ജെയിംസ് കൂടല്‍

വ്യക്തിപൂജകളേയും ആരാധനയേയും ഷിറ്റ് വിളിച്ച് സ്‌റ്റൈലില്‍ നടന്നു നീങ്ങുന്ന സുരേഷ് ഗോപി കഥാപാത്രം. എത്രയോ സിനിമകളില്‍ അത് കണ്ട് ഞാനും നിങ്ങളും സുരേഷ് ഗോപിയ്ക്കായി കയ്യടിച്ചിരിക്കുന്നു. ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം. സുരേഷ് ഗോപി അങ്ങനെ ചലച്ചിത്രതാരത്തിനും അപ്പുറം നമുക്കൊരു ആവേശമായിരുന്നു. കാലമൊക്കെ മാറിയപ്പോള്‍ നായകന്‍ പലപ്പോഴും വില്ലനായി. ആ പ്രവര്‍ത്തികളൊക്കെ കണ്ട് നമ്മളില്‍ പലരും ‘ഷിറ്റ് ‘ വിളിച്ചു. കലികാലം എന്നല്ലാതെ എന്തു പറയാന്‍. വിഷുക്കൈനീട്ടത്തിന്റെ പേരില്‍ കാണിച്ചുകൂട്ടിയ മാടമ്പിത്തരത്തെ വിമര്‍ശിക്കാതെ വയ്യ.

കേന്ദ്രത്തിലാണല്ലോ പിടി, അതുകൊണ്ടാകാം കിട്ടാനില്ലാത്ത ഒരു രൂപ നോട്ടുകളുടെ കെട്ടുമായാണ് ആശാന്റെ നടത്തം. കാണുന്നവര്‍ക്കൊക്കെ വിഷുക്കൈനീട്ടവും സൗജന്യ പാദപൂജയ്ക്കുള്ള അവസരവും. വിഷുക്കൈനീട്ടം കൊടുക്കുന്നത് നല്ലത് തന്നെ. പക്ഷെ കൂടെ നടത്തിയ കലാപരിപാടി അത്ര ശരിയായില്ല സാറെ.

ഒരാളിനോട് നമുക്ക് ബഹുമാനവും ആദരവുമൊക്കെ തോന്നുമ്പോള്‍ ചിലപ്പോള്‍ പാദങ്ങളില്‍ തൊട്ട് നമസ്‌ക്കരിച്ചേക്കാം, ഭാരത സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണത്. മഹത്തായ ആ സംസ്‌കാരത്തെ പക്ഷെ മലിനപ്പെടുത്താന്‍ പാടില്ല.

സുരേഷ് ഗോപി എന്താണ് ചെയ്തത്? എന്തായിരുന്നു ആ ശരീരഭാഷ പറയാതെ പറഞ്ഞത്? പോയ് മറഞ്ഞ കാലത്തെ അനുസ്മരിപ്പിക്കും വിധം തമ്പുരാനായി പല്ലക്കില്‍ തന്നെ ഇരുന്നു. നിങ്ങളെന്റെ പാദ നമസ്‌കാരം ചെയ്‌തോളു എന്ന ഭാവത്തില്‍ ചമഞ്ഞിരുന്നു. എന്ത് സന്ദേശമാണിത് സമൂഹത്തിനു പകരുന്നത്? തൃശൂരില്‍ വീണ്ടുമൊരു അങ്കത്തിനിറങ്ങാനുള്ള എല്ലാ കളവും ആശാന്‍ ഒരുക്കുന്നുണ്ട്. അത് നിങ്ങളുടെ രാഷ്ട്രീയം. പക്ഷെ പാവം ജനങ്ങളെ അടിമകളായി കാണരുത്.

തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. നിഷ്‌കളങ്കര്‍ നിങ്ങളുടെ മാടമ്പിത്തരത്തിന് അടിമകളെ പോലെ കുട പിടിച്ചേക്കാം. പക്ഷേ, ഇതിനൊക്കെയെതിരെ പ്രതികരിക്കുന്ന, വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളുമുള്ള ഒരു സമൂഹം വളര്‍ന്നു വരുന്നുണ്ട്. അവര്‍ക്ക് മുന്നില്‍ നിങ്ങളും നിങ്ങളുടെ പ്രമാണിചമയലും ചൂളിപ്പോകുന്ന കാലം വിദൂരമല്ല

(ജെയിംസ് കൂടല്‍,  ചെയര്‍മാന്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ,യൂ എസ് എ )

 

LEAVE A REPLY

Please enter your comment!
Please enter your name here