പോലീസ് നായയെ വടിവാള്‍ ഉപയോഗിച്ച് വെട്ടുകയും പോലീസുകാരന്റെ മുഖത്ത് പരുക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിയെ ഒടുവില്‍ വെടിവെച്ചു കൊന്നു. സിയാറ്റില്‍ ജനുവരി അഞ്ചിന് നടന്ന സംഭവത്തിന്റെ വീഡിയോ പോലീസ് പുറത്തു വിട്ടു. ഒരു വീട്ടില്‍ മോഷണം നടന്നുവെന്നും മോഷ്ടാവ് കയ്യില്‍ വടിവാളുമായി പരിസരവാസികളെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു എന്നുമുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്.

പോലീസ് എത്തുമ്പോള്‍ മോഷ്ടാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് പോലീസ് ഇയാളെ പിന്തുടര്‍ന്ന് കണ്ടെത്തി. ഒരു ടവ്വല്‍ മാത്രം ഒടുത്ത് കയ്യിലൊരു വടിവാളുമായി പോലീസിനെ വെട്ടിച്ച് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഇയാള്‍ക്ക് നേരെ തോക്കു ചൂണ്ടി. പോലീസ് ഓഫീസറായ ടിം ജോണ്‍സണ്‍ ആണ് മോഷ്ടാവിനെതിരെ തോക്ക് ചൂണ്ടിയത്.

മര്യാദയ്ക്ക് കത്തി താഴെയിടാനും കീഴടങ്ങാനും ജണ്‍സണ്‍ പ്രതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുസരിക്കാന്‍ തയ്യാറാകാതിരുന്ന പ്രതി കൂടുതല്‍ വേഗത്തില്‍ ഓടി. ഇതോടെ പോലീസ് ഇയാള്‍ക്ക് നേരെ പോലീസ് നായയെ അഴിച്ചു വിട്ടു. നായ ഇയാള്‍ക്കടുത്തേക്ക് കുതിച്ചെത്തിയെങ്കിലും പ്രതി നായയ്ക്ക് നേരെ വടിവാള്‍ വീശി. പല തവണ ഇയാള്‍ നായയെ വെട്ടി.

വെട്ടു കൊണ്ടിട്ടും പിന്മാറാതെ ഉശിരോടെ നിന്ന പോലീസ് നായ ഇയാളുടെ തോര്‍ത്ത് കടിച്ചെടുക്കുകയും ഇയാളെ ആക്രമിക്കുകയും ചെയ്തു. അപ്പോഴേയ്ക്കും പോലീസ് ഓഫീസര്‍ ടിം ജോണ്‍സണ്‍ പ്രതിക്കടുത്തെത്തിയിരുന്നു. എന്നാല്‍ തുണിയില്ലാതെ നായയുടെ മുന്നില്‍ അകപ്പെട്ട അവസ്ഥയിലും ഇയാള്‍ പോലീസിന് നേരെയും വടിവാള്‍ വീശി. ആക്രമണത്തില്‍ ജോണ്‍സന്റെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു.

ഇതോടെ ജോണ്‍സണ്‍ പ്രതിയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. പോലീസില്‍ പതിനനഞ്ച് വര്‍ഷത്തെ സര്‍വ്വീസുള്ള ഓഫീസറാണ് ജോണ്‍സണ്‍. ഡിപ്പാര്‍ട്ട്മെന്റ് പോളിസി പ്രകാരം ജോണ്‍സിനെ ശമ്പളത്തോടുകൂടിയ അഡ്മിനിസ്ട്രേറ്റീവ് അവധിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. ഫോഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ടീമും പോലീസ് അക്കൗണ്ടബിലിറ്റി ഓഫീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നു

 

 

LEAVE A REPLY

Please enter your comment!
Please enter your name here