ഓസ്റ്റിന്‍: യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് മലയാള ഭാഷാപഠന വിഭാഗം സ്ഥിരപ്പെടുത്തുന്നതിനും കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കുമായി യൂണിവേഴ്‌സിറ്റി നേരിട്ട് നടത്തുന്ന 40 for Forty malayalam fundraising പ്രോഗ്രാം ഏപ്രില്‍ 6 ,7 തീയതികളോടെ സമാപിക്കും. മറ്റുള്ള പല ഭാഷകള്‍ക്കും ചില പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി എല്ലാവര്‍ഷവും യൂണിവേഴ്‌സിറ്റി ഇപ്രകാരം ഫണ്ട് ശേഖരണം നടത്താറുണ്ട്. ആദ്യമായാണ് മലയാളഭാഷയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി യൂണിവേഴ്‌സിറ്റി അവസരം ഒരുക്കിയിരിക്കുന്നത്.

ഈ ഫണ്ട് ശേഖരണത്തിലൂടെ ലഭിക്കുന്ന തുകയ്ക്ക് തുല്യമായ തുക യൂണിവേഴ്സിറ്റിയും നീക്കിവയ്ക്കും എന്നുള്ളതുകൊണ്ട് ഏപ്രില്‍ 6 ,7 തീയതികളില്‍ യൂണിവേഴ്‌സിറ്റി ഫണ്ടില്‍ എത്തുന്ന തുക മലയാളഭാഷ വിഭാഗത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ഈ ഡിപ്പാര്‍ട്‌മെന്റിലെ മറ്റ് ഭാഷകളായ ഹിന്ദിക്കും ഉറുദുവിനും സംസ്‌കൃതത്തിനും മറ്റും ലഭിക്കുന്ന പ്രവര്‍ത്തന ഫണ്ട് മലയാളത്തിനു വേണ്ടി ലഭിക്കുന്നില്ല. ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിക്കുന്ന പരിമിത ഫണ്ടില്‍ നിന്നുകൊണ്ടാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടത്തുന്നത്.

അടുത്ത കാലത്തായി യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ മലയാളം പഠിക്കുന്നതിന്റെ പ്രയോജനം മനസ്സിലാക്കി നേരിട്ടും ഓണ്‍ലൈന്‍ വഴിയായും നിരവധി വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരുന്നുണ്ട് . സ്റ്റുഡന്റ് ക്രെഡിറ്റ് എടുക്കുന്നതിനായി വരുന്ന കുട്ടികളില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം 15000 ഡോളര്‍ വരെ സ്‌കോളര്‍ഷിപ് നല്‍കി യൂണിവേഴ്‌സിറ്റി മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മറ്റു ഭാഷകള്‍ക്ക് പകരം ഫോറിന്‍ ലാംഗ്വേജ് ആയി മലയാള ഭാഷതെരഞ്ഞെടുക്കാനും പഠിക്കുവാനും കൂടുതല്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നതിന് മലയാളം ഇവിടെ സ്ഥിരപ്പെടുത്തേണ്ടത് മലയാളികളുടെ ആവശ്യമാണ്.

വരും തലമുറയെ മലയാളത്തോടൊപ്പം നടത്തുവാനുള്ള ഒരു വാതായനമാണ് ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ ഡോ. റോഡ്നി മോഗ് തുടങ്ങിവെച്ചത്. അദ്ദേഹത്തിന്റെ ശിഷ്യനും മലയാള ഭാഷാപ്രേമിയും ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടമെന്റ് ചെയര്‍ പേഴ്‌സണുമായ ഡോ. ഡൊണാള്‍ഡ് ഡേവിസ് 40 for Forty malayalam fundraising പ്രോഗ്രാമിന്റെ ആവശ്യകത വിശദീകരിക്കുകയും ഏപ്രില്‍ 6,7 തീയതി യുടെ പ്രാധാന്യം മലയാളികള്‍ മറക്കരുതെന്നും ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തി ഈ പദ്ധതി വിജയിപ്പിക്കണമെന്നും അംബാസിഡര്‍മാരുടെ മീറ്റിംഗില്‍ അദ്ദേഹം എടുത്തു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here