പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് നിയമപരമായ സംരക്ഷണം നല്‍കുന്ന നിലവിലുള്ള റോ വി.വേഡ് നീക്കം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് യു.എസ് സുപ്രീം കോടതി നീങ്ങിയതോടെ രാജ്യത്താകമാനം ഇതിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുന്നു. ഇതിന്റെ ഭാഗമായി ടെക്‌സസ് ഹൂസ്റ്റണില്‍ നൂറുകണക്കിന് ഗര്‍ഭഛിദ്ര അനുകൂലികള്‍ നടത്തിയ പ്രകടനത്തിന് ടെക്‌സസ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ബെറ്റൊ ഓ റൂര്‍ക്കേ നേതൃത്വം നല്‍കി.

ശനിയാഴ്ച ഹൂസ്റ്റണ്‍ സൗത്ത് ടൗണ്‍ പാര്‍ക്കില്‍ തിങ്ങി നിറഞ്ഞ പ്രതിഷേധക്കാരെ ബെറ്റൊ അഭിസംബോധന ചെയ്തു. ഹൂസ്റ്റണില്‍ ഉണ്ടായിരുന്ന കനത്ത ചൂടിനെ അവഗണിച്ചാണ് പ്രകടനക്കാര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിന് പാര്‍ക്കില്‍ എത്തി ചേര്‍ന്നത്. ടെക്‌സസ് സംസ്ഥാനം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ ശക്തമായ ഗര്‍ഭഛിദ്ര നിരോധന നിയമം നടപ്പാക്കിയത് ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരുടെ മുക്തകണ്ഠ പ്രശംസക്ക് അര്‍ഹമായിരുന്നു.

എന്നാല്‍ അധികാരം ജനങ്ങളുടെ കൈകളിലാണെന്നത് അടുത്ത നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു ഇത് തെളിയിക്കണമെന്ന് ബെറ്റൊ അഭ്യര്‍ത്ഥിച്ചു സ്ത്രീകളുടെ വിവേചനപരമായ സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗര്‍ഭഛിദ്ര വിഷയം അടുത്ത മിഡ് ടെം തിരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ചെലുത്തുകയില്ലെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് എബട്ട് പ്രതികരിച്ചു. ടെക്‌സസില്‍ എന്നും റിപ്പബ്ലിക്കന്‍ തീരുമാനങ്ങളെ അംഗീകരിച്ച പാരമ്പര്യമാണുള്ളതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here