ചാക്കോ കളരിക്കല്‍

ലോകമെമ്പാടുമുള്ള കത്തോലിക്ക സഭാപൗരരും ആഗോള കത്തോലിക്ക പൗര സിനഡിന്റെ [International Catholic Citizens’ Synod (ICCS)] ഉപദേശക സമതി അംഗങ്ങളും ശ്രദ്ധാപൂര്‍വം വായിക്കുന്നതിനും മനനം ചെയ്യുന്നതിനും വേണ്ടിയാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. മെയ് 12, 2021-ല്‍ കെസിആര്‍എം നോര്‍ത് അമേരിക്കയുടെ സൂം മീറ്റിംഗില്‍ തുടക്കംകുറിച്ച ആഗോള കത്തോലിക്ക അല്മായ സിനഡിന്റെ പ്രവര്‍ത്തകരെ പൂര്‍ണഹൃദയത്തോടെ അനുമോദിക്കുന്നു.

അല്മായസിനഡിന്റെ ആദ്യകാല പ്രവര്‍ത്തന വേളയില്‍ത്തന്നെ അതിന്റെ പ്രധാന ലക്ഷ്യമെന്താണെന്ന് നാം വ്യക്തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട്, ചുരുക്കം ചില കാര്യങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തട്ടെ. ആദ്യമായിത്തന്നെ പറയട്ടെ, അല്മായ സിനഡ് മറ്റു സിനഡുകളെപ്പോലെതന്നെ ഒരു സംഘടനയല്ല. പലരും സംഘടനയെന്ന് എഴുതികണ്ടതുകൊണ്ട് സൂചിപ്പിക്കുന്നുയെന്നുമാത്രം. അല്മായ സിനഡ് ഒരു കൂട്ടായ്മയാണ്. മെത്രാന്മാരുടെ വിവിധങ്ങളായ സിനഡുകള്‍ സംഘടനകളല്ല; മറിച്ച്, മെത്രാന്‍ സംഘത്തിന്റെ കൂട്ടായ്മയും ലെജിസ്ലേറ്റീവ് ബോഡിയുമാണ്.

താല്‍കാലിക സ്വഭാവമുള്ള കാര്യങ്ങള്‍ സമയബന്ധിതമായി ഇടപെടാനുള്ള ഒരു പ്രസ്ഥാനമല്ല അല്മായ സിനഡ്. അത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ സഭയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന ധാരാളം വിമത സംഘടനകള്‍ നിലവിലുണ്ട്. കപ്യാരുടെ വിധവയ്ക്ക് ജോലി, ആതുര സേവന ആശുപത്രി തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടേണ്ടത് അല്മായസിനഡല്ല. മറിച്ച്, മറ്റ് സംഘടനകളാണ്.

പ്രത്യേക ലക്ഷ്യത്തോടെ രൂപീകരിച്ചിരിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ മുരടിപ്പിക്കുന്ന സ്വഭാവം സഭാപൗരരുടെ സിനഡിന് ഉണ്ടാകാന്‍ പാടില്ല. ഇന്ന് സ്വതന്ത്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗ്രുപ്പുകളെയും സംഘടനകളെയും വ്യക്തികളെയും കണ്ടുപിടിച്ച് അല്മായ സിനഡിലേയ്ക്ക് ആകര്‍ഷിച്ച് കൊണ്ടുവരുക എന്നതായിരിക്കണം ശൈശവാവസ്ഥയിലുള്ള ഈ സിനഡിന്റെ പ്രാധമിക പ്രവര്‍ത്തനം.

എന്നുവെച്ചാല്‍, ഒരേ ലക്ഷ്യത്തെ മുന്‍നിറുത്തി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ഒരു അല്മായ മുന്നേറ്റവും അതിലൂടെ അല്മായ ശാക്തീകരണവും സിനഡിലൂടെ സാധിച്ചെടുക്കണം. അതിന് സിനഡിന്റെ ഒരു രൂപരേഖ തയ്യാറാക്കി നയപ്രഖ്യാപനവും നടത്തി പൊതുജനത്തെ ബോദ്ധ്യപ്പെടുത്തണം. സിനഡിനെ നയിക്കുന്ന അദ് ഹോക്ക് കമ്മിറ്റി ഉള്‍ക്കൊള്ളുന്ന ഉപദേശക സമിതിയുടെ പക്ഷത്തുനിന്നും ഉണ്ടാകേണ്ട നീക്കമായിരിക്കണമത്.

