ഫിലിപ്പ് മാരേട്ട്

ന്യൂ ജേഴ്‌സി: കാലാവസ്ഥാ വ്യതിയാനം എന്നാൽ എന്താണെന്നും ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ എങ്ങനെ കാര്യമായി ബാധിക്കുന്നു എന്നും നമ്മൾ തിരിച്ചറിയുക. മനുഷ്യൻ മൂലമുണ്ടാകുന്ന ആഗോളതാപനവും ഭൂമിയുടെ കാലാവസ്ഥാ രീതികളിൽ വരുന്ന മാറ്റത്തെയും ആണ് കാലാവസ്ഥാ വ്യതിയാനമായി പൊതുവെ നിർവചിച്ചിരിക്കുന്നത്. എന്നാൽ സ്വാഭാവിക കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് വ്യത്യസ്തമാക്കുന്ന ചില ദീർഘകാല പ്രവണതകൾകൊണ്ട് ലോകം നിരവധി ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികളെയാണ് ഇപ്പോൾ നേരിടുന്നത്. ഇത്തരം രീതികൾ ഭൂമിയുടെ ചരിത്രത്തിൽതന്നെ ഏതൊരു സംഭവത്തേക്കാളും ദ്രുതഗതിയിലുള്ള മാറ്റങ്ങളായിട്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ രീതി തുടർന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നതിൽ സംശയമില്ല.

എന്താണ് കാലാവസ്ഥാ വ്യതിയാനത്തിനുള്ള പ്രധാന കാരണം?. നമ്മൾ ഉപയോഗിക്കുന്ന ഹരിതഗൃഹ വാതകങ്ങൾ, അതുപോലെ ഊർജ ഉപയോഗത്തിനായി ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതുമൂലം ഉണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ എന്നിവയുടെ ഉദ്വമനം, കൂടാതെ ഉരുക്ക് നിർമ്മാണം, സിമന്റ് ഉൽപ്പാദനം, വനനഷ്ടം, സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന മഞ്ഞുമൂടിയ നഷ്ടം, വരൾച്ച ബാധിച്ച വനങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ, ഇവയെല്ലാം ആഗോള താപനില വർദ്ധനവിനെ ബാധിക്കുന്നതു കാരണം, ഇപ്പോഴുളള ആഗോളതാപനം അഭൂതപൂർവമായ കാലാവസ്ഥാ വ്യതിയാനമാണ് സൃഷ്ഠിച്ചിരിക്കുന്നത്. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ നാശത്തിലേക്കു നയിക്കുന്നു.

വ്യാവസായികത്തിനു മുമ്പുള്ള കാലഘട്ടം മുതൽ ഭൂപ്രദേശങ്ങളിലെ ശരാശരി ഉപരിതല താപനില, ആഗോള ഉപരിതല താപനിലയേക്കാൾ ഇരട്ടി വേഗത്തിൽ വർദ്ധിച്ചു എന്നതും, അതുപോലെ വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള മനുഷ്യൻ്റെ സ്വാധീനംമൂലം, അന്തരീക്ഷത്തെയും, സമുദ്രത്തെയും, കരയെയും, ചൂടുപിടിപ്പിച്ചുവെന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. കാരണം മനുഷ്യൻ്റെ പ്രവർത്തനം, പ്രധാനമായും ഫോസിൽ ഇന്ധനങ്ങളായ കൽക്കരി, എണ്ണ, പ്രകൃതി വാതകം, മുതലായവയെ വേർതിരിച്ചെടുക്കുകയും, അവ കത്തിക്കുകയും ചെയ്യുന്നതുമൂലം, അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് വലിയ തോതിൽ വർദ്ധിപ്പിക്കുകയും വികിരണ അസന്തുലിതാവസ്ഥയ്ക്ക് കാരണമാക്കുകയും ചെയ്യുന്നു.

തുടർച്ചയായ ആഗോളതാപനംമൂലം ആഗോള ജലചക്രത്തിൻ്റെ വ്യതിയാനവും, അതുപോലെ ആഗോള മൺസൂൺ മഴ, നനവുള്ളതും വരണ്ടതുമായ സംഭവങ്ങളുടെ തീവ്രത എന്നിവയും, ഉഷ്‌ണ തരംഗങ്ങൾ, കനത്ത മഴ, വരൾച്ച, ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ, എന്നിങ്ങനെയുള്ള തീവ്രതകളിലുണ്ടാകുന്ന മാറ്റങ്ങളും, കൂടാതെ സമുദ്രങ്ങളിൽ ഉണ്ടാകുന്ന വലിയ ബാഷ്പീകരണത്തിലൂടെ കൂടുതൽ താപം നഷ്ടപ്പെടുകയും, അന്തരീക്ഷത്തെയും, ഭൂഖണ്ഡങ്ങളെയും ചൂടാക്കുന്നതുമൂലം, ഐസ് ഉരുകുകയും, മഞ്ഞുപാളികൾ ഉരുകുകയും ചെയ്യുന്നു. ഇത്തരം വ്യതിയാനങ്ങൾ ആളുകളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുകയും ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം, വ്യവസ്ഥാപരമായ അപകടസാധ്യതയാണ് മുന്നറിയിപ്പ് നൽകുന്നത്.

