പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ കീഴില്‍ കാബിനറ്റ് മന്ത്രിയും പിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ദാര്‍ സംഗത് സിംഗ് ഗില്‍സിയാനെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, യുഎസ്എ അഭിനന്ദിച്ചു. ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ലുബാന സമുദായത്തില്‍ പെട്ട ഗില്‍സിയാനെ കഴിഞ്ഞ മന്ത്രിസഭാ വിപുലീകരണ വേളയില്‍ അമരീന്ദര്‍ സിംഗ് അവഗണിച്ചിരുന്നു. പാര്‍ട്ടി പിന്നോക്ക വിഭാഗത്തെ അവഗണിക്കുകയാണെന്ന് ഗില്‍സിയാന്‍ അന്ന് പരാതിപ്പെട്ടിരുന്നു.

പുതിയ പിസിസി പ്രസിഡന്റായ നവജ്യോത് സിംഗ് സിദ്ദുവിന്റെ കീഴില്‍ പിസിസി പുനസംഘടിപ്പിച്ചപ്പോള്‍, ഹൊഷിയാര്‍പൂര്‍ ജില്ലയിലെ തണ്ടര്‍മുര്‍ സീറ്റിനെ പ്രതിനിധീകരിക്കുന്ന എംഎല്‍എയ്ക്ക് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നല്‍കി. 2007 ല്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് തണ്ടര്‍മ്മൂര്‍ നിയമസഭാ വിഭാഗത്തില്‍ നിന്ന് വിമതനായി മത്സരിച്ചിരുന്നു.

യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാതെ, 2007 മുതല്‍ തുടര്‍ച്ചയായി മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഗില്‍സിയാന്‍ തന്റെ കുടുംബത്തില്‍ നിന്ന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ആദ്യത്തെയാളാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് മുമ്പ് പതിനഞ്ച് വര്‍ഷത്തോളം അദ്ദേഹം ഗില്‍സിയാന്‍ ഗ്രാമത്തിലെ സര്‍പഞ്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തന്റെ വോട്ടര്‍മാരുമായി ശക്തമായ ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഗില്‍സിയാന്‍. മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ടെലിഫോണ്‍ കോളുകള്‍ പരിചിതമല്ലാതിരുന്ന 2007ല്‍ പഞ്ചാബില്‍ നിന്ന് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ മീഡിയയെ അതിവിദഗ്ദമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

അദ്ദേഹത്തിന്റെ പിതാവ് ഒരു കൃഷിക്കാരനായിരുന്നു. രാഷ്ട്രീയത്തില്‍ ചേരുന്നതിന് മുമ്പ് ഗില്‍സിയാന് ഒരു റൈസ് ഷെല്ലര്‍ സ്വന്തമായുണ്ടായിരുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ സഹോദരന്മാരില്‍ ഒരാളായ മൊഹീന്ദര്‍ സിംഗ് ഗില്‍സിയാന്‍ യുഎസ്എ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റാണ്.

സംഗത് സിംഗ് ഗില്‍സിയാന്‍ യുഎസ്എയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ വിശ്വസ്ത സുഹൃത്തായി തുടരുന്നു. പഞ്ചാബിലെ ഒബിസി വിഭാഗത്തിന്റെ ദീര്‍ഘകാല പരാതികള്‍ ഒരിക്കല്‍ കൂടി രാഷ്ട്രീയ വിഷയമാക്കി അവതരിപ്പിച്ച സര്‍ദാര്‍ സംഗത് സിംഗ് ഗില്‍സിയാന് ഐഒസിഎസ്എ ആശംസകള്‍ നേരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here