍ തനതായ പങ്ക് നല്‍കിയ ഇന്ദിരാഗാന്ധിയെപോലെയോ സ്ത്രീ ശാക്തീകരണത്തിന്റെ നേതൃ സ്ഥാനത്തേക്ക് നിരവധിപേര്‍ ഉയര്‍ന്നു വരേണ്ടതുണ്ട്.

സ്ത്രീ ശാക്തീകരണത്തെ പ്രാധാന്യത്തെക്കുറിച്ചും, സ്ത്രീകള്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും അറിവുകള്‍ പങ്കു വെക്കുന്നസെമിനാറില്‍ എല്ലാവരും പങ്കുകൊള്ളണമെന്ന് വനിതാ ദേശീയ സമിതി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

മീറ്റിംഗ് ലിങ്ക്: https://zoom.us/j/97334229583

LEAVE A REPLY

Please enter your comment!
Please enter your name here