ബാഹ്യമായ ഊർജ്ജത്തിൻ്റെ അസന്തുലിതാവസ്ഥകൊണ്ട് ഇപ്പോൾ കാലാവസ്ഥയ്ക്ക് വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. അതായത് ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രതയിലെ മാറ്റങ്ങൾ, സൗര പ്രകാശം, അഗ്നിപർവ്വത സ്ഫോടനങ്ങൾ, സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിലെ വ്യതിയാനങ്ങൾ, എന്നിവയെല്ലാം ബാഹ്യ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങളിലെ അപകടസാധ്യതകൾ ലഘൂകരിക്കാനും, ഇവയെ നെറ്റ്-സീറോ ടാർഗെറ്റുകളിൽ എത്തിക്കാനും നമ്മൾ ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ എല്ലാം കൂടുതൽ വേഗത്തിലാക്കാൻ പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം കൂടി അനിവാര്യമാണ്.

കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന അപകടസാധ്യത എല്ലാ സമൂഹത്തെയും എല്ലാ കമ്പനികളെയും എല്ലാ വ്യക്തികളെയും ഒരുപോലെ ബാധിക്കുന്നു എന്നതിനാൽ ശുദ്ധ ഊർജ്ജത്തിലേക്കുള്ള മാറ്റത്തെക്കുറിച്ച് ലോക സാമ്പത്തിക ഫോറം അടിയന്തരമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഭാവിയിലെ ഒരു നിക്ഷേപം മാത്രമല്ല, പൊതുജനാരോഗ്യവും സാമ്പത്തിക നേട്ടങ്ങളും ഉടനടി കൊണ്ടുവരുകയും ചെയ്യുന്നു. അതുപോലെ ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുകയും, അവയെ അന്തരീക്ഷത്തിൽനിന്ന് നീക്കം ചെയ്യുകയും ചെയ്യുന്നതിലൂടെ, ഭാവിയിലെ താപനം കുറയ്ക്കാനാകും. കൂടാതെ മികച്ച തീരദേശ സംരക്ഷണം, ദുരന്തനിവാരണം, കൂടുതൽ പ്രതിരോധശേഷിയുള്ള വിളകളുടെ വികസനം, എന്നിവയിലൂടെയും കാര്യമായ മാറ്റങ്ങൾ വരുത്താൻ നമുക്ക് സാധിക്കും എന്നതിൽ സംശയമില്ല.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഭൂമിശാസ്ത്രപരമായി വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഇതിൽ വിജയിക്കുന്നവരും പരാജിതരും ഉണ്ടാകുമെങ്കിലും, ആഗോള സാമ്പത്തിക വളർച്ചയിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ മൊത്തത്തിലുള്ള സ്വാധീനം ദീർഘകാലാടിസ്ഥാനത്തിൽ പ്രതികൂലമായിരിക്കും. എന്നാൽ ചൂടിൻ്റെ വിവിധ തലങ്ങളിലുള്ള ആഘാതംമൂലം, രാഷ്ട്രീയ സാമ്പത്തിക, സംയോജനത്തിൻ്റെ ഭാഗമായി ഉണ്ടാകുന്ന അപകടസാധ്യത വ്യാപകമാകുകയും കുറഞ്ഞത് ഈ നൂറ്റാണ്ടിൻ്റെ മധ്യം വരെ ആഗോള ഉപരിതല താപനില വർദ്ധിക്കുന്നത് തുടരുകയും ചെയ്യുമെന്നതിനാൽ, ആഗോള സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക വളർച്ചയെ നാശത്തിലേക്ക് നയിക്കും.

ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും സ്വാധീനമുള്ളതും, ദീർഘകാല അപകടസാധ്യതയുള്ളതുമായ COVID-19 പാൻഡെമിക്കിൻ്റെ തുടർച്ചയായ ആഘാതം മൂലം ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകൾക്ക് ഭാവിയിലെ സാമ്പത്തിക അവസരങ്ങളും, പ്രതിരോധശേഷിയുള്ള ആഗോള സമൂഹത്തിൻ്റെ നേട്ടങ്ങളും, എല്ലാം നഷ്ടപ്പെടാനുള്ള സാധ്യതകൾ വളരെ പെട്ടെന്നുളളതും വിനാശകരവുമായിരിക്കും. അതുകൊണ്ടുതന്നെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക മൂല്യം നഷ്ടപ്പെടുകയും ജനസംഖ്യയിൽ കാര്യമായ കുറവുണ്ടാകുകയും ചെയ്യുമെങ്കിലും, 2050-ഓടെ, ലോകജനസംഖ്യ ഏകദേശം പന്ത്രണ്ട് ബില്യൺ ആളുകളായി വളരും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങളിലെ അപകടസാധ്യതകൾ ലഘൂകരിക്കാനും, അതുപോലെതന്നെ കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതിനോ, തടയുന്നതിനോ, അതിൻ്റെ ഫലമായുണ്ടാകുന്ന മാറ്റാനാകാത്ത പാരിസ്ഥിതിക നാശം ഒഴിവാക്കുന്നതിനോ, അല്ലെങ്കിൽ അടിയന്തിര നടപടികൾക്ക് ആവശ്യമായ ഒരു സാഹചര്യം ഒരുക്കുകയോ ചെയ്യുമ്പോൾ വലിയ തോതിൽ മരണങ്ങൾക്ക് കാരണമാകുന്ന ഭീഷണികളെ നേരിടാൻ നമുക്ക് സാധിക്കുകയും ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മെച്ചപ്പെടുത്താൻ കഴിയുകയും ചെയ്യും. അങ്ങനെ വരും തലമുറകൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ഭാവി കെട്ടിപ്പടുക്കാൻകൂടി കഴിയും എന്നതിൽ സംശയമില്ല.

അതുകൊണ്ട് നമ്മൾ കാര്യമായി ചിന്തിക്കുക പ്രവർത്തിക്കുക!

ഫിലിപ്പ് മാരേട്ട്

 

LEAVE A REPLY

Please enter your comment!
Please enter your name here