ന്യു യോര്‍ക്ക്-ന്യു ജെഴ്സി മേഖലയില്‍ അറുപതോളം മനുഷ്യരുടെ ജീവനെടുത്ത മഹാ പ്രളയത്തില്‍ കാണാതായ ഇന്ത്യക്കാരായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. എഡിസണില്‍ താമസിക്കുന്ന ധനുഷ് റെഡ്ഢി (31), രാരിറ്റനില്‍ താമസിക്കുന്ന മാല്‍തി കാഞ്ചെ (46) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കനത്ത പ്രളയത്തില്‍ ധനുഷ് റെഡ്ഢി 36 ഇഞ്ചുള്ള അഴുക്കുചാല്‍ പൈപ്പിലൂടെ ഒഴുകിപ്പോവുകയായിരുന്നു. സൗത്ത് പ്ലെയിന്‍ഫീല്‍ഡിലെ സ്റ്റെല്ട്ടന്‍ റോഡില്‍ നിന്ന് പിസ്‌കാറ്റവേയിലേക്കുള്ളതായിരുന്നു പൈപ്പ്.

ധനുഷിനൊപ്പം മറ്റൊരാള്‍ കൂടി പൈപ്പിലൂടെ ഒഴുകിപ്പോയെങ്കിലും തീവ്ര പരിശ്രമത്തിലൂടെ പോലീസ് ഇയാളെ രക്ഷിച്ചു. എന്നാല്‍ ധനുഷിനെ രക്ഷിക്കാന്‍ സാധിച്ചില്ല. വ്യാഴാഴ്ച രാവിലെയാണ് ധനുഷിന്റെ മൃതദേഹം പിസ്‌ക്കാറ്റവേയില്‍ സെന്റേനിയല്‍ അവന്യു ഭാഗത്തു നിന്നു കണ്ടെത്തിയത്. റട്ട്ഗേഴ്സ് യൂണിവേഴ്സിറ്റില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുംവഴിയാണ് മാലതി കാഞ്ചേ പ്രളയത്തില്‍ അകപ്പെട്ടത്. വഴിമധ്യേ വെള്ളപ്പൊക്കമുണ്ടായതോടെ ഇവര്‍ കാറില്‍ നിന്ന് ഇറങ്ങിയെങ്കിലും നീന്തലറിയാതിരുന്നതിനാല്‍ വെള്ളത്തില്‍ അകപ്പെട്ടുപോവുകയായിരുന്നു.

കനത്ത നാശം വിതച്ച് ഐഡ ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഒറ്റ രാത്രികൊണ്ട് നിരവധി യാത്രക്കാരാണ് ന്യൂയോര്‍ക്ക് സബ്വേ സ്റ്റേഷനുകളില്‍ കുടുങ്ങിയത്. അറുപതോളമാളുകളാണ് ഇതുവരെ പ്രളയത്തില്‍ മരണപ്പെട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here