സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഇന്ധനത്തിലും മദ്യത്തിലും നികുതി ചുമത്താനുള്ള സംസ്ഥാനത്തിന്റെ അവകാശം കേന്ദ്രത്തിന് വിട്ടുകൊടുക്കുന്നതിനെ അംഗീകരിക്കില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കേന്ദ്ര നടപടികളാണ് പെട്രോളിനും ഡീസലിനും വിലകൂടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ജി എസ് ടി വന്നശേഷം നികുതിയില്‍ സംസ്ഥാനങ്ങളുടെ അവകാശം ചുരുങ്ങിയെന്നും മന്ത്രി പറയുന്നു. ഇന്ധനത്തിലും മദ്യത്തിലുമാണ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നികുതി ചുമത്താവുന്നത്. നികുതി കിട്ടിയില്ലെങ്കില്‍ എങ്ങനെ ശമ്പളം കൊടുക്കുമെന്നും ആശുപത്രികളില്‍ എങ്ങനെ മരുന്നുവാങ്ങുമെന്നും മന്ത്രി ചോദിച്ചു. ജിഎസ്ടിയെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന വിമര്‍ശനവും അദ്ദേഹം നടത്തി.

എല്ലാം ജിഎസ്ടിയിലാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹം. ആള്‍ക്കഹോളും എല്‍ എന്‍ ജിയും ജി എസ് ടിയിലാക്കാന്‍ നേരത്തേ നീക്കം നടത്തിയിരുന്നു. എല്ലാം കേന്ദ്രം ഏകപക്ഷീയമായി നിയന്ത്രിച്ചാല്‍ സംസ്ഥാന ധനമന്ത്രിമാര്‍ കേന്ദ്രത്തിന് മുന്നില്‍ ഭിക്ഷാപാത്രങ്ങളുമായി യാചിക്കേണ്ടിവരുമെന്നും സംസ്ഥാന ധനമന്ത്രി പറഞ്ഞു.

ഇന്ധനത്തിലെ നികുതിയെക്കുറിച്ച് പ്രതികരിച്ച കെ എന്‍ ബാലഗോപാല്‍ കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ നികുതി കുറവാണെന്നും പറഞ്ഞു.കേന്ദ്രം ഇന്ധനത്തില്‍ 30 രൂപയോളം നികുതി ഈടാക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് പങ്കുവെക്കേണ്ടതില്ലാത്ത, കേന്ദ്രത്തിനുമാത്രം എടുക്കാവുന്ന നികുതി കൂട്ടുന്നതും ഇന്ധങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതുമാണ് അസംസ്‌കൃത എണ്ണയ്ക്ക് വിലകുറഞ്ഞാലും പെട്രോളിനും ഡീസലിനും വിലകൂടാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here