അജു വാരിക്കാട്.
 
ഹ്യൂസ്റ്റൺ : ഇരുപത്തിയൊന്നാമത് ഭദ്രാസന യുവജനസഖ്യം സമ്മേളനത്തിന് ആവേശോജ്വലമായ പരിസമാപ്തി. കോവിഡ്  പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കോൺഫ്രൻസ് നടത്താനാകുമോ എന്ന്   പോലും ചിന്തിച്ചിരുന്ന സാഹചര്യത്തിൽ നിന്നും വ്യത്യസ്തമായി, അചഞ്ചലമായ ദൈവാശ്രയ ബോധത്തിൽ നിന്നുകൊണ്ടായിരുന്നു ഇമ്മാനുവേൽ മാർത്തോമാ യുവജനസഖ്യം ഈ കോൺഫറൻസിന്റെ നടത്തിപ്പുമായി മുൻപോട്ടു പോയത്.
ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ, ഫിലഡൽഫിയ യൂത്ത് ചാപ്ലിൻ റവ:തോമസ് കെ മാത്യു, സിയാറ്റിൽ മാർത്തോമാ ഇടവക വികാരി റവ. മനു വർഗീസ് എന്നിവർ കോൺഫറൻസിനു മുഖ്യ  നേതൃത്വം നൽകി. ശ്രീമതി നീനു മേരി വർഗ്ഗിസ്  കുട്ടികളുടെ സെഷന് നേതൃത്വം നൽകി. ഭദ്രാസന സെക്രട്ടറി റവ: അജു എബ്രഹാം, യുവജനസഖ്യം ഭദ്രാസന വൈസ് പ്രസിഡൻറ് റവ: സാം റ്റി മാത്യു, ഇമ്മാനുവേൽ യുവജനസഖ്യം  പ്രസിഡണ്ടും  ഇടവക വികാരിയുമായ  റവ: ഈപ്പൻ വർഗീസ്, ട്രിനിറ്റി ഇടവക വികാർ ഇൻ ചാർജ്  റവ: റോഷൻ.വി. മാത്യുസ് എന്നിവർ കോൺഫറൺസിൽ മറ്റു വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
നവംബർ 12ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിച്ച സമ്മേളനത്തിൽ, അമേരിക്കയിലെ  വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിലും ഉള്ള യുവജനസഖ്യം പ്രവർത്തകർ പങ്കെടുത്തു. കോൺഗ്രസിന്റെ ഉദ്ഘാടന സെഷനിൽ കോൺഫ്രൻസ് സുവനീർ, ഭദ്രാസന യുവജനസഖ്യത്തിൻറെ കോൺഫറൻസ് സ്‌പെഷ്യൽ എഡിഷൻ  യുവധാര എന്നിവ പ്രകാശനം ചെയ്തു. 2020-21 ൽ ഓരോ റീജ്വനുകളിൽ നിന്നും മികച്ച പ്രവർത്തനം കാഴ്ചവെച്ച ശാഖക്കുള്ള പുരസ്കാരങ്ങൾ തദവസരത്തിൽ നൽകി. അറ്റ്ലാന്റാ  മാർത്തോമാ യുവജനസഖ്യം, ഷിക്കാഗോ മാർത്തോമാ യുവജനസഖ്യം, ക്രിസ്തോസ് മാർത്തോമാ യുവജനസഖ്യം ഫിലഡൽഫിയ, സാൻഫ്രാൻസിസ്കോ മാർത്തോമാ യുവജനസഖ്യം, ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ യുവജനസഖ്യം ഡാലസ് , ലോങ്ങ് ഐലൻഡ് മാർത്തോമാ യുവജനസഖ്യം ന്യൂയോർക്ക് . സെൻറ് മാത്യൂസ് മാർത്തോമാ യുവജനസഖ്യം ടൊറാന്റൊ കാനഡ എന്നീ ശാഖകൾക്കാണ് അവാർഡ് ലഭിച്ചത്. കോൺഫറൻസിന്റെ ഉത്‌ഘാടന സമ്മേളനത്തിന് ശേഷം നടന്ന തീം പ്രസന്റേഷൻ  ഒരു വേറിട്ട അനുഭവമായിരുന്നു. ഇമ്മാനുവേൽ യുവജനസഖ്യാഗമായ മെവിൻ ജോൺ എബ്രഹാം എഴുതി സംവിധാനം ചെയ്ത തീം പ്രെസൻറ്റേഷൻ സ്കിറ്റ് ഫല ദായക ശിഷ്യത്വത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചു.
