വാഷിങ്‌ടൺ: ആഗസ്ത്‌ 17 മുതൽ കാബൂൾ വിമാനത്താവളം മുഖേന അമേരിക്ക ഒഴിപ്പിച്ചവരിൽ 60,000 അഫ്‌ഗാൻ പൗരരും. യുഎസിൽ എത്തിയവരിൽ 17 ശതമാനംപേർ അമേരിക്കൻ പൗരരോ രാജ്യത്ത്‌ സ്ഥിരമായി താമസിക്കുന്നവരോ ആണ്‌. ബാക്കിയുള്ളവർ നാറ്റോ സംഘത്തിന്റെ ഭാഗമായവരും മറ്റു രാജ്യങ്ങളിൽനിന്നുള്ളവരുമാണ്‌.

അതേസമയം, അമേരിക്കൻ സൈനിക പിന്മാറ്റത്തിനുശേഷം കാബൂൾ വിമാനത്താവളത്തിൽനിന്ന്‌ ആദ്യ അന്താരാഷ്ട്ര യാത്രാവിമാനം പുറപ്പെട്ടു. അമേരിക്കക്കാരും മറ്റു രാജ്യക്കാരും ഉൾപ്പെടെ 200 പേരാണ്‌ വിമാനത്തിലുണ്ടായത്‌. വിദേശികൾക്കും രാജ്യംവിടാൻ ആഗ്രഹിക്കുന്ന അഫ്‌ഗാൻകാർക്കും സുരക്ഷിത യാത്ര ഉറപ്പാക്കുമെന്ന്‌ താലിബാൻ പറഞ്ഞിരുന്നു. എന്നാൽ, മസാരെ ഷെരീഫ്‌ വിമാനത്താവളത്തിൽ യാത്രയ്‌ക്കെത്തിയ നിരവധിയാളുകളെ രേഖകൾ ഇല്ലെന്നുപറഞ്ഞ്‌ താലിബാൻകാർ തടഞ്ഞത്‌ വിമർശമുയർത്തിയിരുന്നു. അതിനിടെ, കാബൂളിലെ 60 ലക്ഷം ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ്‌ താൻ രാജ്യം വിട്ടതെന്ന്‌ മുൻ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗനി അവകാശപ്പെട്ടു. 16.9 കോടി ഡോളറുമായാണ്‌ യുഎഇയിലേക്ക്‌ പോയതെന്ന്‌ റിപ്പോർട്ടുണ്ടായിരുന്നു. ഇത്‌ ഗനി തള്ളി. ആരോപണത്തിൽ സ്വതന്ത്ര അന്വേഷണവും ആവശ്യപ്പെട്ടു.

അഫ്ഗാനിൽ കൊല്ലപ്പെട്ട യുഎസ് സൈനികർക്ക്‌ ‘പര്‍പ്പിള്‍ ഹാര്‍ട്സ്’
അഫ്ഗാനിസ്ഥാനിൽനിന്നുള്ള കുടിയൊഴിപ്പിക്കൽ ദൗത്യത്തിനിടെ ഉണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരെ അമേരിക്ക മരണാനന്തര ബഹുമതിയായ പര്‍പ്പിള്‍ ഹാര്‍ട്സ് നല്‍കി ആദരിച്ചു. കാബൂൾ വിമാനത്താവളത്തിന്റെ അബേ ഗേറ്റിൽ ഉണ്ടായിരുന്ന 13 സൈനികരാണ് ആഗസ്ത് 26ന്‌  കൊല്ലപ്പെട്ടത്. രാജ്യം വിടാൻ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നവരിൽ 169 പേരും കൊല്ലപ്പെട്ടു.‍‍‍

ഒഹായോയിലെ ബെർലിൻ ഹൈറ്റ്സിലെ നേവി കോർമാനായ മാക്സ്റ്റൺ സോവിയാക്കി (22)ന്‌ പർപ്പിൾ ഹാർട്ടിനു പുറമെ  ഹോസ്‌പിറ്റൽ കോർമാൻ തേഡ് ക്ലാസിലേക്ക് സ്ഥാനക്കയറ്റവും  ഫ്ലീറ്റ് മറൈൻ ഫോഴ്സ് കോർമാൻ വാർഫെയർ ബാഡ്ജും നൽകി.

 

LEAVE A REPLY

Please enter your comment!
Please enter your name here