ഉപജീവനത്തിനായി മുംബെയിലെ തെരുവുകളില്‍ പൂക്കള്‍ വിറ്റു നടന്നിരുന്ന കാലത്തോട് വിട പറഞ്ഞ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് സരിത മാലി എന്ന യുവതി. 28കാരിയായ സരിതയുടെ ഏറ്റവും വലിയ സ്‌നപ്‌നമായിരുന്നു കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുകയെന്നത്. കഷ്ടപ്പാടുകളെ അതിജീവിച്ച് സ്വപ്‌നം സ്വന്തമാക്കിയിരിക്കുകയാണ് സരിതയിപ്പോള്‍.

ജെഎന്‍യുവിലെ ഇന്ത്യന്‍ ഭാഷാ കേന്ദ്രത്തില്‍ ഹിന്ദി സാഹിത്യത്തില്‍ പിഎച്ച്ഡി ചെയ്യുന്ന സരിത ജൂലൈയില്‍ പിഎച്ച്ഡി സമര്‍പ്പിക്കും. ജെഎന്‍യുവില്‍ നിന്ന് എംഎ, എംഫില്‍ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തെരുവുകളില്‍ അച്ഛനൊപ്പം പൂക്കള്‍ വില്‍ക്കാന്‍ പോകുമായിരുന്നുവെന്ന് സരിത പറയുന്നു.

കുടുംബത്തില്‍ എല്ലാവരും ഈ ജോലിയാണ് ചെയ്തിരുന്നത്. അച്ഛനും അമ്മയും മൂന്ന് സഹോദരങ്ങളുമാണ് വീട്ടിലുള്ളത്. ഇല്ലായ്മയുടെ കുട്ടിക്കാലത്ത് ബന്ധുക്കളിലാരോ ആണ് ജെഎന്‍യു എന്ന സ്വപ്‌നത്തെക്കുറിച്ച് സരിതയോട് പറഞ്ഞത്. ജെഎന്‍യുവില്‍ പഠിക്കുന്നവരൊക്കെ ആരെങ്കിലുമൊക്കെ ആയിത്തീരുമെന്ന് കേട്ടപ്പോള്‍ അന്നു മുതല്‍ അതൊരു സ്വപ്‌നമായി മനസ്സില്‍ സൂക്ഷിക്കുകയായിരുന്നു.

ഡിഗ്രി ആദ്യ വര്‍ഷം മുതല്‍ തന്നെ ജെഎന്‍യു പ്രവേശനത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ സ്വപ്‌നസാക്ഷാത്കാരമായി 2014ല്‍ മാസ്റ്റേഴ്‌സ് ഡിഗ്രി ചെയ്യുന്നതിന് ഒബിസി ക്വാട്ടയില്‍ പ്രവേശനം ലഭിച്ചു. ഇപ്പോഴിതാ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നതിനുള്ള അവസരവും സരിതയെ തേടിയെത്തിയിരിക്കുകയാണ്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here