നവംബർ 13 ശനിയാഴ്ച രാവിലെ നടന്ന ആരാധനയ്ക്ക്  ഓസ്റ്റിൻ മാർത്തോമ യുവജന സഖ്യം നേതൃത്വം നൽകി. തുടർന്നുള്ള മുഖ്യ പ്രഭാഷണം സിയാറ്റിൽ മാർത്തോമാ ഇടവക വികാരി റവ. മനു വർഗീസ് നയിച്ചു. യഥാർത്ഥമായ ക്രിസ്തു ശിഷ്യത്വം എപ്രകാരമായിരിക്കണം എന്ന് പഴയനിയമ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് അച്ചൻ പഠിപ്പിച്ചു. തുടർന്നു നടന്ന വേദ പഠന ക്ലാസുകൾക്ക് ഫിലഡൽഫിയ യൂത്ത് ചാപ്ലിൻ റവ:തോമസ് കെ മാത്യു നേതൃത്വം നൽകി. ശനിയാഴ്ച വൈകുന്നേരം നടന്ന കൾച്ചറൽ പ്രോഗ്രാമിൽ ട്രിനിറ്റി മാർത്തോമാ യുവജന സഖ്യവും ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജന സഖ്യവും അവതരിപ്പിച്ച സ്കിറ്റുകൾ മികച്ച നിലവാരം പുലർത്തി. കോൺഫറൻസിന് ധനസമാഹരണത്തിന് ഭാഗമായി വിറ്റഴിച്ച റാഫിൾ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഇതോടൊപ്പം  ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പായുടെ സാന്നിധ്യത്തിൽ നടത്തുകയും ചെയ്തു. ഒന്നാം സമ്മാനമായ ആപ്പിൾ മാക് ബുക്ക് നേടിയത് ശ്രീമതി ആനി ജോർജ് മാമൻ കരസ്ഥമാക്കിയ റാഫിൾ ടിക്കറ്റ് നമ്പർ 1036 നാണ് . രണ്ടാം സമ്മാനമായ ഐഫോൺ ലഭിച്ചത് ട്രിനിറ്റി ഇടവകാംഗമായ ഫിലിപ്പ് കൊച്ചുമ്മന്റെ  റാഫിൾ ടിക്കറ്റ് നമ്പർ 1625 നാണ്.  റാഫിൾ ടിക്കറ്റ് നമ്പർ 1789 കരസ്ഥമാക്കിയ ന്യൂയോർക്കിൽ നിന്നുള്ള സുജ നൈനാൻ മൂന്നാം സമ്മാനമായ ആപ്പിൾ വാച്ചിന് അർഹയായി. ശനിയാഴ്ച സന്ധ്യാനമസ്കാരത്തിന് കാനഡ റ്റൊറാന്റാ മാർത്തോമാ യുവജനസഖ്യം നേതൃത്വം നൽകി.
കോൺഫറൻസിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ കൺവീനർ ആയി പ്രവർത്തിച്ച സിജു ഫിലിപ്പ് ഏറ്റവും മികച്ച സംഘടനാ പ്രവർത്തകർക്കുള്ള മാതൃകാ പുരസ്കാരം അന്നേ ദിവസം ഭദ്രാസന  എപ്പിസ്കോപ്പായിൽ നിന്ന് ഏറ്റുവാങ്ങി.
കോൺഫറൻസിന് മെഗാ സ്പോൺസർ ഡാലസിൽ നിന്നുള്ള ഡി എഫ് ഡബ്ലിയു ഇൻഷുറൻസ് ആൻഡ് ഫിനാൻശ്യൽ സർവീസിന്റെ ജെയ് വർഗീസ് ആണ്.  പ്ലാറ്റിനം സ്പോൺസർ ആയത് യുഎസ് ഹെൽത്ത് അഡ്വൈസർസിൽ നിന്നുള്ള ഡാരൽ റീഡ് ആണ്.
നവംബർ 14 ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് വിശുദ്ധ കുർബാനക്ക് അഭിവന്ദ്യ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ നേതൃത്വം നൽകുകയും അതിനുശേഷം നടന്ന സമാപന സമ്മേളനത്തിൽ ഇരുപത്തിരണ്ടാമത് ഭദ്രാസന യുവജനസഖ്യം കോൺഫറൻസിന് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജനസഖ്യം ആതിഥേയത്വം വഹിക്കുന്നതാണ് എന്ന് അഭിവന്ദ്യ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ അറിയിച്ചു. അതേ തുടർന്ന് ഫാർമേഴ്സ് ബ്രാഞ്ച് യുവജനസഖ്യ അംഗങ്ങൾ ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ  യുവജന സഖ്യത്തിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി. കോവിഡ്  കാലഘട്ടത്തിലും 250 പരം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിജയകരമായി ഒരു കോൺഫറൻസ്  നടത്താനായതിലുള്ള സന്തോഷം കോ കൺവീനർ അനി ജോജി പങ്കുവെച്ചു.
 

LEAVE A REPLY

Please enter your comment!
Please enter your name here