റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മേലധ്യക്ഷന്മാരായിരുന്ന അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, അഭിവന്ദ്യ ജോസഫ്  മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവരുടെ ദേഹവിയോഗത്തില്‍  സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി.

എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിനു പിതാക്കന്മാര്‍ നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും എന്നു ഫാ.ജോണ്‍ തോമസ് തന്റെ  അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ഒരു സഭയെ ദൈവം ജനങ്ങള്‍ക്ക് നല്‍കിയെങ്കില്‍ ജനങ്ങള്‍ അത് പല സഭകളാക്കി എന്ന ക്രിസോസ്റ്റം തിരുമേനിയുടെ വളരെ പ്രസിദ്ധമായ നര്‍മ്മരസത്തോടുള്ള നിരീക്ഷണം  പരാമര്‍ശിക്കപ്പെട്ടു.

വിടവാങ്ങിയ പിതാക്കന്മാരോടുള്ള ആദരസൂചകമായി യോഗം ഒരു നിമിഷം മൗനമാചരിച്ചു.  ജൂലൈ 11- നു സൂം പ്ലാറ്റഫോമില്‍ കൂടിയ യോഗത്തില്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച് ഓഫ് ഇന്ത്യയുടെ മുന്‍ പ്രിസൈഡിങ് ബിഷപ്പ് അഭിവന്ദ്യ ഡോ. സി.വി. മാത്യു, ബിഷപ്പ് ഡോ. ജോണ്‍സി ഇട്ടി എന്നിവര്‍ പ്രസംഗിച്ചു. എക്യൂമെനിക്കല്‍ ഫെഡറേഷന്‍ സെക്രട്ടറി പ്രേംസി ജോണ്‍ സ്വാഗതവും ട്രഷറര്‍  ജോണ്‍ താമരവേലില്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here