അല്മായ സിനഡ് രൂപീകരണത്തിന്റെ പരമപ്രധാനമായ ലക്ഷ്യം വൈദിക-സന്യസ്ത-അല്മായ പ്രതിനിധികള്‍ക്കും മേല്പട്ടക്കാര്‍ക്കൊപ്പം തുല്യമായ ഒട്ടവകാശത്തോടുകൂടിയ ആഗോളസഭാസിനഡ് രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നതിന് മെത്രാന്മാരില്‍ സമ്മര്‍ദ്ധം ചെലുത്തുക എന്നതായിരിക്കണം. സഭാപൗരപ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ആഗോളസഭാസിനഡ് രൂപീകരണവിഷയത്തില്‍ അല്മായരുടെ പക്ഷത്തുനിന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാകാന്‍ പാടില്ല.

ഈ അടുത്ത ദിവസങ്ങളില്‍ നടന്ന സംഭവമാണല്ലോ ജര്‍മന്‍ കര്‍ദിനാള്‍ റെയ്‌നാര്‍ഡ് മര്‍ക്‌സ് (Cardinal Reinhard Marx) കര്‍ദിനാള്‍ പദവി രാജിവെച്ചതും പോപ്പ് ഫ്രാന്‍സിസ് ആ രാജി സ്വീകരിക്കാതെ നിരസിച്ചതും. സഭയില്‍ നവീകരണം തുടരണം എന്നതിന്റെ സൂചനയാണ് രാജി നിരസിക്കല്‍കൊണ്ട് പോപ്പ് ഫ്രാന്‍സിസ് ഉദ്ദേശിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്.

ഈ അവസരത്തില്‍ ജര്‍മന്‍ കത്തോലിക്ക സഭയിലെ സുപ്രീം സിനഡല്‍ അസംബ്ലിയെപ്പറ്റി പഠിക്കുന്നത് ഉചിതമാണ്. ആ അസ്സംബ്ലിയില്‍ മൊത്തം 230 അംഗങ്ങളാണുള്ളത്. മെത്രാപ്പോലീത്താമാര്‍, മെത്രാന്മാര്‍, സഹായമെത്രാന്മാര്‍, ജര്‍മന്‍ കത്തോലിക്കരുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന അല്മായര്‍, സന്യസ്ത പ്രതിനിധികള്‍, മറ്റു സഭാഗ്രൂപ്പുകളിലെ തെരെഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാം കൂടിയതാണ് സിനഡല്‍ അസംബ്ലി. ആ അസംബ്ലിയാണ് ജര്‍മന്‍ കത്തോലിക്ക സഭയെ സംബന്ധിക്കുന്ന ഏറ്റവും ഉയര്‍ന്ന തീരുമാനങ്ങള്‍ എടുക്കുന്നത്.

ഉദാഹരണമായി പറഞ്ഞാല്‍ സഭയിലെ അധികാരം, ലൈംഗിക സദാചാരം, പുരോഹിതരുടെ പങ്ക്, സഭയില്‍ സ്ത്രീകളുടെ സ്ഥാനം തുടങ്ങിയ പ്രധാന വിഷയങ്ങളിലെ തീരുമാനങ്ങള്‍ സിനഡല്‍ അസംബ്ലിയാണ് കൈക്കൊള്ളുന്നത്. ജര്‍മന്‍സഭ പാശ്ചാത്യ ലത്തീന്‍ സഭയാണ്. ലത്തീന്‍ കാനോന്‍ നിയമമാണ് അവര്‍ക്ക് ബാധകം. എന്നിരുന്നാല്‍പോലും, ജര്‍മന്‍ കത്തോലിക്ക സഭയുടെ സിനഡല്‍ അസംബ്ലി മെത്രാന്മാരോടൊപ്പം സഭാ പൗരരുടെയും വൈദികരുടെയും സന്യസ്തരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വളരെ ജനാധിപത്യപരമാണെന്നുള്ളത് നമ്മെ വിസ്മയിപ്പിക്കുകയും അതേസമയം നമ്മുടെ കണ്ണുകള്‍ തുറപ്പിക്കുകയും ചെയ്യേണ്ടതാണ്.

