
നിര്‍ണായകമായ ഒരു ദേശീയ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരുങ്ങിക്കഴിഞ്ഞുവെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡാറ്റാ അനലിറ്റിക്‌സ് വിഭാഗം ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി. കോവിഡ് മഹാമാരി മുതല്‍ കര്‍ഷക പ്രതിഷേധം വരെയുള്ള കാര്യങ്ങളില്‍ ഇന്ത്യ വളരെയധികം പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. അതോടൊപ്പം ആപത്കരമായ തുല്യതയില്ലായ്മയും ആരോഗ്യ മേഖലയിലെ വീഴ്ചകളും അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന രീതി നിരാശ്ശാജനകമാണെന്നും പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.
കോവിഡ് മഹാമാരി ജനങ്ങളുടെ ജീവിതത്തേയും ഉപജീവന മാര്‍ഗ്ഗങ്ങളേയും ഭയാനകമായാണ് ബാധിച്ചത്. ജിഡിപിയുടെ മാര്‍ക്ക്-ഇക്കണോമിക് നമ്പറുകളിലൂടെ മാത്രം കോവിഡും അതേത്തുടര്‍ന്നുള്ള ലോക്കഡൗണും വരുത്തിവെച്ച നഷ്ടങ്ങള്‍ മനസ്സിലാക്കാനാവില്ല. സാമൂഹിക മാനങ്ങളേയും അത് തകര്‍ത്തെറിഞ്ഞു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം വര്‍ദ്ധിപ്പിച്ചു. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന വിനാശകാരമായ ഈ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ പുതിയ നേതൃത്വം അത്യാവശ്യമാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറായിക്കഴിഞ്ഞുവെന്നും പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.
ജൂലൈ ഒന്ന് വ്യാഴാഴ്ച ന്യൂയോര്‍ക്ക് ക്വീനിലെ ജാസിസ് റസ്‌റ്റോറന്റില്‍ യുഎസ്എയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവീണ്‍ ചക്രവര്‍ത്തിക്ക് ആവേശകരമായ സ്വീകരണം നല്‍കി. കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ ആഘാതത്തില്‍ നിന്ന് പതിയെ മുക്തി നേടിക്കൊണ്ടിരിക്കുന്ന രാജ്യത്ത് പതിനെട്ട് മാസങ്ങള്‍ക്ക് ശേഷമാണ് സംഘടന ഒത്തുചേരല്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രവീണ്‍ ചക്രവര്‍ത്തിക്ക് നല്‍കിയ സംഭാവനകളെ പ്രശംസിച്ചുകൊണ്ട് ഡോ. സാം പിത്രോഡയാണ് മീറ്റിംഗിന് തുടക്കമിട്ടത്. ജനാധിപത്യം, സ്വാതന്ത്ര്യം, സമന്വയം എന്നിവയെ സംബന്ധിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് പ്രവാസികളോട് പങ്കുവെക്കണമെന്ന് യോഗത്തില്‍ സംബന്ധിച്ച പാര്‍ട്ടി അനുഭാവികളോട് സാം പിത്രോഡ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്തസത്ത വെളിപ്പെടുത്തുന്ന ഈ ആശയങ്ങള്‍ രാഷ്ട്രീയമായും സാമ്പത്തികമായും ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ അത്യാവശ്യമാണെന്നും പിത്രോഡ കൂട്ടിച്ചേര്‍ത്തു. മീറ്റിംഗില്‍ യുഎസ്എയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പുതിയ അംഗത്വ പോര്‍ട്ടല്‍ (www.iocusa.org) പ്രവീണ്‍ ചക്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. ഈ പോര്‍ട്ടല്‍ രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് വളരെ വേഗം മെമ്പര്‍ഷിപ്പ് നേടാനും സംഘടന പ്രോത്സാഹിപ്പിക്കാനും സഹായകമാകും.
ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ബോധ്യമുള്ള പ്രവാസികള്‍ക്ക് ഈ പുതിയ അംഗത്വ പോര്‍ട്ടല്‍ കൂടുതല്‍ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മൊഹീന്ദര്‍ സിംഗ് ഗില്‍സിയാന്‍ പറഞ്ഞു. ആദരസൂചകമായി പ്രവീണ്‍ ചക്രവര്‍ത്തിയെ ഷാള്‍ പുതപ്പിച്ച മൊഹീന്ദര്‍ സിംഗ് ഗില്‍സിയാന്‍ അദ്ദേഹം ചെയ്ത ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞു. ഐഒയുസിഎ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് അബ്രഹാം, ഹര്‍ബജന്‍ സിംഗ് സെക്രട്ടറി ജനറല്‍, വൈസ് പ്രസിഡന്റ് പ്രദീപ് സമാല, വൈസ് പ്രസിഡന്റ് ജോണ്‍ ജോസഫ്, വൈസ് പ്രസിഡന്റ് ഗുര്‍മീത് ബട്ടാര്‍, വൈസ് പ്രസിഡന്റ് രാജേഷ് അല്ലാഹ്, ജനറല്‍ സെക്രട്ടറി രാജേന്ദര്‍ ഡിച്പള്ളി, ജനറല്‍ സെക്രട്ടറി സോഫിയ ശര്‍മ്മ, തെലങ്കാനാ ചാപ്റ്റര്‍ പ്രസിഡന്റ് രാജേശ്വര്‍ റെഡ്ഡി, കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരോട്ട്, പഞ്ചാപ് ചാപ്റ്റര്‍ ചെയര്‍മാന്‍ സതീഷ് ശര്‍മ്മ, ഹരിയാന ചാപ്റ്റര്‍ പ്രസിഡന്റ് ഗുല്‍ഷന്‍ ഗോത്ര, ആന്ധ്രാപ്രദേശ് ചാപ്റ്റര്‍ പ്രസിഡന്റ് പവന്‍ ദര്‍ശി തുടങ്ങിയവര്‍ മീറ്റിംഗില്‍ സംസാരിച്ചു.