
ജോര്‍ജ് അബ്രഹാം
ആദിവാസികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണ ദിവസം ഇന്ത്യയിലെ ജനാധിപത്യത്തിനും ദേശീയ നേതൃത്വത്തിനും ഇരുണ്ട ദിനമാണെന്ന് യുഎസ്എയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് അബ്രഹാം. ഇന്ത്യന്‍ ജുഡീഷ്യറി അംഗങ്ങള്‍ അപമാന ഭാരത്താല്‍ തലകുനിക്കണമെന്നും അദ്ദേഹം രോഷത്തോടെ പറഞ്ഞു. ജയിലില്‍ ചികിത്സയിലായിരിക്കെ അദ്ദേഹം മരണപ്പെട്ടത് നീതിന്യായ വ്യവസ്ഥയുടെ പരാജയവും രാജ്യത്തിന് അപമാനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്രവാദികള്‍ക്കെതിരെ ഉപയോഗിക്കുന്ന യുഎപിഎ എന്ന ക്രൂരമായ നിയമം ചുമത്തിയാണ് ഫാ. സ്റ്റാന്‍ സ്വാമിയെ തടങ്കലില്‍ വെച്ചത്. ലോകത്തോട് മുഴുവന്‍ തങ്ങളുടെ സംസ്‌കാരത്തിന്റെ ഉന്നതിയേയും മാനുഷിക മൂല്യങ്ങളേയും കുറിച്ച് സംസാരിക്കുന്ന ഒരു രാജ്യം 84 വയസ്സുള്ള പാര്‍ക്കിന്‍സണ്‍ രോഗ ബാധിതനായ ഒരു വയോവൃദ്ധനോട് ചെയ്ത ക്രൂരത രാജ്യത്തിന് തന്നെ അപമാനകരമാണ്. ഒരല്‍പം വെള്ളം കുടിക്കാന്‍ ഒരു സ്‌ട്രോ ലഭിക്കുന്നതിനു പോലും അദ്ദേഹത്തിന് കോടതിയുടെ ഇടപെടല്‍ വേണ്ടി വന്നു. കോവിഡ് രോഗബാധിതനായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിലെ കാലതാമസമാണ് അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപഹരിച്ചത്.
നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരെന്ന് ഇന്ത്യയ്ക്ക് ഇനിയും അവകാശപ്പെടാന്‍ കഴിയുമോ? കഴിഞ്ഞ ആറ് വര്‍ഷത്തോളമായി രാജ്യത്ത് മാനുഷിക മൂല്യങ്ങള്‍ ചവിട്ടിയരക്കപ്പെടുകയാണ്. ഇത് പുനപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അധികാര വര്‍ഗ്ഗത്തിന് നേരെയുള്ള പ്രതികരണങ്ങളെ അടിച്ചമര്‍ത്തുന്ന രാജ്യത്ത് അഭിപ്രായ സ്വാതന്ത്രം എന്നത് ഭൂതകാലത്തില്‍ മാത്രമായി ഒതുങ്ങുന്നു.
ഫാ. സ്റ്റാന്‍ സ്വാമി അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവനും ആദിവാസികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായി ഉഴിഞ്ഞുവെച്ചു. വന്‍കിട കോര്‍പറേറ്റുകളുടെ ക്രൂരമായ നയങ്ങള്‍ക്ക് മുന്‍പില്‍ ശബ്ദിക്കാനാകാതെ പോയ ഒരു കൂട്ടം മനുഷ്യര്‍ക്ക് വേണ്ടി പടപൊരുതിയ ഫാ. സ്റ്റാന്‍ സ്വാമിയെ ദേശവിരുദ്ധനായി ചിത്രീകരിച്ചുകൊണ്ടാണ് അദ്ദേഹത്തോട് അവര്‍ പകരം വീട്ടിയത്.
മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടി ജയിലിലായിരിക്കുന്ന സുധാ ഭരധ്വാജിനെപ്പോലുള്ളവരെ ഓര്‍ക്കുവാനുള്ള സമയം കൂടിയാണിത്. അവരിപ്പോള്‍ ജയിലില്‍ അനാരോഗ്യത്തെത്തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്നും ജയിലില്‍ ജാമ്യാപേക്ഷയുമായി കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ കാരണമായേക്കും നമുക്ക് പ്രതീക്ഷിക്കാം.