അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു. ഇന്നലെയാണ് റെഡ് എയര്‍ ഫ്ളൈറ്റ് 203 എന്ന വിമാനം അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് വിമാനം തീപിടിക്കാന്‍ കാരണമായതെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചു. അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം.
അപകടസമയത്ത് 126 യാത്രക്കാരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. റെഡ് എയര്‍ എന്ന വിമാനകമ്പനിയുടെ പുത്തന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നും 2021 നവംബറിലാണ് വിമാനം പ്രവര്‍ത്തന ക്ഷമമായതെന്നും അധികൃതര്‍ അറിയിച്ചു.
വിമാനത്തിന് തീപിടിക്കുന്നതും ലാന്‍ഡ് ചെയ്തതിന് പിന്നാലെ യാത്രക്കാര്‍ പരിഭ്രാന്തരായി ഓടിയിറങ്ങുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. യാത്രക്കാരെ അതിവേഗം രക്ഷപ്പെടുത്തുന്നതിന്റെയും വീഡിയോകള്‍ ഇതിനൊപ്പം ഉണ്ട്. സമീപത്തുണ്ടായിരുന്ന വിമാനങ്ങളിലെ യാത്രക്കാരാണ് അപകട ദൃശ്യങ്ങള്‍ പകര്‍ത്തിയത്.