കോര ചെറിയാന്‍

ഫിലാഡല്‍ഫിയ, യു.എസ്.എ: കോവിഡ്-19 ന്റെ ഭീകര ആഗമനത്തെതുടര്‍ന്ന് അനേകായിരങ്ങള്‍ അന്ത്യശ്വാസം അതിവേദനയോടെ വലിച്ചു വിടവാങ്ങിയ ദുഃഖം പല മലയാളികളേയും ആത്മീകതയുടെ പരിവേഷത്തിലാക്കി. ആരാധനാലയങ്ങളും ആത്മീക മണ്ഡലങ്ങളും പതിവിലുമുപരി ജനനിബിഡമായി. ആചാര്യരേയും പൂജാരികളേയും പരിധിയില്ലാതെ പഴിച്ചവരും വേദവിപരീതരും മൗനതയില്‍ എത്തിയതായി അനുഭവപ്പെന്നു. വര്‍ഷങ്ങള്‍ നീണ്ട കൊറോണ വൈറസ് വ്യാപനത്തില്‍നിന്നും മരണഭീഷണിയില്‍നിന്നുമുള്ള അപായമറിയിപ്പ് സാവധാനം ശമിക്കുന്ന സാഹചര്യത്തിലുള്ള ചെറിയ വിഭാഗം മലയാളി മക്കളുടെ അടങ്ങാത്ത തിമിര്‍പ്പും അഹങ്കാരവും ആശ്ചര്യമായി തോന്നി. സാമ്പത്തിക ക്ലേശങ്ങളും ഇല്ലായ്മയും അനന്തമായി അനുഭവപ്പെടുമ്പോഴും പരിഹാസവും പരദൂഷണവും പരിധിയില്ലാതെ പറയുതില്‍ അശേഷം ജാള്യത പ്രകടമല്ല.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായുള്ള ഇന്‍ഡ്യന്‍ പര്യടനവേളയില്‍ അഭിമാനകരമായോ ആനന്ദകരമായോ ആശ്വാസകരമായോ ഉള്ള അനുഭവങ്ങള്‍ വളരെ വിരളമാണ്. എന്റെ കേരളം സാഹിത്യവും സംസ്‌കാരവും സാഹനുഭൂതിയും സല്‍ബുദ്ധിയും ഉരുവിട്ടു ഉറപ്പിച്ചു പ്രബുദ്ധതയിലേക്കും പ്രസക്തിയിലേക്കും പിടിച്ചുനടത്തിയ ഗ്രാമീണ നൈര്‍മ്മല്യത എവിടേയ്‌ക്കോ മറഞ്ഞിരിക്കുന്നു. കൊറോണവൈറസ് പകര്‍ച്ചവ്യാധി വ്യാപനവും മരണഭീതിയും സുദീര്‍ഘമായ ഏകാന്തതയും മലയാളി മനസ്സിനെ മരവിപ്പിച്ചിരിക്കുന്നു. അധികമായി പൊയ്മുഖങ്ങള്‍ മാത്രം.

പ്രകൃതിക്ഷോഭത്തിന്റെ കെടുതികള്‍ മൂലം മലയോര പ്രദേശങ്ങള്‍ മണ്ണിടിച്ചിലിലൂടെയും മദ്ധ്യകേരളം കൊടുങ്കാറ്റിന്റെ ശക്തിമൂലം വന്‍മരങ്ങള്‍ ചുവടറ്റു വീണു. മാര്‍ഗ്ഗ തടസ്സത്തിലൂടെയും കുട്ടനാടന്‍ പ്രദേശങ്ങള്‍ മഹാപ്രളയത്തിലൂടെയും ഉള്ള യാതനകള്‍ കാലംതോറും വര്‍ദ്ധിക്കുന്നു. മലയാളി സമൂഹത്തിലുള്ള ചിലരില്‍ സഹജീവികളോട് അശേഷം സഹതാപമോ സഹാനുഭൂതിയോ ഉള്ളതായി തോന്നിയില്ല. കേരളാതിര്‍ത്തിയിലുള്ള കോയമ്പത്തൂരിലോ, ശിവകാശിയിലോ, മംഗലാപുരത്തോ ഉള്ള ജനതയുടെ സല്‍ഗുണമോ സദാചാരമനസ്ഥിതിയോ കേരളവാസികളില്‍ ഉള്ളതായി സംശയിക്കുന്നു.

കേരളത്തിലെ എല്ലാ തെരുവുകളും പട്ടണങ്ങളും ജനസാന്ദ്രമാണ്. ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്താരത്തില്‍ ഇന്‍ഡ്യയില്‍ വ്യാപകമായി 464 ജനങ്ങള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ 859 മനുഷ്യജീവികള്‍ തിങ്ങിപ്പാര്‍ക്കുന്നു. കേരളത്തിലേക്കുള്ള കുടിയേറ്റം ശക്തമായി നിയന്ത്രിക്കുവാന്‍ കാലതാമസം നേരിട്ടാല്‍ യൂറോപ്യന്‍ രാജ്യമായ മൊണാകോപോലെ ഒരു ചതുരശ്ര കിലോമീറ്ററില്‍ 26,523 ഉം ചൈനയിലെ മാക്കാവുപോലെ 22,020 ഉം ആയി വര്‍ദ്ധിക്കുകയും അനിയന്ത്രിതമായി കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും.

കൊറോണ വൈറസ് താണ്ഡവ നൃത്തം ചെയ്യുമ്പോഴും പേരിനും പെരുമയ്ക്കുംവേണ്ടിയുള്ള ചില നേതാക്കളുടെയും മാന്യതയുടെ മുഖംമൂടി അണിഞ്ഞ കുലദ്രോഹികളുടെയും പടയോട്ടം പരിധിയില്ലാതെ തുടരുന്നു. ഇന്‍ഡ്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയുടെ മതനേതാവ് പെരുമയ്ക്കുവേണ്ടി സ്വന്തം മതവിഭാഗത്തില്‍പ്പെട്ട സ്ത്രീപീഢനത്തിന് പുറത്താക്കപ്പെട്ട നാല് പുരോഹിതരെ വീണ്ടെടുക്കുവാനുള്ള ഉദ്യമം അശേഷം ലജ്ജയില്ലാതെ തുടരുന്നു. ആത്മീകതയും മതതത്വങ്ങള്‍ക്കും ഉപരിയായി ശക്തിമത്തായ നിയമം നിലവിലുള്ള കേരള സര്‍ക്കാര്‍ മതത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പിന്‍ബലത്തിലുള്ള ദുഷ്പ്രചരണവും പ്രസ്ഥാവനകളും നിറുത്തല്‍ ചെയ്യണം.

വീണ്ടും അറിയപ്പെടാത്ത ശക്തി ഏറിയ വൈറസോ ബാക്ടീരിയായോ മൂലം പകര്‍ച്ച വ്യാധികള്‍ ഭൂമണ്ഡലത്തെ കയ്യടക്കി മനുഷ്യകുലത്തെ നിശേഷം നശിപ്പിക്കുവാനുള്ള സാദ്ധ്യതകളെക്കുറിച്ച് പലരും ചിന്തിയ്ക്കുവാന്‍ തുടങ്ങി. കേരളത്തിലും ലോകവ്യാപകമായും പൊതുവായ ഭീതിയിലും പരിഭ്രമത്തിലും ദിനരാത്രം തള്ളിനീക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here