സഹപാഠികളെ ലൈംഗികമായി പീഡിപ്പിച്ച വിദ്യാര്‍ത്ഥിയെ റസിഡന്‍ഷ്വല്‍ ട്രീറ്റ്‌മെന്റ് ഹോമിലേക്കയച്ചുകൊണ്ട് കോടതി വിധി. ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥിനികളുടേയും അവരുടെ കുടുംബത്തിന്റേയും നിര്‍ദ്ദേശ പ്രകാരമാണ് ജുവനൈല്‍ ജയിലിലേക്കയക്കുന്നതിന് പകരം പ്രതിയെ റസിഡന്‍ഷ്വല്‍ ട്രീറ്റ്‌മെന്റ് ഹോമിലേക്കയച്ചത്. പതിനഞ്ചു വയസ്സുകാരനായ വിദ്യാര്‍ത്ഥിയാണ് സഹപാഠികളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.

അതേസമയം ജുവനൈല്‍ കേസില്‍ താന്‍ മുമ്പൊരിക്കലും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ജഡ്ജി പമേല ബ്രൂക്സ് പറഞ്ഞു. ജുവനൈല്‍ ജയിലിന് പകരം റെസിഡന്‍ഷ്യല്‍ ചികിത്സാ കേന്ദ്രത്തിലേക്ക് പ്രതിയെ അയക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടികളുടേയും കുടുംബാംഗങ്ങളുടെയും തീരുമാനം വളരെ ധീരവും ഉദാരവുമാണെന്നും ജഡ്ജി പറഞ്ഞു.

കഴിഞ്ഞ മെയ് മാസത്തില്‍ സ്‌കൂള്‍ ബാത്ത്റൂമില്‍ വെച്ചാണ് പതിനാലുകാരിയായ ആദ്യത്തെ പെണ്‍കുട്ടിയെ പ്രതി ആക്രമിച്ചത്. സ്റ്റോണ്‍ ബ്രിഡ്ജ് ഹൈസ്‌കൂളില്‍ വെച്ചാണ് രണ്ടാമത്തെ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. ഇരയാക്കപ്പെട്ടവരില്‍ ഒരാളുടെ പിതാവായ സ്മിത്ത് നിനക്ക് മാറാന്‍ ഇനിയും സമയമുണ്ടെന്ന് പ്രതിയോട് പറഞ്ഞു. ഞാന്‍ നിന്നോട് സൗഹൃദത്തിലായിരുന്നിട്ടും ഞാനൊരു എളുപ്പമുള്ള ടാര്‍ജറ്റ് ആണെന്നാണോ നീയെന്നെ വിലയിരുത്തിയതെന്ന് ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളിലൊരാളും പ്രതിയോട് ചോദിച്ചു.

ആക്രമണത്തിന് ശേഷം താന്‍ അനുഭവിച്ച ഭീകരമായ മെന്റല്‍ ട്രോമയെക്കുറിച്ച് രണ്ടാമത്തെ പെണ്‍കുട്ടി സംസാരിച്ചു. താന്‍ എല്ലാത്തില്‍ നിന്നും ഉള്‍ വലിഞ്ഞ് ഒറ്റപ്പെട്ടുപോയി. ഒരുപാട് സമയമെടുത്ത് ഏറെ പണിപ്പെട്ടാണ് താന്‍ തിരിച്ചു വന്നുകൊണ്ടിരിക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. അതേസമയം പ്രതിയായ ആണ്‍കുട്ടി താന്‍ ആക്രമിച്ച പെണ്‍കുട്ടികളോടും അവരുടെ കുടുംബാംഗങ്ങളോടും മാപ്പ് പറഞ്ഞു. ഇനി ജീവിതത്തിലൊരിക്കലും താന്‍ ആരെയും ഇങ്ങനെ വേദനിപ്പിക്കില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here