നീരവ് മോദിക്ക് യുഎസിലും തിരിച്ചടി. ബിനാമി ഇടപാടിലൂടെ നീരവ് നിയന്ത്രിച്ചിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്ന അപേക്ഷ ന്യൂയോര്‍ക്കിലെ പാപ്പര്‍ കോടതി തള്ളി. ഫയര്‍സ്റ്റാര്‍ ഡയമണ്ട്, ഫാന്റസി ഇന്‍ക്, എ ജഫെ എന്നീ കമ്പനികളുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

സാമ്പത്തിക നഷ്ടം നേരിട്ടവര്‍ക്ക് കുറഞ്ഞത് 15 മില്യന്‍ യുഎസ് ഡോളറെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിയോഗിച്ച ട്രസ്റ്റി റിച്ചാര്‍ഡ് ലെവിന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ആരോപണങ്ങളും തളളണമെന്ന് ആവശ്യപ്പെട്ടായിരുന്നു നീരവ് മോദി സതേണ്‍ ഡിസ്ട്രിക്ട് ന്യൂയോര്‍ക്ക്് ബാങ്ക്റപ്റ്റി കോടതിയെ സമീപിച്ചത്.

വഞ്ചന, വിശ്വാസത്തില്‍ അധിഷ്ടിതമായ ഉത്തരവാദിത്വത്തിന്റെ ലംഘനം ഉള്‍പ്പെടെയുളള കുറ്റങ്ങളാണ് നീരവ് മോദിക്കും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ തട്ടിപ്പിലൂടെ പഞ്ചാബ് നാഷണല്‍ ബാങ്കിനും മറ്റ് ബാങ്കുകള്‍ക്കുമായി ഒരു ബില്യന്‍ യുഎസ് ഡോളറിലധികം നഷ്ടം നേരിട്ടതായും 60 പേജ് വരുന്ന ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ യുകെയില്‍ ജയിലിലാണ് നീരവ് മോദി.

 

LEAVE A REPLY

Please enter your comment!
Please enter your name here