ഓരോ സഭയ്ക്കും അതിന്റ്റേതായ ഭരണനിയമം ആവശ്യമാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകാന്‍ ഇടയില്ല. സീറോ മലബാര്‍ സഭയുടെ ഭരണനിയമം ഇപ്പോള്‍ പൗരസ്ത്യ കാനോന്‍ നിയമമാണ്. മാര്‍തോമ നസ്രാണി സഭയിലെ പൂര്‍വകാല പാരമ്പര്യങ്ങളുടെ നാരായവേരറക്കുന്ന പൗരസ്ത്യ കാനോന്‍ നിയമം നമ്മുടെമേല്‍ അടിച്ചേല്‍പ്പിച്ച മെത്രാന്മാരോട് പൂര്‍വകാല തലമുറകളും ഈ തലമുറയും വരും തലമുറകളും മാപ്പു നല്‍കുകയില്ല.

കാരണം, മുന്‍തലമുറകളിലെ സഭാഭിമാനികളായ നേതാക്കന്മാര്‍ എന്തിനുവേണ്ടി പോരാടിയോ അവയെല്ലാം നശിപ്പിച്ച് തങ്ങളുടെ രാജാധികാരം സ്ഥാപിക്കുന്നതിനുവേണ്ടി പൗരസ്ത്യ കാനോന്‍ നിയമത്തെ അടിമകളെപ്പോലെ നിന്ന് ഏറ്റുവാങ്ങിയ ഈ തലമുറയിലെ മെത്രാന്മാര്‍ സഭാപൗരരെ മൊത്തം അപമാനിക്കുകയായിരുന്നു. മുന്‍തലമുറകള്‍ സമൂഹത്തിനുവേണ്ടി സമ്പാദിച്ച പള്ളിസ്വത്തുക്കളും സ്ഥാപനങ്ങളും കാനോന്‍ നിയമത്തിലൂടെ മെത്രാന്മാര്‍ പിടിച്ചെടുക്കുകയായിരുന്നു.

സഭാഭരണ പാരമ്പര്യങ്ങളെക്കുറിച്ച്, നസ്രാണിസഭയുടെ തനിമയെക്കുറിച്ച് എല്ലാം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത മെത്രാന്മാരും വൈദികരും മിര്‍ ജാഫര്‍മാരായി മാറി. കാരണം, കേരളസഭയുടെ അപ്പോസ്തലിക വ്യക്തിത്വത്തെയും തനിമയെയും അങ്ങ് പൗരസ്ത്യ ദേശത്ത് കിടക്കുന്ന ബാഗ്ദാദിലെ കല്‍ദായ ഈര്‍ക്കിലി സഭയ്ക്ക് അടിയറവയ്ക്കാന്‍ അധികാരത്തിന്റെ അപ്പക്കഷണം പ്രതിഫലമായി സ്വീകരിക്കുകയാണ് ചെയ്തത്. ഇത്തരുണത്തില്‍, സഭ മെത്രാന്മാരുടേതാണെന്നും അതൊരു ഭരണസംവിധാനമാണെന്നും അവര്‍ എങ്ങനെയും കാര്യങ്ങള്‍ നടത്തട്ടെയെന്നുമുള്ള അലക്ഷ്യഭാവം നാം കൈവെടിഞ്ഞേ മതിയാവൂ.

മെത്രാന്മാര്‍ അനധികൃതമായി കൈയ്യേറിയ പള്ളിസ്വത്തുക്കള്‍ തിരികെ അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കുന്നതുവരേയും ആ സ്വത്തുക്കള്‍ സുതാര്യമായി ഭരിക്കുന്നതുവരേയും മെത്രാന്‍തന്ത്രത്തെ ചെറുക്കേണ്ടത് ചിന്തിക്കുന്ന സഭാപൗരരുടെ കേവലം ക്രൈസ്തവമായ കടമ മാത്രമാണ്. കേരളത്തിലെ മാര്‍തോമ ക്രിസ്ത്യാനികള്‍ റോമന്‍ പൗരസ്ത്യ സഭകളില്‍ ഉള്‍പ്പെടുന്നില്ല. നസ്രാണിസഭ ഒരു അപ്പോസ്തലിക സഭയാണ്. റോമാസാമ്രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറം തോമ അപ്പോസ്തലനാല്‍ സ്ഥാപിച്ച ഏകസഭ ഭാരതസഭയാണ്.

