പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യയില്‍ സമ്പന്നമായി വിളയുന്ന ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കയുടെ പ്രതിനിധി ലിന്‍ഡാ തോമസ് ഗ്രീന്‍ഫില്‍ഡ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. അമേരിക്കയുടെ നേതൃത്വത്തില്‍ മെയ് 17ന് വിളിച്ചുചേര്‍ത്ത സെക്യൂരിറ്റി കൗണ്‍സില്‍ ചര്‍ച്ച ചെയ്്ത ഫുഡ് സെക്യൂരിറ്റി വിഷയത്തില്‍ ഇന്ത്യന്‍ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ലിന്‍ഡ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

യുക്രെയിനില്‍ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഉണ്ടായ ഭക്ഷ്യക്ഷാമം എങ്ങനെ പരിഹരിക്കാമെന്നും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. ആഗോള വ്യാപകമായി റഷ്യയും, ഉക്രയ്‌നുമാണ് ആവശ്യമായ ഗോതമ്പിന്റെ 30 ശതമാനവും കയറ്റി അയക്കുന്നത്. യുദ്ധത്തിന്റെ വെളിച്ചത്തില്‍ ഈ കയറ്റുമതി താറുമാറായിരിക്കുന്നതിന് മറ്റു രാഷ്ട്രങ്ങളുടെ ഭക്ഷ്യസ്ഥിതിയെ കാര്യമായി ബാധിക്കും. അതുകൊണ്ടാണ് ഇന്ത്യയെ പോലുള്ള ഗോതമ്പ് കയറ്റി അയയ്ക്കുന്ന രാഷ്ട്രങ്ങള്‍ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെടുന്നതെന്നും ലിന്‍ഡ പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് കയറ്റി അയയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. യുദ്ധം ആരംഭിച്ചതിനുശേഷം ഗോതമ്പിന്റെ വില 60 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. മാത്രമല്ല 2022-2023 ല്‍ ഗോതമ്പിന്റെ ഉല്പാദനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കുറയുമെന്ന് യു.എസ്. അഗ്രി കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here