ഭാരതസഭയുടെ പാരമ്പര്യമനുസരിച്ച് സഭയെന്നാല്‍ വിശ്വാസികളുടെ കൂട്ടായ്മയാണ്. ഇടവകകളുടെ സംഘമാണ് രൂപതാഭരണതലം. സമ്പത്തിന്റെ ഉടമസ്ഥാവകാശം അല്മായര്‍ക്കാണ്. റോമന്‍ പാശ്ചാത്യ-പൗരസ്ത്യ സഭകളില്‍ സഭയെന്നാല്‍ മാര്‍പാപ്പയും മെത്രാന്മാരും വൈദികരും എന്ന വികല കാഴ്ചപ്പാടാണ്. രൂപതയുടെ ഒരു പ്രാദേശിക യൂണിറ്റാണ് ഇടവക. സമ്പത്തിന്റെ ഉടമസ്ഥാവകാശം മെത്രാന്മാരില്‍ നിക്ഷിപ്തമാണ്. കേരളസഭയിലെ പള്ളിഭരണം തികച്ചും ജനാധിപത്യപരമായി അല്മായപങ്കാളിത്തത്തോടെയാണ് നിര്‍വഹിച്ചിരുന്നത്.

അതിനായി പല തട്ടിലുള്ള പള്ളിയോഗങ്ങള്‍ ഉണ്ടായിരുന്നു. ഇടവക പള്ളിയോഗം ഇന്ന് കേവലം ഒരു ഉപദേശക സമതിയാണ്. ഇടവകയോഗത്തെ പിരിച്ചുവിടാനും അംഗങ്ങളെ അയോഗ്യരാക്കാനുമുള്ള മെത്രാന്റെ അധികാരങ്ങള്‍ മാര്‍തോമ ക്രിസ്ത്യാനികളുടെ വിശുദ്ധ പാരമ്പര്യത്തിനു വിരുദ്ധമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനം ചെയ്ത സ്വയം ഭരണാധികാരം മെത്രാന്മാര്‍ക്കുമാത്രല്ല. മറിച്ച്, അത് സഭയുടെ ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശവും കടമയുമാണ്.

മാര്‍തോമ ക്രിസ്ത്യാനികളുടെ സഭാഭരണ പാരമ്പര്യം പള്ളിയോഗങ്ങളും സഭയ്ക്ക് മൊത്തത്തില്‍ മഹായോഗവും അഥവ സഭാസിനഡുമായിരുന്നു. ആയതിനാല്‍ ആഗോള കത്തോലിക്ക അല്മായ സിനഡിന്റെ ലക്ഷ്യം മെത്രാന്മാരും വൈദികപ്രതിനിധികളും സന്യസ്തപ്രതിനിധികളും അല്മായപ്രതിനിധികളും അടങ്ങുന്ന സഭാസിനഡ് സ്ഥാപിച്ചെടുക്കുക എന്നതായിരിക്കണം.

സഭാഭരണത്തിന് ജര്‍മന്‍ സഭയിലെപ്പോലെ ഒരു സുപ്രീം സിനഡല്‍ അസംബ്ലി സ്ഥാപിക്കാന്‍ സാധിച്ചാല്‍ ഇന്ന് സഭകളില്‍ നടക്കുന്ന സാമ്പത്തിക അഴിമതികള്‍ക്കും ലൈംഗിക അരാചകത്വത്തിനും ഒരു പരുധിവരെയെങ്കിലും തടയിടാനാകും. ദൈവജനത്തെ ഒന്നായിക്കണ്ട് ജനാധിപത്യത്തില്‍ ഊന്നിയുള്ള പൂര്‍വസഭാഭരണ സമ്പ്രദായത്തെ വീണ്ടെടുക്കാനും അല്മായ സിഡനു സാധിക്കും.

പ്രിയരേ, അതുകൊണ്ട് സഭയെ നൈയാമികമായി ഭരിക്കാന്‍വേണ്ടി എല്ലാ മെത്രാന്മാരും പുരോഹിത-സന്യസ്ത-അല്മായ പ്രതിനിധിക ളും ഉള്‍കൊള്ളുന്ന സഭയുടെ പരിശുദ്ധവും പരിപാവനവും പരമവുമായ ആഗോള സഭാ സിനഡ് സ്ഥാപിച്ചെടുക്കാനുള്ള പ്രയാണത്തില്‍ നമുക്ക് പങ്കുചേരാം. കല്‍ദായ ബുദ്ധുമാന്മാരാല്‍ വഞ്ചിക്കപ്പെട്ട നമുക്കും ഈ ചരിത്രസൃഷ്ടിക്ക് പങ്കാളികളാകാം.

LEAVE A REPLY

Please enter your comment!
Please enter your name here